ഓഹരി വിപണിയുടെ സമീപകാല തകർച്ചകള്‍ മലയാളി നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നോ? അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) ജനുവരിയിലെ കണക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്.ഓരോ മാസവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയെന്ന ട്രെൻഡില്‍ നിന്ന് മലക്കംമറിഞ്ഞ് ജനുവരിയില്‍ മ്യൂച്വല്‍ഫണ്ടിലെ മലയാളിപ്പണം വൻതോതില്‍ ചോർന്നു.
കേരളത്തില്‍ നിന്നുള്ള മൊത്തം മ്യൂച്വല്‍ഫണ്ട് നിക്ഷേപമൂല്യം (AUM) ഡിസംബറിലെ 87,894.26 കോടി രൂപയില്‍ നിന്ന് 85,901.54 കോടി രൂപയായാണ് കുറഞ്ഞത്.നഷ്ടം 1,992.72 കോടി രൂപ. നവംബറില്‍ 85,595 കോടി രൂപയായിരുന്ന മൊത്തനിക്ഷേപമായിരുന്നു ഡിസംബറില്‍ 87,000 കോടി രൂപയ്ക്കു മുകളിലെത്തിയത്. കോവിഡനന്തരം ഓരോ മാസവും റെക്കോർഡ് തകർത്തുയരുകയായിരുന്ന മലയാളി നിക്ഷേപമാണ് 2025ല്‍ റിവേഴ്സ് ഗിയറിലായത്.
കൂടുതല്‍ തിരിച്ചടി ഇക്വിറ്റിയില്‍
ഓഹരി വിപണിയിലെ ആശങ്കകളാണ് മലയാളികളെയും പിൻവലിയാൻ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍.മ്യൂച്വല്‍ഫണ്ടില്‍ ഏറ്റവുമധികം മലയാളി നിക്ഷേപമുള്ള വിഭാഗമായ ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളിലാണ് (Equity Oriented) ജനുവരിയില്‍ കൂടുതല്‍ നഷ്ടമുണ്ടായത്. ഡിസംബറിലെ 66,268.91 കോടി രൂപയില്‍ നിന്ന് 64,440 കോടി രൂപയായി ഇടിഞ്ഞു.
ഡിസംബറില്‍ 3,000 കോടിയോളം രൂപയുടെ വർധന നേടിയശേഷമാണ് ജനുവരിയിലെ ഇടിവെന്നതും ശ്രദ്ധേയം.യു.എസ് പ്രസിഡന്റ് ആയി ഡോണള്‍ഡ് ട്രംപിന്റെ രണ്ടാംവരവും തുടർന്ന് അദ്ദേഹം സ്വീകരിച്ച വ്യാപാരനയങ്ങള്‍ ആഗോള സമ്ബദ്‌വ്യവസ്ഥയ്ക്കുമേല്‍ വിതച്ച ആശങ്കകളും ഓഹരി വിപണികള്‍ക്കും തിരിച്ചടിയായിരുന്നു.
മ്യൂച്വല്‍ഫണ്ടില്‍ തവണവ്യവസ്ഥയില്‍ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകള്‍ (SIP) നിർത്തലാക്കുന്ന അനുപാതം (SIP toppage ratio) ജനുവരിയില്‍ 109 ശതമാനത്തിലേക്ക് കുതിച്ചുയർന്നിരുന്നു.ഡിസംബറില്‍ ഇത് 82.73% മാത്രമായിരുന്നു; കഴിഞ്ഞ സെപ്റ്റംബറില്‍ 60.72 ശതമാനവും. അതായത്, നിക്ഷേപകർക്കിടയില്‍ ആശങ്ക ശക്തമെന്നും സ്ഥിതിഗതികള്‍ അനുകൂലമാകുംവരെ വിട്ടുനില്‍ക്കാമെന്നും അവർ ചിന്തിക്കുന്നതായി ഇതു വ്യക്തമാക്കുന്നു.
