HomeIndiaഡോളറിനെതിരെ മൂക്കു കുത്തി വീണ് രൂപ; ഇന്നത്തെ വിലനിലവാരം ഒരു ഡോളറിന് 88.45 രൂപയിൽ;...

ഡോളറിനെതിരെ മൂക്കു കുത്തി വീണ് രൂപ; ഇന്നത്തെ വിലനിലവാരം ഒരു ഡോളറിന് 88.45 രൂപയിൽ; ഗോളടിച്ചത് വിദേശത്തുനിന്ന് പണം അയക്കുന്ന പ്രവാസികൾക്ക്

പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണ് വന്നിരിക്കുന്നത്. ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് ഇടിവില്‍. നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് ഇപ്പോള്‍ വലിയ ലാഭം കിട്ടും. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്നും വാര്‍ത്തകളുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും മൂല്യം കുറയുമെന്ന് കരുതി ചില പ്രവാസികള്‍ കാത്തിരിക്കാനും സാധ്യതയുണ്ട്.

അമേരിക്കയുമായുള്ള വ്യാപാരം പ്രതിസന്ധിയിലായതോടെയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ തുടങ്ങിയത്. ഡോളറിനെതിരെ 88.45 ആയി രൂപ വീണു. ഇത്രയും വലിയ ഇടിവ് രൂപ രേഖപ്പെടുത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇനിയും മൂല്യം ഇടിയുമെന്നാണ് വിവരം. പ്രവാസികള്‍ക്കുള്ള മറ്റൊരു മധുരം എന്താണ് എന്ന് പറയാം.

രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തരമായി വലിയ തിരിച്ചടിയാണ്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില കൂടും. പ്രവാസികളെ പോലെ നാട്ടിലുള്ളവര്‍ക്ക് അധിക കറന്‍സി മൂല്യം കിട്ടുകയുമില്ല. ജിഎസ്ടി വഴി ലഭിച്ച ഇളവ് മതിയായ നേട്ടം കൊയ്യാനാകാതെ പോകും. ഡോളര്‍ മൂല്യം കൂടുന്ന വേളയിലാണ് സാധാരണ രൂപ മൂല്യം താഴ്ന്നിരുന്നത്. നിലവില്‍ രൂപയും ഡോളറും മൂല്യം കുറയുകയാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഇന്ത്യയുടെ കയറ്റുമതി പ്രധാനമായും അമേരിക്കയിലേക്ക് ആയിരുന്നു. 50 ശതമാനമാക്കി ചുങ്കം ഉയര്‍ത്തിയതോടെ അമേരിക്കയിലേക്കുള്ള കയറ്റുമതി നടക്കാതെയായി. വ്യാപാര ചര്‍ച്ച അമേരിക്കയില്‍ നടന്നുവരികയാണ്. അടുത്ത മാസം ചില ധാരണകള്‍ക്ക് സാധ്യതയുണ്ട് എന്നാണ് വിവരം. എന്നാല്‍ അതുവരെ വലിയ പ്രതിസന്ധി നേരിടുമെന്ന് ഉറപ്പായിട്ടുണ്ട്.

രൂപ മൂല്യം ഇടിയാന്‍ കാരണം: കയറ്റുമതി കുറയുകയും ഇറക്കുമതി ഉയരുകയും ചെയ്താല്‍ വ്യാപാര കമ്മി വര്‍ധിക്കും. ഇതാണ് രൂപയുടെ മൂല്യം ഇടിയാന്‍ പ്രധാന കാരണം. തിങ്കളാഴ്ച രൂപയുടെ വിനിമയം 88.31 എന്ന നിരക്കിലായിരുന്നു. ഇന്ന് വ്യാപാരം തുടങ്ങിയ വേളയില്‍ 88.41 ആയി കുറഞ്ഞു. വൈകാതെ 88.45 ആയി. വ്യാപാരം തുടരുന്നതിനാല്‍ ഒരു പക്ഷേ ഇനിയും മാറ്റം വന്നേക്കും.

Latest Posts