ചെറുകിട ഓഹരികളെയാണ് വിപണിയിലെ തകർച്ച കൂടുതല്‍ ബാധിച്ചത്. ബെയർ മാർക്കറ്റുകളില്‍ പൊതുവെ സംഭവിക്കുന്നത് ഇത്തവണയും ആവർത്തിച്ചു.സെൻസെക്സും നിഫ്റ്റിയും പത്ത് ശതമാനത്തോളം ഇടിവ് നേരിട്ടപ്പോള്‍ ചെറുകിട നിക്ഷേപകരുടെ പോർട്ഫോളിയോയില്‍ 50 ശതമാനംവരെ നഷ്ടമുണ്ടാകാനുള്ള കാരണവും അതാണ്. കുതിപ്പിന്റെ പുറകെപോയി ചെറുകിട ഇടത്തരം ഓഹരികളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയതിന്റെ ഫലം.
കഴിഞ്ഞയാഴ്ചയോടെ സ്മോള്‍ ക്യാപ് സൂചികകള്‍ കരടികളുടെ പിടിയിലമർന്നു. ഉയർന്ന നിലവാരത്തില്‍നിന്ന് നിഫ്റ്റി സ്മോള്‍ ക്യാപ് 100, നിഫ്റ്റി സ്മോള്‍ ക്യാപ് 150 സൂചികകള്‍ 20 ശതമാനത്തിലധികം ഇടിവ് നേരിട്ടു.
2024 ഡിസംബർ 12ന് നിഫ്റ്റി സ്മോള്‍ ക്യാപ് 100 സൂചിക എക്കാലത്തെയും ഉയർന്ന നിലവാരമായ 19,716ലെത്തിയിരുന്നു. 14,050 നിലവാരത്തിലാണ് സൂചികയില്‍ തിങ്കാളാഴ്ച വ്യാപാരം നടന്നത്. അതായത് 23 ശതമാനത്തിലേറെ തകർച്ച. നിഫ്റ്റ് സ്മോള്‍ ക്യാപ് 250 സൂചികയിലെയും ഇടിവ് സമാനമാണ്. കഴിഞ്ഞ സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിലയില്‍നിന്ന് ഇപ്പോള്‍ 14,150 നിലവാരത്തിലെത്തിയിരിക്കുന്നു. 24 ശതമാനത്തിലധികം തകർച്ച. സൂചികയിലെ 250 ഓഹരികളില്‍ 60 ശതമാനവും കനത്ത തകർച്ച നേരിട്ടു.
പരിഭ്രാന്തരായി ചെറികിട നിക്ഷേപകർ വൻതോതില്‍ നിക്ഷേപം പിൻവലിക്കുന്നത് തുടരുകയാണ്. അതുകൊണ്ടുതന്നെ ഈ വിഭഗത്തിലെ ഓഹരികളില്‍ കൂടുതല്‍ തകർച്ചയുണ്ടാകുന്നു. വിപണിയില്‍ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിത ഇടങ്ങളിലേയ്ക്ക് നിക്ഷേപം മാറ്റുന്നതും ചെറുകിട-ഇടത്തരം ഓഹരികളെയാണ് കടുതല്‍ ബാധിക്കുന്നത്.
കനത്ത നഷ്ടം ഈ ഓഹരികളില്‍
നിഫ്റ്റ് സ്മോള്‍ ക്യാപ് 100 സൂചികയില്‍ 28 ഓഹരികള്‍ കനത്ത തിരിച്ചടി നേരിട്ടു. തേജസ് നെറ്റ്വർക്സ്, നാറ്റ്കോ ഫാർമ, ബിഇഎംഎല്‍, ഡാറ്റ പാറ്റേണ്‍സ്, എൻസിസി, സോണാറ്റ സോഫ്റ്റ്വെയർ, കഇസി ഇന്റർനാഷണല്‍, സിഇഎസ്സി, ഏൻഞ്ചല്‍ വണ്‍, ഇർകോണ്‍ ഇന്റർനാഷ്ണല്‍, സിയന്റ്, റെയില്‍ടെല്‍, എച്ച്‌എഫ്സിഎല്‍, റൈറ്റ്സ്, പിവിആർ ഇനോക്സ്, ഐഎഫ്സിഐ തുടങ്ങിയവയാണ് നഷ്ടത്തില്‍ മുന്നില്‍.
നിക്ഷേപം തുടരാമോ?
ചെറുകിട ഓഹരികളുടെ ഹ്രസ്വകാല വീക്ഷണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മൂല്യം വിലയിരുത്തിയാല്‍ ലാർജ് ക്യാപ് ഓഹരികളാണ് ഇപ്പോള്‍ ആകർഷകം. പിന്നിട്ട രണ്ട് പാദങ്ങളിലെ വരുമാന കണക്കുകള്‍ നിലവില്‍ ചെറുകിട ഓഹരികളുടെ വിലയെ പിന്തുണയ്ക്കുന്നുമില്ല. അതുകൊണ്ടുതന്നെ സ്മോള്‍ ക്യാപുകളില്‍ തിരുത്തല്‍ തുടർന്നേക്കാം. അതേസമയം, വിലകളിലെ ഇടിവ് ഭാവിയില്‍ നേട്ടമാകുകയും ചെയ്യും.