സാമ്ബത്തിക ആസൂത്രണത്തില്‍ ഏറെ നിർണായകമായ ഘടകമാണ് വിരമിക്കല്‍ ഫണ്ട്. എന്നാല്‍ ആളുകള്‍ ഇപ്പോഴും റിട്ടയർമെന്റ് ആസൂത്രണത്തിന് നല്‍കുന്ന പ്രാധാന്യം വളരെ ചെറുതാണ്.പലപ്പോഴും അവഗണിക്കുക പോലും ചെയ്യുന്നു. സർവ്വേകള്‍ പറയുന്നത് ഇപ്പോഴും ഇന്ത്യയില്‍ 70 ശതമാനത്തിലധികം ആളുകളും ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പരമ്ബരാഗത സ്വത്തിനെയും മക്കളെ അല്ലെങ്കില്‍ ബന്ധുക്കളെ ആശ്രയിച്ചു കഴിയുന്നുവെന്നാണ്.
ഈ സ്ഥിതി മാറേണ്ടതുണ്ട്.ജോലിയില്‍ നിന്നുള്ള വരുമാനം നിലച്ചാലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെയും ആശ്രയിക്കാതെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ റിട്ടയർമെന്റ് ആസൂത്രണം പ്രധാനമാണ്.
നിങ്ങള്‍ സമ്ബദിച്ചു തുടങ്ങിയതെ ഉള്ളുവെങ്കിലും റിട്ടയർമെന്റിലേക്ക് അടുക്കാറായി എങ്കിലും റിട്ടയർമെന്റ് ആസൂത്രണം പ്രധാനമാണ്. സുരക്ഷിതമായ ഒരു സാമ്ബത്തിക ഭാവി കെട്ടിപ്പടുക്കുന്നതിന് ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം എപ്പോഴും നിർണ്ണായകമാണ്. വൈകി പോയാലും അതിലേക്ക് കടക്കുന്നത് ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. വിരമിച്ച ശേഷവും നിങ്ങളുടെ ജീവിതശൈലി നിലനിർത്താനും ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാനും സാമ്ബത്തിക സമ്മർദ്ദമില്ലാതെ മനസ്സമാധാനം ആസ്വദിക്കാനും കഴിയുമെന്ന് ഇത് ഉറപ്പാക്കും.
പരമാവധി നേരത്തെ റിട്ടയർമെന്റ് ഫണ്ടിലേക്ക് നിക്ഷേപം ആരംഭിക്കുന്നത് പരമാവധി നേട്ടം സ്വന്തമാക്കാൻ അനുവദിക്കും. ഇതിന് പല തരത്തിലുള്ള നിക്ഷേപ ഫണ്ടുകള്‍ തിരഞ്ഞെടുക്കാൻ നമുക്ക് സാധിക്കും. ദീർഘകാലത്തേക്കുള്ള നിക്ഷേപത്തില്‍ നിന്ന് പരമാവധി റിട്ടേണ്‍സ് നല്‍കുന്ന എസ്‌ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ മുതല്‍ സർക്കാർ ഉറപ്പില്‍ ഉറപ്പായ വരുമാനം നേടാൻ സാധിക്കുന്ന ഇപിഎഫ് അഥവ എംപ്ലോയി പ്രൊവിഡന്റ് ഫണ്ടു വരെ നിങ്ങള്‍ക്ക് റിട്ടയർമെന്റ് സമ്ബാദ്യം കെട്ടിപ്പടുക്കാൻ പ്രയോജനപ്പെടുത്താവുന്നതാണ്.
വരുമാനം, ജീവിതചെലവ്, സാമ്ബത്തിക ലക്ഷ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ശരിയായ രീതി തിരഞ്ഞെടുക്കാം. ഇത്തരത്തില്‍ റിട്ടയർമെന്റ് ആസൂത്രണം നടത്തുമ്ബോള്‍ പരിഗണിക്കേണ്ട ഏഴ് കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ വിശദമായി ചർച്ച ചെയ്യുന്നത്.
1. നേരത്തെ ആരംഭിക്കുക സ്ഥിരമായി നിക്ഷേപിക്കുക
നിങ്ങള്‍ക്ക് എത്രത്തോളം നേരത്തെ നിക്ഷേപം ആരംഭിക്കാൻ സാധിക്കുമോ അത്രത്തോളം റിട്ടേണ്‍സ് അല്ലെങ്കില്‍ പ്രയോജനം നേടാൻ സാധിക്കുന്നതാണ് ഏതൊരു നിക്ഷേപ രീതിയും. പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻ പോലെയുള്ള രീതികള്‍. അത് കോമ്ബൗണ്ടിംഗിന്റെ ശക്തിയിലൂടെ നിങ്ങളുടെ പണം വളരാൻ അവസരം നല്‍കുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യല്‍ എഡ്യൂക്കേഷൻ ബുക്ക്ലെറ്റ് അനുസരിച്ച്, 60 വയസ്സില്‍ വിരമിക്കല്‍ ലക്ഷ്യത്തോടെ 25 വയസ്സില്‍ സമ്ബാദ്യം ആരംഭിക്കുന്നത് 35 വർഷത്തെ നിക്ഷേപ ചക്രവാളം നല്‍കുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), മ്യൂച്വല്‍ ഫണ്ട്, നാഷണല്‍ പെൻഷൻ സിസ്റ്റം (എൻപിഎസ്) പോലുള്ള ഉപകരണങ്ങളില്‍ മിതമായതും പതിവായതുമായ നിക്ഷേപങ്ങള്‍ പോലും കാലക്രമേണ ഗണ്യമായ വരുമാനം നേടാൻ ഈ വിപുലീകൃത കാലയളവ് നിക്ഷേപകരെ പ്രാപ്തമാക്കുന്നു.
