കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടി പരിഷ്കാരങ്ങള്‍ നിലവില്‍ വരുന്നതോടെ വീട് നിർമ്മാണത്തിന് ചെലവാകുന്ന തുകയില്‍ ചതുരശ്ര മീറ്ററിന് 1000 രൂപവരെ കുറയുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ എല്ലാവർക്കും വീട് എന്ന ദൗത്യത്തിന് സഹായകരമാകുന്ന രീതിയിലാണ് ജി.എസ്.ടി പരിഷ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ജി.എസ്.ടി പരിഷ്കാരങ്ങള്‍ നടപ്പിലാകുന്നതോടെ റസിഡൻഷ്യല്‍, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണർവുണ്ടാകും എന്നാണ് ബില്‍ഡർമാരുടെ പ്രതീക്ഷ. നിർമ്മാണ ചെലവ് കുറയുന്നതോടെ ഈ മേഖലയില്‍ വീട് നിർമ്മാണവും നിക്ഷേപവും വർദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.
കെട്ടിട നിർമ്മാണത്തിലെ അവശ്യവസ്തുവായ സിമെന്റിന്റെ നികുതിയില്‍ കാര്യമായ കുറവുണ്ടായതാണ് ഏറ്റവും അനുകൂല ഘടകം. പുതിയ ജി.എസ്.ടി പ്രകാരം സിമന്റ്, റെഡിമിക്സ് കോണ്‍ക്രീറ്റ് എന്നിവയ്ക്ക് 18 ശതമാനമാണ് നിലവില്‍ ജി.എസ്.ടി. 10 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇഷ്ടികകള്‍, ടൈലുകള്‍, മണല്‍ എന്നിവയുടെ ജി.എസ്.ടി 18ല്‍ നിന്നും 5 ശതമാനമായി കുറഞ്ഞു. പെയിന്റുകള്‍ക്കും വാർണീഷുകള്‍ക്കും 18 ശതമാനമാണ് പുതുക്കിയ ജി,എസ്.ടി.
പ്രധാന നിർമ്മാണ സാമഗ്രികള്‍ക്ക് ജി.എസ്.ടി കുറയുന്നതിലൂടെ നിർമ്മാണ ചെലവ് 3 മുതല്‍ 5 ശതമാനം കുറഞ്ഞേക്കും. പുതിയ വീടുകള്‍ വാങ്ങുമ്ബോള്‍ ഇപ്പോഴത്തെ വിലയില്‍ നിന്ന് 1 -1.5 ശതമാനം വരെ വില കുറയാനാണ് സാദ്ധ്യത. അതേസമയം ലക്ഷ്വറി, പ്രീമിയം പ്രോപ്പർട്ടികളുടെ വിലയില്‍ നിർമ്മാണ സാമഗ്രികളുടെ വിലയില്‍ ഉണ്ടാകുന്ന കുറവ് പ്രതിഫലിക്കില്ലെന്നും റിപ്പോർട്ടുണ്ട്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.