സമാന മനോഭാവം മലയാളികള്‍ക്കുമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കഴിഞ്ഞമാസം കേരളത്തില്‍ നിന്നുള്ള മ്യൂച്വല്‍ഫണ്ട് എയുഎമ്മിലെ ഇടിവും.മറ്റു ഫണ്ടുകളുടെ സ്ഥിതികടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ (liquid schemes) നിക്ഷേപം ഡിസംബറിലെ 5,442 കോടി രൂപയില്‍ നിന്നുയർന്ന് 6,306 കോടി രൂപയായി. വിദേശ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സ് ഓവർസീസ് നിക്ഷേപം 414.36 കോടി രൂപയില്‍ നിന്ന് 416.7 കോടി രൂപയായി മെച്ചപ്പെട്ടു.
ഗോള്‍ഡ് എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (gold etf) നിക്ഷേപം 238.99 കോടി രൂപയായിരുന്നത് 253.11 കോടി രൂപയിലെത്തി.മറ്റ് ഇടിഎഫ് നിക്ഷേപം 1,141.15 കോടി രൂപയില്‍ നിന്ന് 1,158.11 കോടി രൂപയായി. ഫണ്ട് ഓഫ് ഫണ്ട്സ് ഡൊമസ്റ്റിക് നിക്ഷേപവും 1,081 കോടി രൂപയില്‍ നിന്നുയർന്ന് 1,104 കോടി രൂപയായി.അതേസമയം, മറ്റ് ഇടിഎഫ് സ്കീമുകളിലെ നിക്ഷേപം 7,413 കോടി രൂപയില്‍ നിന്ന് 6,543.54 കോടി രൂപയായി ഇടിഞ്ഞു. ഓഹരിയിലും കടപ്പത്രങ്ങളിലും ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് ഫണ്ടുകളിലേത് (balanced schemes) 6,975 കോടി രൂപയില്‍ നിന്ന് 6,823 കോടി രൂപയിലേക്കും കുറഞ്ഞു.
സമ്ബത്ത് സൃഷ്ടിക്കാൻ മലയാളി
ചിട്ടി, സ്വർണം, എഫ്ഡി, ഭൂമി എന്നിങ്ങനെ പരമ്ബരാഗത നിക്ഷേപ മാർഗങ്ങളില്‍ നിന്ന് ഓഹരി, മ്യൂച്വല്‍ഫണ്ട് എന്നിങ്ങനെ പുത്തൻകാല നിക്ഷേപങ്ങളിലേക്ക് കേരളീയർ ചുവടുവച്ചത് കോവിഡനന്തരമാണ്.മ്യൂച്വല്‍ഫണ്ട്, എസ്‌ഐപി, സമ്ബത്ത് സൃഷ്ടിക്കല്‍ (wealth creation) എന്നിവ സംബന്ധിച്ച അവബോധവും വർധിച്ചതു കോവിഡ്, ലോക്ക്ഡൗണ്‍ കാലഘട്ടത്തിലായിരുന്നു.
ഒരു ദശാബ്ദം മുമ്ബ് 8,400 കോടി രൂപയായിരുന്നു മ്യൂച്വല്‍ഫണ്ടിലെ കേരള എയുഎം. 2019ല്‍ ഇത് 25,000 കോടി രൂപ കടന്നു. കോവിഡിനുശേഷമായിരുന്നു നിക്ഷേപവളർച്ചയുടെ സുവർണകാലം.
2023ല്‍ നിക്ഷേപമൂല്യം 60,000 കോടി രൂപയും കഴിഞ്ഞവർഷം 85,000 കോടി രൂപയും ഭേദിച്ചു.2025ല്‍ ഇതു ഒരുലക്ഷം കോടി രൂപയെന്ന നിർണായക നാഴികക്കല്ല് തകർക്കുമെന്ന് കരുതിയിരിക്കേയാണ്, വർഷത്തിന്റെ തുടക്കത്തില്‍ തന്നെ കല്ലുകടിയായി നിക്ഷേപമൂല്യത്തിലെ വീഴ്ച.