തുടങ്ങിവെച്ച പദ്ധതികളെല്ലാം വലിയ വിജയമാക്കിയ ചരിത്രമാണ് ലുലു ഗ്രൂപ്പിനുള്ളത്. ഏത് നാട്ടില്‍ പുതിയ സ്ഥാപനം തുടങ്ങിയിട്ടുണ്ടോ അവിടെയെല്ലാം തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ലുലുവിന് സാധിച്ചിട്ടുണ്ട്.എന്നാല്‍ ഒന്ന് രണ്ട് രാജ്യങ്ങളിലെ റീടെയില്‍ മേഖലയില്‍ നിന്നും ലുലുവിന് അപ്രതീക്ഷിത തിരിച്ചടി നേരിടുന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മലേഷ്യയിലാണ് ലുലു ഗ്രൂപ്പിന് ഹൈപ്പർമാർക്കറ്റ് പ്രവർത്തനങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലെ തങ്ങളുടെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ലുലു മലേഷ്യയില്‍ പുതിയ സ്റ്റോറുകള്‍ തുറന്നത്. എന്നാല്‍ രാജ്യത്തെ പ്രവർത്തനങ്ങള്‍ പൂർണ്ണമായി അവസാനിപ്പിച്ചിരിക്കുന്നുവെന്നാണ് ലുലു ഗ്രൂപ്പ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഹൈപ്പർമാർക്കറ്റ് പ്രവർത്തനങ്ങള്‍ അവസാനിപ്പിച്ചെങ്കിലും രാജ്യത്തെ മൊത്തവ്യാപാര വിഭാഗം തുടർന്നും പ്രവർത്തിക്കുമെന്ന് കമ്ബനി വ്യക്തമാക്കി. “ഞങ്ങളുടെ റീട്ടെയില്‍ വിഭാഗം അടച്ചുപൂട്ടി, പക്ഷേ മൊത്തവ്യാപാര വിഭാഗം പ്രവർത്തനം തുടരും,”ലുലു ഗ്രൂപ്പിന്റെ മലേഷ്യൻ ഓപ്പറേഷൻസ് വക്താവിനെ ഉദ്ധരിച്ച് ദ എഡ്ജ് റിപ്പോർട്ട് ചെയ്യുന്നു.
ജൂണ്‍ 9-ന് തന്നെ ഫലപ്രദമായി പ്രവർത്തനം അവസാനിപ്പിച്ചതായുള്ള നോട്ടീസ് കോലാലമ്ബൂരിലെ ക്യാപ്‌സ്‌ക്വയറില്‍ സ്ഥിതി ചെയ്തിരുന്ന ലുലുവിന്റെ മലേഷ്യയിലെ ആദ്യ ഔട്ട്‌ലെറ്റിന്റെ വാതിലില്‍ പതിച്ചിരുന്നു. അടച്ചുപൂട്ടലിന്റെ ഭാഗമായി ഈ വർഷം ആദ്യം മുതല്‍ ലുലു മലേഷ്യയിലെ ഔട്ട്‌ലെറ്റുകളില്‍ വിവിധ പ്രമോഷനുകളും ക്ലിയറൻസ് വില്‍പ്പനകളും നടത്തിയിരുന്നു.
2016-ലാണ് മലേഷ്യൻ റീട്ടെയില്‍ മാർക്കറ്റിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ കടന്നുവരവ്. ആദ്യ ഔട്ട്‌ലെറ്റ് കോലാലമ്ബൂരിലെ ക്യാപ്‌സ്‌ക്വയറില്‍ തുറന്നതിനോടൊപ്പം അഞ്ച് വർഷത്തിനുള്ളില്‍ രാജ്യത്ത് പുതിയ 10 ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനായി 1.3 ബില്യണ്‍ റിംഗിറ്റ് (ഏകദേശം 300 മില്യണ്‍ യുഎസ് ഡോളർ) നിക്ഷേപിക്കുമെന്ന് കമ്ബനി വ്യക്തമാക്കി. എന്നാല്‍ ജോഹോർ ബാഹ്രുവിലെ പുതിയ സ്റ്റോർ അടക്കം മലേഷ്യയില്‍ ആകെ ആറ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ മാത്രമായിരുന്നു കമ്ബനിക്കുണ്ടായിരുന്നത്.
