യുകെയില്‍ രണ്ടു വയസ്സുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ശിശു സംരക്ഷണം നിലവില്‍ വരും. ഭര്‍ത്താവും ഭാര്യയും ജോലിക്ക് പോകുന്ന ഒട്ടേറെ മലയാളികള്‍ക്ക് അനുഗ്രഹപ്രദമായ പദ്ധതിയാണ് ഇത് . പദ്ധതി നടപ്പില്‍ വരുന്നതോടെ കൂടുതല്‍ മാതാപിതാക്കളെ ജോലിയില്‍ തിരികെയെത്തിക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജോലിയ്ക്കു പോകുന്ന മലയാളി ദമ്പതികള്‍ക്ക് ഇത് സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗജന്യ ശിശു സംരക്ഷണത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഇന്നലെ മാര്‍ച്ച് 31 ആയിരുന്നു. ഇതിന് സാധിക്കാതിരുന്നവര്‍ക്ക് ഇനി സെപ്റ്റംബര്‍ മാസം വരെ കാത്തിരിക്കേണ്ടതായി വരും. 2025 അവസാനം ആകുന്നതോടെ ഈ പദ്ധതി 5 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോഴും ഇതിന് വേണ്ട രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടി കാണിക്കുന്നത്.
2024 സെപ്റ്റംബര്‍ മാസം മുതല്‍ 9 മാസം പ്രായമുള്ള കുട്ടികള്‍ക്ക് 15 മണിക്കൂര്‍ സൗജന്യ ശിശു സംരക്ഷണത്തിന് അര്‍ഹതയുണ്ടാവും. മൂന്ന് നാല് വയസ്സുള്ള കുട്ടികള്‍ക്ക് 30 മണിക്കൂര്‍ സൗജന്യ ശിശു സംരക്ഷണം ഇതിനകം ലഭ്യമാണ്. ഈ ആനുകൂല്യം ലഭിക്കുന്നതിന് രക്ഷിതാക്കള്‍ പ്രതിവര്‍ഷം 8670 പൗണ്ട് കൂടുതല്‍ ശമ്പളമുള്ളവരായിരിക്കണം. അതുപോലെ മാതാപിതാക്കളുടെ പ്രതിവര്‍ഷ ശമ്പളം ഒരു ലക്ഷം പൗണ്ടില്‍ കുറവും ആയിരിക്കണം.