റഷ്യയുമായുള്ള എണ്ണ ഇടപാടിന്റെ പേരില്‍ ഇന്ത്യയ്ക്ക് കനത്ത തീരുവയും പിഴയുമിട്ട അമേരിക്കന്‍ തീരുമാനത്തിനെതിരെ പ്രതികരിച്ച് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.മിത്ര രാജ്യമെന്ന പേരുള്ള ഇന്ത്യയ്ക്ക് 50 ശതമാനവും ശത്രുരാജ്യമായ ചൈനയ്ക്ക് 30 ശതമാനവുമാണ് അമേരിക്കയുടെ തീരുവ.
ഇപ്പോഴത്തെ താരിഫ് നയം കേരളത്തിന് വന്‍ തിരിച്ചടിയാകുമെന്നും അമേരിക്കന്‍ തെമ്മാടിത്തരത്തിനെതിരെ ബ്രസീലും മറ്റും നില്‍ക്കുന്നതുപോലെ ശക്തമായ നിലപാടെടുക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ട്രംപിന്റെ ശത്രുരാജ്യമാകുന്നതാണോ നല്ലത്, അതോ മിത്രരാജ്യമാകുന്നതാണോ നല്ലത്? ചൈന അമേരിക്കയുടെ ഒന്നാം നമ്ബര്‍ ശത്രുരാജ്യമാണ്. ചൈനയുടെമേല്‍ ശരാശരി 30 ശതമാനം തീരുവയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇന്ത്യ മിത്രരാജ്യമാണെന്നാണ് വയ്പ്പ്. പക്ഷേ, ഇന്ത്യയ്ക്കുമേല്‍ 50 ശതമാനമാണ് ഇപ്പോഴത്തെ തീരുവ. 25 ശതമാനമാണ് അടിസ്ഥാന തീരുവ. 25 ശതമാനം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിനുള്ള പിഴയും. ട്രംപിന്റെ ഈ നീക്കം ഏറ്റവും ഗുരുതരമായി ബാധിക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
ഇത് അതിരുകവിഞ്ഞൊരു ഭയാശങ്കയാണെന്നു ചിലര്‍ കരുതുന്നുണ്ട്. കാരണം 2024-ല്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 80 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇതില്‍ കേരളത്തിന്റെ വിഹിതം ഏതാണ്ട് 2-3 ശതമാനമേ വരൂ. പക്ഷേ, മനസിലാക്കേണ്ടുന്ന കാര്യം ഇപ്പോള്‍ തന്നെ കേരളത്തിന്റെ കാര്‍ഷിക മേഖല ആസിയാന്‍ കരാറില്‍ നിന്നു കരകയറിയിട്ടില്ലായെന്നുള്ളതാണ്. കേരളത്തിന്റെ കാര്‍ഷിക മേഖല 5 ശതമാനം വീതം പ്രതിവര്‍ഷം വളര്‍ന്നുകൊണ്ടിരുന്ന കാലത്താണ് ആസിയാന്‍ കരാര്‍ ഉണ്ടായത്. അതോടെ കാര്‍ഷിക വളര്‍ച്ച അട്ടിമറിക്കപ്പെട്ടു. റബര്‍, നാളികേരം, മറ്റു പ്ലാന്റേഷന്‍ വിളകളുടെ വളര്‍ച്ച നിലച്ചു. അന്ന് പിടിച്ചുനിന്ന മേഖലകളെയാണ് ട്രംപ് ഇന്ന് വകവരുത്തുന്നത്.
ആസിയാന്‍ കരാര്‍ ഇറക്കുമതി തകര്‍ത്തത് ഇന്ത്യയിലെ അഭ്യന്തര കമ്ബോളത്തില്‍ കുത്തക ഉണ്ടായിരുന്ന കേരളത്തിലെ വാണിജ്യവിളകളെ ആയിരുന്നു. ട്രംപിന്റെ തീരുവകള്‍ ബാധിക്കാന്‍ പോകുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ പിടിച്ചുനിന്ന മറ്റു മേഖലകളെയാണ്.
അമേരിക്കയിലേക്കുള്ള കേരളത്തിന്റെ കയറ്റുമതി ഏതാണ്ട് 5300 കോടി രൂപ വരും. ഏറ്റവും വലിയ കയറ്റുമതി നഷ്ടം ഉണ്ടാകാന്‍ പോകുന്നത് കുരുമുളക്, ഏലം, മഞ്ഞള്‍, ജാതി തുടങ്ങിയ നാണ്യവിളകള്‍ക്കാണ്- 2900 കോടി രൂപ. മത്സ്യക്കയറ്റുമതി നഷ്ടം – 1080 കോടി രൂപ. പരമ്ബരാഗത വ്യവസായങ്ങളായ കശുവണ്ടി പരിപ്പിന്റെയും കയറിന്റെയും കൂടിയുള്ള നഷ്ടം 1080 കോടിയിലേറെ രൂപയും തേയിലയുടെയും കാപ്പിയുടെയും നഷ്ടം 250 കോടി രൂപ വരും.