കോട്ട ഭാരു, ഷാ ആലം, ബാംഗി, ഐപോ, മലാക്ക, പെനാംഗ്, ക്വാലാ തെരെംഗാനു തുടങ്ങിയ സ്ഥലങ്ങളിലും പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ലുലു ആഗ്രഹിച്ചിരുന്നെങ്കിലും പദ്ധതികള്‍ പൂർത്തീകരിക്കാന്‍ സാധിച്ചില്ല. മലേഷ്യയിലെ ഹൈപ്പർമാർക്കറ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ലുലു ഗ്രൂപ്പിനെ പ്രേരിപ്പിച്ച കാരണങ്ങള്‍ കൃത്യമായി വ്യക്തമല്ലെങ്കിലും തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റ് ലൊക്കേഷനുകളിലെ കുറഞ്ഞ ഉപഭോക്തൃ സാന്നിധ്യവും മത്സരാധിഷ്ഠിത വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതുമാണ് പ്രധാന കാരണങ്ങളെന്നാണ് റീട്ടെയില്‍ വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉദാഹരണത്തിന്, ക്ലാംഗ് വാലിയിലെ ജാകെല്‍ കെഎല്‍, അമേരിൻ മാള്‍, 1 ഷമേലിൻ മാള്‍ തുടങ്ങിയ ആളുകളെ വളരെ കുറഞ്ഞ തോതില്‍ വരുന്ന മാളുകളിലായിരുന്നു ലുലു സ്റ്റോറുകള്‍ തുറന്നത്.
മലേഷ്യയ്ക്ക് പുറമേ, ഇന്തോനേഷ്യയിലെ ലുലു ഗ്രൂപ്പിന്റെ ഒരു ഔട്ട്‌ലെറ്റും അടച്ചുപൂട്ടിയിട്ടുണ്ട്. ബിസ്‌നിസ് ഇന്തോനേഷ്യ, ടെമ്ബോ എന്നിവ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ബന്റൻ പ്രവിശ്യയിലെ ക്യുബിഗ് ബിഎസ്ഡി സിറ്റി ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവർത്തിച്ചിരുന്ന ലുലു ഹൈപ്പർമാർക്കറ്റാണ് ഏപ്രില്‍ അവസാനത്തോടെ അടച്ചുപൂട്ടി. ഈ ഔട്ട്‌ലെറ്റിന്റെ അടച്ചുപൂട്ടലിന് മുന്നോടിയായി ക്ലിയറൻസ്, ഡിസ്കൗണ്ട് പ്രോഗ്രാമുകളും ലുലു ഗ്രൂപ്പ് സംഘടിപ്പിച്ചിരുന്നു.
അതേസമയം, ജി സി സി രാജ്യങ്ങളിലേയും ഇന്ത്യയിലേയും പ്രവർത്തനങ്ങള്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശക്തമാക്കുകയാണ്. ജി സി സി രാജ്യങ്ങളിലും ഏഷ്യയിലെ മറ്റ് പ്രദേശങ്ങളിലുമായി 259 ഔട്ട്‌ലെറ്റുകളാണ് ലുലു ഹൈപ്പർമാർക്കറ്റിനുള്ളത്. ഇന്ത്യയില്‍, കൊച്ചി, ബെംഗളൂരു, ലക്നൗ, കോയമ്ബത്തൂർ, തിരുവനന്തപുരം, പാലക്കാട്, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് മാളുകളുള്ളത്. ഇതിന് പുറമെ അഹമ്മദാബാദില്‍ അടക്കം വലിയ മാളുകള്‍ ലുലു പണിതുകൊണ്ടിരിക്കുന്നുണ്ട്.