2. നിങ്ങളുടെ റിട്ടയർമെന്റ് സമ്ബാദ്യം എത്ര രൂപയായിരിക്കണമെന്ന് കണക്കാക്കുക
വിരമിച്ചതിന് ശേഷം നിങ്ങള്‍ക്ക് എത്ര രൂപ റിട്ടയർമെന്റ് സമ്ബാദ്യം ആവശ്യമായി വരുന്നുവെന്ന് കൃത്യമായി കണക്കാക്കുക. ഇത് റിട്ടയർമെന്റ് ആസൂത്രത്തിലെ ഒഴിച്ചുകൂടാനാകത്ത ഘടകമാണ്. അതിനായി നിങ്ങളുടെ ദൈനംദിന ചെലവുകള്‍, പ്രതീക്ഷിക്കുന്ന മറ്റു ചെലവുകള്‍, പണപ്പെരുപ്പം തുടങ്ങിയ മാനദണ്ഡങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. വിരമിക്കല്‍ സമയത്തുള്ള നിങ്ങളുടെ വാർഷിക ചെലവുകളുടെ 20 മുതല്‍ 25 മടങ്ങ് വിരമിക്കല്‍ സമ്ബാദ്യമായി ലക്ഷ്യമിടുന്നത് പൊതുവായ നിയമമാണ്. ആശ്രിതർ, അപ്രതീക്ഷിത ചെലവുകള്‍ എന്നിവയും പരിഗണിക്കേണ്ടതുണ്ട്.
3. പണപ്പെരുപ്പവും ആരോഗ്യ സംരക്ഷണ ചെലവുകള്‍
നിങ്ങളുടെ സമ്ബാദ്യത്തിന്റെ മൂല്യം നിർണ്ണയിക്കുന്നതില്‍ പണപ്പെരുപ്പം പ്രധാന പങ്കു വഹിക്കുന്നു. ഇപ്പോള്‍ ഒരാള്‍ക്ക് ലഭിക്കുന്ന 50,000 രൂപ പ്രതിമാസ പെൻഷനായിരിക്കില്ല പത്തോ ഇരുപതോ വർഷങ്ങള്‍ക്കു ശേഷം ഒരാള്‍ക്ക് വേണ്ടി വരിക. പ്രകാരം, കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ ശരാശരി പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തിനും 6 ശതമാനത്തിനും ഇടയിലാണ്. രാജ്യത്തെ ആരോഗ്യ രംഗത്തെ ചെലവുകളും അതിവേഗം വർധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വിരമിക്കല്‍ ജീവിതത്തില്‍ ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതിനാല്‍ ആരോഗ്യ സംരക്ഷണ പണപ്പെരുപ്പം വർധിക്കുന്നതും നിങ്ങളുടെ റിട്ടയർമെന്റ് ആസൂത്രണത്തെ സ്വാധീനിക്കുന്നു. ആരോഗ്യ സംരക്ഷണ പണപ്പെരുപ്പം നിലവില്‍ പ്രതിവർഷം 14 ശതമാനം ആണ്.
4. നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുക
സാമ്ബത്തിക വിദഗ്ധർ എപ്പോഴും മുന്നോട്ടു വെക്കുന്ന നിക്ഷേപ ടിപ്പുകളിലൊന്നാണ് നിക്ഷേപ പോർട്ട്ഫോളിയോയിലെ വൈവിധ്യവല്‍ക്കരണം. നിങ്ങളുടെ എല്ലാ മുട്ടകളും ഒരു കൊട്ടയില്‍ ഇടരുത്. ഇക്വിറ്റി, ഡെറ്റ്, സർക്കാർ പിന്തുണയുള്ള പദ്ധതികള്‍ എന്നിവയിലായി നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുന്നത് വളർച്ചയും സ്ഥിരതയും ഉറപ്പാക്കുന്നു. യുവ നിക്ഷേപകർ ഇക്വിറ്റികളിലേക്ക് കൂടുതല്‍ ചായാൻ സാധ്യതയുണ്ട്, അതേസമയം പഴയ നിക്ഷേപകർ സീനിയർ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അല്ലെങ്കില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള സുരക്ഷിതമായ നിക്ഷേപ ഉപകരണങ്ങളിലേക്ക് മാറണം.
