അബുദാബി: അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌കാലികമായി നിർത്തി വയ്ക്കുന്നു. യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങള്‍ പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ നറുക്കെടുപ്പ് താത്‌കാലികമായി പ്രവർത്തനം നിർത്തുന്നതായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്ബനി അറിയിച്ചു.
നേരത്തെ വിറ്റഴിച്ച 262 സീരീസിന്റെ നറുക്കെടുപ്പ് മുൻനിശ്ചയപ്രകാരം ഏപ്രില്‍ മൂന്നിന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് ആയ പത്ത് മില്യണ്‍ ദിർഹം (22,70,74,131.80 രൂപ) വിജയിക്ക് നല്‍കും. കൂടാതെ ടിക്കറ്റില്‍ പറയുന്ന മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും. മസരാറ്റി ഖിബിലി, റേഞ്ച് റോവർ എന്നീ കാറുകളുടെ നറുക്കെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് അധികൃതർ അറിയിക്കുന്നു. നേരത്തെ മേയ് മൂന്നിന് ഇവയുടെ നറുക്കെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
എല്ലാ മാസവും മൂന്നാം തീയതി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടത്തിയിരുന്നത്. കഴിഞ്ഞവർഷം 246,297,071 ദിർഹമിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തതായി ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ദുബായിലെ ഇന്ത്യൻ പ്രവാസിയായ മുഹമ്മദ് ഷെരീഫാണ് കഴിഞ്ഞ തവണത്തെ 15 മില്യണ്‍ ദിർഹത്തിന്റെ ജാക്ക് പോട്ടിന് അർഹനായത്. റെഗുലേറ്ററി നിയമങ്ങള്‍ ക്യത്യമായി പാലിക്കുമെന്നും നറുക്കെടുപ്പ് എന്ന് പുനരാരംഭിക്കുമെന്ന് വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്നും ബിഗ് ടിക്കറ്റ് വ്യക്തമാക്കി. പ്രവർത്തനങ്ങള്‍ പുനരാരംഭിച്ചുകഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബിഗ് ടിക്കറ്റ് അക്കൗണ്ടുകള്‍ വീണ്ടും ഉപയോഗിക്കാനാവുമെന്ന് അധികൃതർ പറഞ്ഞു.