മിനിമം ബാലൻസ് തുക ഉയർത്താനുള്ള നീക്കത്തില്‍ യുഎഇയിലെ ബാങ്കുകള്‍. 3000 ദിർഹത്തില്‍ (69,925.80 രൂപ) നിന്ന് 5000 ദിർഹം (1,16,543.00 രൂപ) ആയി ഉയർത്താനാണ് നീക്കം.സെൻട്രല്‍ ബാങ്കിന്റെ വ്യക്തിഗത വായ്‌പാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. പുതിയ നിയമം ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ നയപ്രകാരം അക്കൗണ്ടില്‍ 5000 ദിർഹം മിനിമം ബാലൻസ് ഇല്ലാത്തവർക്ക് പ്രതിമാസം 25 ദിർഹം ഫീസ് നല്‍കേണ്ടിവരും. ക്രെഡിറ്റ് കാർഡോ ബാങ്കുമായി വ്യക്തിഗത പണമിടപാടോ ഇല്ലാത്തവരില്‍ നിന്നാണ് അധികഫീസ് ഈടാക്കുന്നത്. അതേസമയം, 20,000 ദിർഹമോ അതില്‍ കൂടുതലോ ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കള്‍ക്ക് അധിക ഫീസ് ഒഴിവാക്കും. 15,000 ദിർഹമോ അതില്‍ കൂടുതലോ പ്രതിമാസ ശമ്ബള ട്രാൻസ്ഫർ ഉള്ളവർക്കും ഫീസ് ഒഴിവാക്കുന്നതായിരിക്കും.
ക്രെഡിറ്റ് കാർഡ്, ഓവർഡ്രാഫ്റ്റ് സൗകര്യം, വായ്പ എന്നിവയില്ലാതെ 5000 ദിർഹത്തിനും 14,999 ദിർഹത്തിനും ഇടയില്‍ പ്രതിമാസ ശമ്ബളകൈമാറ്റം നടത്തുന്ന ഉപഭോക്താക്കള്‍, 5000 ദിർഹത്തില്‍ താഴെ ശമ്ബള കൈമാറ്റം നടത്തുന്നവർ എന്നിവരില്‍ നിന്നും 25 ദിർഹം ഫീസ് ചുമത്തും. മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ പെടാത്ത എല്ലാ ബാങ്ക് ഉപഭോക്താക്കളും 100 ദിർഹം അല്ലെങ്കില്‍ 105 ദിർഹം ഫീസ് നല്‍കേണ്ടതായി വരുമെന്നും അധികൃതർ വ്യക്തമാക്കി. ബാങ്കുകളുടെ പുതിയ നയം കുറഞ്ഞ ശമ്ബളത്തില്‍ ജോലി ചെയ്യുന്നവരെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്ബത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു. അക്കൗണ്ടില്‍ മിനിമം ബാലൻസ് കണ്ടെത്തുന്നതിനായി സ്വന്തം ചെലവുകളും നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണവും കുറയ്ക്കേണ്ടതായി വരും. അല്ലെങ്കില്‍ ഇത്തരം തൊഴിലാളികള്‍ ക്രെഡിറ്റ് കാർഡുകളോ ലോണുകളോ എടുക്കേണ്ടതായി വരുമെന്നും സാമ്ബത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.