5. തൊഴിലുടമ വാഗ്ദാനം ചെയ്യുന്ന വിരമിക്കല്‍ ആനുകൂല്യങ്ങള്‍ പരിഗണിക്കുക
രാജ്യത്തെ തൊഴില്‍ നിയമങ്ങളനുസരിച്ച് തൊഴിലുടമ തന്റെ ജീവനക്കാർക്കായി ഉറപ്പായും നല്‍കിയിരിക്കേണ്ട അല്ലെങ്കില്‍ വാഗ്ദാനം ചെയ്തിരിക്കേണ്ട ആനുകൂല്യങ്ങളുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, സൂപ്പർആനുവേഷൻ എന്നിവയാണ് ഇതില്‍ പ്രാധാനം. ഇത്തരത്തിലുള്ള ആനുകൂല്യങ്ങളിലേക്കുള്ള തൊഴിലുടമയുടെ സംഭാവനകള്‍ മനസ്സിലാക്കുകയും കണക്കിലെടുക്കുകയും ചെയ്യുക. ഇപിഎഫ്‌ഒ ഡാറ്റ അനുസരിച്ച്, ഇപിഎഫ് 8.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു (2023-24 സാമ്ബത്തിക വർഷം). നിങ്ങള്‍ ജോലി മാറുകയാണെങ്കില്‍, കോമ്ബൗണ്ടിംഗ് ആനുകൂല്യം നിലനിർത്താൻ നിങ്ങളുടെ പിഎഫ് തുക കൈമാറ്റം ചെയ്യാനും പിൻവലിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇത്തരം ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങാനും തൊഴിലിടം മാറുമ്ബോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിട്ടുപോകാതെ ചെയ്യുകയും വേണം.
6. നികുതി കാര്യക്ഷമത അവഗണിക്കരുത്
വിരമിക്കല്‍ ആസൂത്രണം നിങ്ങള്‍ക്ക് ശരിയായി സമ്ബാദിക്കാനുള്ള അവസരം കൂടിയൊണൊരുക്കുന്നത്. നിരവിധ നിക്ഷേപ പദ്ധതികള്‍ നികുതി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നിക്ഷേപ സമ്ബാദ്യ പദ്ധതികളും റിട്ടയർമെന്റ് പദ്ധതികളും. ഉദ്ദാഹരണത്തിന് നാഷ്ണല്‍ പെൻഷൻ സിസ്റ്റത്തില്‍ നിക്ഷേപകർക്ക് ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 80 സി അനുസരിച്ച് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. സെക്ഷൻ 80 സിസിഡി (1ബി), നികുതി രഹിത ഇൻഷുറൻസ് റിട്ടേണുകള്‍ക്കായി സെക്ഷൻ 10(10ഡി) പോലുള്ള നികുതി ലാഭിക്കല്‍ മാർഗങ്ങള്‍ ഉപയോഗിക്കുക. വിരമിക്കുന്നതിന് മുമ്ബ് പ്രത്യേക ആവശ്യങ്ങള്‍ക്കായി ഭാഗികമായി പിൻവലിക്കാനും എൻപിഎസ് നിക്ഷേപകരെ അനുവദിക്കുന്നു.
7. വിരമിക്കല്‍ വരുമാന സ്രോതസ്സുകളെക്കുറിച്ച് ചിന്തിക്കുക
ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും സ്ഥിര വരുമാനം ഉണ്ടായിരിക്കുന്നത് നിങ്ങളുടെ സാമ്ബത്തിക ഭാവി കൂടുതല്‍ ഭദ്രമാക്കുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും സ്ഥിര വരുമാനം നല്‍കാൻ സാധിക്കുന്ന നിരവധി പദ്ധതികളും രീതികളും ഇന്ന് നിലവിലുണ്ട്. വാടകയ്ക്ക് നല്‍കുന്നത് അത്തരത്തിലൊരു പ്രധാന വരുമാന സ്രോതസ്സാണ്. വീട് അല്ലെങ്കില്‍ കടമുറികള്‍ പോലെയുള്ള പ്രോപ്പർട്ടികളില്‍ നിന്നും വരുമാനം നേടാം. ആന്വിറ്റികള്‍, സിസ്റ്റമാറ്റിക് പിൻവലിക്കല്‍ പ്ലാനുകള്‍ അഥവ എസ്ഡബ്ലുപി അല്ലെങ്കില്‍ ഡിവിഡന്റ് നല്‍കുന്ന നിക്ഷേപങ്ങള്‍ എന്നിവ പോലുള്ള നിക്ഷേപ രീതികളും ഉള്‍പ്പെടുന്നു. അടല്‍ പെൻഷൻ യോജന അല്ലെങ്കില്‍ എല്‍ഐസിയില്‍ നിന്നുള്ള ലൈഫ് ആന്വിറ്റി പ്ലാനുകള്‍ അല്ലെങ്കില്‍ ഐആർഡിഎ അംഗീകൃത ഇൻഷുറർമാർ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉറപ്പായ പ്രതിമാസ പെൻഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.