ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വർണവില. ഇതാദ്യമായാണ് വില 70,000 രൂപ കടക്കുന്നത്.ഇന്ന് ഒരു പവന് 70,160 രൂപയാണ് വിപണി വില. ഒറ്റ ദിവസം കൊണ്ട് 200 രൂപയാണ് വര്‍ധിച്ചത്. 69,960 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 25 രൂപ വർധിച്ച് ഇന്ന് 8770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഏപ്രില്‍ എട്ടിനാണ് സ്വർണ വിലയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 65,800 രൂപയായിരുന്നു പവന്റെ വില. ആഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയതെങ്കിലും അത് അധിക നാള്‍ നീണ്ടില്ല. അടുത്ത ദിവസം തന്നെ വില കുതിച്ചുയരുകയായിരുന്നു. അടുത്ത നാല് ദിവസങ്ങള്‍ക്കം 4,360 രൂപയുടെ വർധനവാണ് ഉണ്ടായത്.
ഏപ്രില്‍ മാസം ആരംഭിക്കുമ്ബോള്‍ ആദ്യ രണ്ട് ദിവസവും ഒരു പവൻ സ്വർണത്തിന് 68,080 രൂപ നിരക്കിലായിരുന്നു വ്യാപാരം പുരോഗമിച്ചത്. മൂന്നാം ദിവസം 400 രൂപയുടെ വർധനവ് രേഖപ്പെടുത്തി. എന്നാല്‍, സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമേകി കൊണ്ട് അടുത്ത ദിവസം 1,280 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 67,200 രൂപയിലെത്തി. തുടർന്ന് അടുത്ത നാല് ദിവസം കൊണ്ട് സ്വർണ വില വീണ്ടും 1,400 രൂപ കൂടി കുറഞ്ഞ് 65,800 രൂപയിലെത്തി.
എന്നാല്‍, ഈ സന്തോഷം അധിക നാള്‍ നീണ്ടു നിന്നില്ല. അടുത്ത ദിവസം തന്നെ വില വർധിക്കാൻ ആരംഭിച്ചു. 520 രൂപയാണ് ആദ്യം കൂടിയത്. അടുത്ത ദിവസം ഒറ്റയടിക്ക് വീണ്ടും 2,160 രൂപ വർധിച്ച് വില 68480 രൂപയിലെത്തി. തുടർന്ന്, ഏപ്രില്‍ 11ന് വീണ്ടും 1,480 രൂപ കൂടി സ്വർണവില സർവകാല റെക്കോർഡായ 69,960 രൂപയിലെത്തി. എന്നാല്‍, കുതിപ്പ് ഇതിലും അവസാനിച്ചില്ല. ഒടുവില്‍ ഇന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായ 70,160 രൂപയില്‍ സ്വർണവില എത്തി.