HomeIndiaആന്ധ്രയിൽ 4000 കോടി നിക്ഷേപത്തിനൊരുങ്ങി കിറ്റക്സ് ഗ്രൂപ്പ്; സാബു ജേക്കബ് ചന്ദ്രബാബു നായിഡുവിനെ നേരിൽ...

ആന്ധ്രയിൽ 4000 കോടി നിക്ഷേപത്തിനൊരുങ്ങി കിറ്റക്സ് ഗ്രൂപ്പ്; സാബു ജേക്കബ് ചന്ദ്രബാബു നായിഡുവിനെ നേരിൽ കാണും: വിശദാംശങ്ങൾ വായിക്കാം

കേരളം ആസ്ഥാനമായുള്ള പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്ബനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (Kitex) ആന്ധ്രാപ്രദേശില്‍ ഏകദേശം 4,000 കോടി രൂപ നിക്ഷേപിക്കും.ആന്ധ്രാപ്രദേശിലെ കൈത്തറി, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി എസ് സവിത അടുത്തിടെ കേരളത്തിലെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ആസ്ഥാനം സന്ദര്‍ശിച്ച വേളയിലാണ് ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നത്.

ആന്ധ്രയിലെ സഖ്യ സര്‍ക്കാര്‍ ടെക്‌സ്‌റ്റൈല്‍ മേഖലയുടെ വികസനത്തിന് മുന്‍ഗണന നല്‍കുന്നുണ്ടെന്നും അടുത്തിടെ ഒരു പുതിയ ടെക്‌സ്‌റ്റൈല്‍സ് നയം പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി എസ് സവിത പറഞ്ഞു. മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയതായും അവര്‍ ആന്ധ്രയില്‍ നിക്ഷേപം നടത്താന്‍ താത്പര്യം അറിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ ഇതിനകം 3,600 കോടി രൂപയാണ് കിറ്റെക്‌സ് നിക്ഷേപിച്ചത്.

ബംഗളൂരു വിമാനത്താവളം, കൃഷ്ണപട്ടണം തുറമുഖം, റെയില്‍വേ കണക്റ്റിവിറ്റി എന്നിവയുടെ സാമീപ്യം കാരണം ശ്രീ സത്യസായി ജില്ലയില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും സവിത ചൂണ്ടിക്കാട്ടി. വന്‍തോതില്‍ പരുത്തി ഉത്പാദിപ്പിക്കുന്ന കര്‍ണൂല്‍ ജില്ലയ്ക്ക് അസംസ്‌കൃത വസ്തുക്കളുടെ വിശ്വസനീയമായ ഉറവിടമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

കമ്ബനി മാനേജ്‌മെന്റ് ഉടന്‍ തന്നെ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനെ കണ്ട് നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആന്ധ്ര സര്‍ക്കാര്‍ കമ്ബനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അവര്‍ സ്ഥിരീകരിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി, കിറ്റെക്‌സ് എംഡി സാബു ജേക്കബിനൊപ്പം മന്ത്രി കമ്ബനിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Latest Posts