പലരുടെയും സോഷ്യല്‍ മീഡിയ ജീവിതത്തിലെ പ്രധാന ഭാഗമാണ് യൂട്യൂബ്. വാർത്ത, വിനോദം, പഠനം തുടങ്ങിയ പല അഭിരുചികള്‍ക്കാണ് യൂട്യൂബിനെ പലരും ഉപയോഗിക്കുന്നത്.യൂട്യൂബ് ചാനലുകളിലൂടെ സ്വന്തമായി വരുമാന മാർഗ്ഗം കണ്ടെത്തുന്നവരും ഏറെയാണ്. നിങ്ങളുടെ പല ഇഷ്ട യൂട്യൂബ് ചാനലുകളും മാസത്തില്‍ ലക്ഷങ്ങള്‍ സമ്ബാദിക്കുന്നവരായിരിക്കാം.
അങ്ങനെയങ്കില്‍ ഇന്ത്യയില്‍ യൂട്യൂബിലൂടെ ഏറ്റവും വരുമാനം നേടുന്ന ചില ചാനലുകളും അതിന് പിന്നിലുള്ളവരെയും പരിചയപെട്ടാലോ ?
ടെക്നിക്കല്‍ ഗുരുജി-ഗൗരവ് ചൗധരി (Technical Guruji-Gaurav Chaudhary)
ടെക്നിക്കല്‍ ഗുരുജി എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഗൗരവ് ചൗധരി. യുഎഇയില്‍ താമസിക്കുന്ന ഈ ഇന്ത്യക്കാരൻ ടെക് വീഡിയോകളിലൂടെ ശ്രദ്ധേയനാണ്. 2015ല്‍ നിർമ്മിച്ച ഗൗരവിന്റെ ചാനലിനിന്ന് 23.7 മില്യണ്‍ സബ്സ്ക്രൈബർമാരുണ്ട്. വിപണിയില്‍ ലഭ്യമാകുന്ന സ്മാർട്ഫോണുകളും മറ്റു ഗാഡ്ജറ്റ്സുകളുടെയും പരിചയപെടുത്തുന്നതിലൂടെ മിക്കപ്പോഴും യൂട്യൂബില്‍ ട്രെൻഡിങ്ങിലാണ് ഗൗരവിന്റെ ടെക്നിക്കല്‍ ഗുരുജി ചാനല്‍. 356 കോടി രൂപയാണ് ചൗധരിയുടെ ആകെ ആസ്തി.
ബിബി കി വൈൻസ്-ഭുവം ബാം (BB ki Vines-Bhuvam Bam)
ഡല്‍ഹിയില്‍ നിന്നുള്ള ഒരു ഇന്ത്യൻ കോമഡി താരത്തിനപ്പുറത്തേക്ക് ഒരു എഴുത്തുകാരൻ, ഗായകൻ, നടൻ, ഗാനരചയിതാവ് കൂടെയാണ് ഭുവൻ അവനീന്ദ്ര ശങ്കർ ബാം എന്ന ഭുവം ബാം. യൂട്യൂബില്‍ 26.6 മില്യണ്‍ സബ്സ്ക്രൈബർമാരുള്ള ബിബി കി വൈൻസ് എന്ന കോമഡി ചാനലിലൂടെയാണ് ഭുവം ശ്രദ്ധേയനാകുന്നത്. ബാം തന്നെയാണ് ഫോണിലെ മുൻ ക്യാമറ ഉപയോഗിച്ച് വീഡിയോകള്‍ ചിത്രീകരിക്കുന്നത്. ഫേസ്ബുക്കില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്തു തുടങ്ങിയ ബാമിന്റെ കരിയർ ഇന്ന് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി പടർന്നു കിടക്കുന്നു. 122 കോടി രൂപയുടെ ആസ്തിയാണ് ഭുവം ബാമിനുള്ളത്.
അമിത് ഭദാന (Amit Bhadana)
ഡല്‍ഹി ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ഹാസ്യനടനാണു അമിത് ഭദാന. എഴുത്തുകാരൻ, നടൻ, സംവിധായകൻ, യൂട്യൂബർ എന്നീ നിലക്കും അമിത് അറിയപ്പെടുന്നു. 2012ല്‍ അമിത് ചാനല്‍ ആരംഭിച്ചിരുന്നെങ്കിലും യൂട്യൂബില്‍ സജീവമാകുന്നത് 2017 മുതലാണ്, ഹിന്ദി കോമഡി വീഡിയോകളാണ് ചാനലിന്റെ ഉള്ളടക്കം. ഇന്ത്യയിലെ ആദ്യത്തെ 20 ദശലക്ഷം സബ്സ്ക്രൈബർമാർ എന്ന നേട്ടവും അമിത് സ്വന്തമാക്കിയിരുന്നു. തന്റെ പരിചയ് എന്ന ഗാനത്തിലൂടെ 95 ദശലക്ഷത്തിലധികം വ്യൂസുമായി ഒരു യൂട്യൂബ് സെൻസേഷനായിരുന്നു. 2019 ല്‍ യൂട്യൂബിന്റെ ഡയമണ്ട് പ്ലേ ബട്ടണും സ്വന്തമാക്കി. 80 കോടി രൂപയാണ് അമിത്തിന്റെ നിലവിലെ ആസ്തി.
കാരിമിനാറ്റി-അജയ് നഗർ (Carry Minati-Ajey Nagar)
ക്യാരിമിനാറ്റി എന്ന പേരിലൂടെ ജനപ്രിയനാണു അജയ് നഗർ. ലൈവ് ഗെയിമിംഗിനാണ് കൂടുതല്‍ പരിഗണനയെങ്കിലും ഹിന്ദി ഭാഷയില്‍ റോസ്റ്റിംഗ്, കോമഡി വീഡിയോകള്‍, ഡിസ് ഗാനങ്ങള്‍, ആക്ഷേപഹാസ്യ പാരഡികള്‍ എന്നിവ സൃഷ്ടിക്കുന്നതിലും അജയ് മിടുക്കനാണെന്നാണ് ആരാധക ലോകം പറയുന്നത്. 45 മില്യണ്‍ സബ്സ്ക്രൈബർമാരാണ് കാരിമിനാറ്റി ചാനലിനുള്ളത്. അജയിന്റെ ആസ്തി 50 കോടി രൂപയാണ്.