യുകെയില്‍ എനര്‍ജി ബില്ലുകളില്‍ രണ്ടു വര്‍ഷത്തെ കുറവ് വന്നു. നിലവില്‍ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എനര്‍ജി ബില്ലുകള്‍ എന്നത് ജീവിത ചിലവ് വര്‍ദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് തെല്ല് ആശ്വാസം പകരുന്നതായി. എന്നാല്‍ മറ്റ് മിക്ക മേഖലകളിലും ചിലവ് കുതിച്ചുയരുന്നതു മൂലം എനര്‍ജി ബില്ലുകളിലെ കുറവ് ജനങ്ങള്‍ക്ക് കാര്യമായി ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
റെഗുലേറ്റര്‍ ഓഫ്‌ജെമിന്റെ ഏറ്റവും പുതിയ വില പരിധി പ്രകാരം സാധാരണ അളവില്‍ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിന്റെ വാര്‍ഷിക ബില്‍ 238 പൗണ്ട് കുറഞ്ഞ് 1,690 ആകും . ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങള്‍ക്ക് വില കുറവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും വിതരണക്കാര്‍ക്ക് ഈടാക്കാന്‍ കഴിയുന്ന പരമാവധി തുകയാണ് വില പരിധിയായി നിശ്ചയിക്കുന്നത്.ഇത് മൊത്തം ബില്ലല്ല എന്നും അതിനാല്‍ കൂടുതല്‍ ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടതായി വരുമെന്നും വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
പുതുക്കിയ നിരക്ക് അനുസരിച്ച് ഗ്യാസിന്റെ വില ഇപ്പോള്‍ ഒരു കിലോവാട്ട് മണിക്കൂറിന് (kWh) 6p എന്ന നിരക്കിലും വൈദ്യുതി ഒരു kWh-ന് 24p ആയും ആണ് പരിധി നിശ്ചയിച്ചിരിക്കുന്നത് . 2022 ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഊര്‍ജ വില ഇപ്പോള്‍ . എങ്കിലും ഊര്‍ജ്ജ ബില്ലുകള്‍ മഹാമാരിക്ക് മുമ്പുള്ളതിലും കൂടിയ നിലയിലാണ്. ഒപ്പം ജീവിത ചെലവും കൂടുതലാണ്.