ഇതിലൊരു ഭാഗം മറ്റു രാജ്യങ്ങളിലേക്കോ ഇന്ത്യയില്‍ തന്നെയോ വിറ്റഴിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ നിശ്ചയമായും ഈ ഉല്പന്നങ്ങളുടെയെല്ലാം വില ഗണ്യമായി കുറയും. ഈ വിലയിടിവ് കയറ്റുമതി ചെയ്തിരുന്ന വിഹിതത്തെ മാത്രമല്ല, മുഴുവന്‍ ഉല്പാദനത്തെയും ബാധിക്കും. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ദേശീയ വരുമാന നഷ്ടം എത്രയെന്ന് ഇപ്പോള്‍ കണക്ക് കൂട്ടാനാവില്ല.
മറ്റൊരു പ്രത്യാഘാതവുംകൂടിയുണ്ട്. കേരള സമ്ബദ്ഘടന സേവനപ്രധാനമാണ്. സേവനങ്ങളുടെ ഉപഭോഗം ജനങ്ങള്‍ക്കു ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചിരിക്കും. കയറ്റുമതി തകര്‍ച്ച സൃഷ്ടിക്കുന്ന വിലയിടിവ് ജനങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതുവഴി കാര്‍ഷിക-പരമ്ബരാഗത മേഖലകളെ മാത്രമല്ല, സേവന മേഖലയുടെ വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കും.
ട്രംപ് തീരുവ അമേരിക്കയില്‍ മാത്രമല്ല, നമ്മുടെ നാട്ടിലും വിലക്കയറ്റത്തിന് ആക്കംകൂട്ടും. ഇന്ത്യയുടെ കയറ്റുമതി വരുമാനത്തില്‍ ഉണ്ടാകുന്ന ഇടിവുമൂലം വിദേശനാണയ ലഭ്യത കുറയും. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ ഇടയാക്കും. ജനുവരി മാസത്തില്‍ ഒരു ഡോളറിന്റെ മൂല്യം 83.12 രൂപ ആയിരുന്നു. ആഗസ്റ്റ് 7-ന് 87.70 രൂപയായി. ഈ തീരുവ തുടര്‍ന്നാല്‍ നവംബര്‍ ആകുമ്ബോഴേക്കും രൂപയുടെ മൂല്യം 95 ആയി വീണ്ടും ഇടിയും.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി വിലകള്‍ ഉയരുന്നതിന് ഇടയാക്കും.റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കിയാല്‍ എണ്ണ വില കൂടുന്നതിനും ഇടയാക്കും. ഇതെല്ലാം ഇന്ത്യയിലെ വിലക്കയറ്റത്തിന് ആക്കംകൂട്ടും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്ന നയം തല്ക്കാലം നിര്‍ത്തിവച്ചത്. വിലക്കയറ്റവും ജനജീവിതത്തെ ദുരിതത്തിലാക്കും.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക അഥവാ ബ്രിക്‌സ് രാജ്യങ്ങള്‍ അമേരിക്കയേക്കാള്‍ വേഗതയില്‍ വളരുന്ന രാജ്യങ്ങളാണ്. ബ്രിക്‌സ് കൂട്ടായ്മ ശക്തിപ്പെടുന്നത് അമേരിക്കന്‍ ആധിപത്യത്തിനും ഡോളര്‍ നാണയ വ്യവസ്ഥയ്ക്കും ഭീഷണിയായിട്ടാണ് ട്രംപ് കരുതുന്നത്. ബ്രിക്‌സിനെ തകര്‍ക്കുന്നതിനുള്ള ഗൂഡലക്ഷ്യവുംകൂടി ഇന്ത്യയ്‌ക്കെതിരായ നീക്കത്തിനു പിന്നിലുണ്ട്.
എന്താണ് നമുക്ക് ചെയ്യാനാവുക? ഒറ്റയ്ക്ക് എതിരിട്ട് തോല്പ്പിക്കാനാവില്ല. അതുകൊണ്ട് അമേരിക്കന്‍ തെമ്മാടിത്തരത്തിനെതിരെ ബ്രസീലും മറ്റും നില്‍ക്കുന്നതുപോലെ ശക്തമായ നിലപാടെടുക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ തയ്യാറാകണം. ഒരു കാലത്ത് ചേരിചേരാ രാജ്യങ്ങളുടെ നേതൃത്വം ഇന്ത്യയ്ക്ക് ആയിരുന്നല്ലോ. അതുവെടിഞ്ഞ് മോദി അമേരിക്കന്‍ പാദസേവകനായി. അത് ഇന്ത്യയെ എങ്ങുംകൊണ്ട് എത്തിക്കാന്‍ പോകുന്നില്ല.


