ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത മാനസികാരോഗ്യപ്രശ്നങ്ങള്‍ മൂലം വലയുന്ന ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി. നെതർലൻഡ്സ് സ്വദേശിയായ സൊറായ ടെർ ബീക് ആണ് വരുന്ന മേയില്‍ ദയാവധം സ്വീകരിക്കുന്നതെന്ന് ദി ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിഷാദരോഗം, ഓട്ടിസം, ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്നിവയോട് പൊരുതുകയായിരുന്നു സെറായ.
സൊറായയുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ദയാവധത്തിനുള്ള സാധ്യത തേടിയത്. ദയാവധം നിയമവിധേയമായിട്ടുള്ള രാജ്യം കൂടിയാണ് നെതർലന്റ്സ്. ഇതും ആരോഗ്യപ്രശ്നങ്ങള്‍ മൂലം സ്വയംമരണം തിരഞ്ഞെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
സൊറായയുടെ വാർത്ത പുറത്തുവന്നതോടെ ഭിന്നാഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ മാനസികാരോഗ്യപ്രശ്നങ്ങള്‍ക്കും ദയാവധം സ്വീകരിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുമെന്നാണ് പ്രധാന വിമർശനം. പണ്ടെല്ലാം ദയാവധത്തെ അവസാനത്തെ വഴി എന്ന നിലയിലാണ് ഡോക്ടർമാരും സൈക്യാട്രിസ്റ്റുകളും തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇന്ന് അതിനുള്ള സ്വീകാര്യത വർധിച്ചുവരികയാണെന്ന് നെതർലൻഡ്സിലെ തിയോളജിക്കല്‍ സർവകലാശാലയില്‍ നിന്നുള്ള സ്റ്റെഫ് ഗ്രോനിവുഡ് പറയുന്നു. മുമ്ബത്തെ അപേക്ഷിച്ച് ആരോഗ്യപ്രവർത്തകർ മാനസികാരോഗ്യപ്രശ്നങ്ങളുമായി എത്തുന്നവരെ എളുപ്പം കൈവെടിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
സൈക്യാട്രിസ്റ്റ് ആകണമെന്ന് ആഗ്രഹിച്ചിരുന്ന സൊറായ ജീവിതത്തിലുടനീളം മാനസികാരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നു. തനിക്കുവേണ്ടി കൂടുതലൊന്നും ഇനി ചെയ്യാൻ കഴിയില്ലെന്നും ഒരിക്കലും ഇതു ഭേദമാകാൻ പോകുന്നില്ലെന്നും ഡോക്ടർമാർ അറിയിച്ചതോടെയാണ് ദയാവധം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് സൊറായ പറഞ്ഞു. ഇത് ഭേദമാകുന്നില്ലെങ്കില്‍ ഇനി ഈയവസ്ഥയുമായി മുന്നോട്ടുപോകാനാവില്ലെന്ന് താൻ നേരത്തേ തീരുമാനിച്ചിരുന്നുവെന്നും സൊറായ പറഞ്ഞു.
ദയാവധം സ്വീകരിക്കുന്ന പ്രക്രിയയേക്കുറിച്ചും സൊറായ പറഞ്ഞിട്ടുണ്ട്. ഡോക്ടർ ഒരിക്കലും വന്നയുടൻ കിടക്കാൻ പറയുകയും ദയാവധം ആരംഭിക്കുകയും ചെയ്യില്ല. മറിച്ച് തന്നോട് തയ്യാറാണോ എന്നു ചോദിക്കും. വീണ്ടും തനിക്ക് ഈ തീരുമാനത്തിന് ഉറപ്പാണോ എന്നു ചോദിക്കും. തുടർന്ന് അവർ പ്രക്രിയ ആരംഭിക്കുകയും തനിക്ക് നല്ല യാത്ര ആശംസിക്കുകയും ചെയ്യും. തന്റെ കാര്യത്തില്‍ നല്ലൊരു ഉറക്കമായിരിക്കും ആശംസിക്കുക. കാരണം, സുരക്ഷിതമായ യാത്ര ആശംസിക്കുന്നത് തനിക്കിഷ്ടമല്ല, കാരണം താനെവിടെയും പോകുന്നില്ല- സൊറായ പറയുന്നു.
സൊറായയുടെ വീട്ടില്‍ വച്ചാണ് ദയാവധം നടത്തുന്നത്. ആദ്യം സെഡേഷനില്‍ ആക്കിയതിനുശേഷം ഹൃദയമിടിപ്പ് നില്‍ക്കാനുള്ള മരുന്ന് നല്‍കുകയാണ് ഡോക്ടർ ചെയ്യുക. സെറായയുടെ കാമുകനും ഈ സമയം ഒപ്പമുണ്ടായിരിക്കും. മരണാനന്തര ചടങ്ങുകള്‍ തനിക്കായി ചെയ്യരുതെന്നും സൊറായ കാമുകനെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി ഡ്രിസ് ഫൻ അഹ്തും ഭാര്യ യൂജീനിയും ദയാവധം സ്വീകരിച്ചിരുന്നു. ഇരുവർക്കും 93 വയസ്സായിരുന്നു. 2019-ലെ മസ്തിഷ്ക രക്തസ്രാവത്തില്‍ നിന്ന് അദ്ദേഹം പൂർണമുക്തനായിരുന്നില്ല. പരസ്പരം പിരിയാനാവാത്തതിനാലാണ് ഒരുമിച്ച് ദയാവധം സ്വീകരിക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.
2001-ലാണ് നെതർലൻഡ്സ് ദയാവധം നിയമവിധേമയാക്കുന്നത്. അസഹനീയമായ യാതന, രോഗമുക്തിക്ക് ഒട്ടുംസാധ്യതയില്ലാത്ത അവസ്ഥ തുടങ്ങിയ ആറുസാഹചര്യങ്ങളില്‍ ദയാമരണമാകാം എന്നാണു നിയമം. അവിടംതൊട്ട് ദയാവധങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 2022-ല്‍ രാജ്യത്തെ അഞ്ചുശതമാനം മരണങ്ങളും ദയാവധങ്ങളായിരുന്നു. ഡോക്ടർമാരുടെ സഹായത്തോടെ ദയാമരണം സാധ്യമാക്കിക്കൊടുക്കുന്ന സന്നദ്ധസംഘങ്ങളും നെതർലൻഡ്സിലുണ്ട്. ഒരുവർഷം 1000 നെതർലൻഡ്സുകാർക്ക് ദയാമരണം നടത്തിക്കൊടുക്കുന്നുണ്ടെന്ന് എക്സ്പെർടൈസ്സെൻട്രം യൂത്തനാസിയേ എന്ന സംഘടന പറയുന്നു.
പരസഹായത്തോടുകൂടിയ ആത്മഹത്യ പല രാജ്യങ്ങളും നിയമപരമായി അംഗീകരിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ജർമനി, ലക്സംബർഗ്, നെതർലൻഡ്സ്, ന്യൂസീലൻഡ്, സ്പെയിൻ, യുണൈറ്റ് സ്റ്റേറ്റസിന്റെ ചില ഭാഗങ്ങള്‍, ഓസ്ട്രേലിയയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ദയാവധത്തിന് അനുമതിയുണ്ട്. ഗുരുതര മനോരോഗികള്‍ക്ക് കൂടി ദയാവധം അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ് കാനഡ.