2025-2026 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുകയാണ്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായ എട്ടാം തവണയാണ് നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. കൃഷി, ഉല്‍പ്പാദനം, തൊഴില്‍, എംഎസ്‌എംഇകള്‍, ഗ്രാമീണ മേഖലകളുടെ ഉന്നമനം, നവീകരണം തുടങ്ങി പത്തോളം മേഖലകളിലാണ് ഈ വര്‍ഷത്തെ ബജറ്റ് ഊന്നല്‍ നല്‍കിയത്.
ദാരിദ്ര്യനിര്‍മാര്‍ജനത്തോടൊപ്പം വികസനത്തിനും മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ് എന്ന് ധനമന്ത്രി പറഞ്ഞു. ഇന്നത്തെ ബജറ്റിന് ശേഷം രാജ്യത്ത് വില കൂടാന്‍ പോകുന്ന ഉല്‍പ്പന്നങ്ങളും വില കുറയാന്‍ പോകുന്ന ഉല്‍പ്പന്നങ്ങളും ഏതൊക്കെയാണ് എന്ന് നോക്കാം.
വില കുറയുന്ന സാധനങ്ങള്‍
- കാന്‍സര്‍ അടക്കം അപൂര്‍വ രോഗങ്ങള്‍ക്കുള്ള 36 മരുന്നുകള്‍ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും. ഈ മരുന്നുകള്‍ക്ക് വില കുറയും.
- അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് കോബാള്‍ട്ട് ഉല്‍പ്പന്നം, എല്‍ഇഡി, സിങ്ക്, ലിഥിയം-അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, 12 നിര്‍ണായക ധാതുക്കള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവി വാഹന നിര്‍മാതാക്കള്‍ക്ക് ഗുണപരമാകുന്നതാണ് ഈ നടപടി.
- കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 വര്‍ഷത്തേക്ക് കൂടി ഒഴിവാക്കി.
- അടിസ്ഥാന കസ്റ്റംസ് തീരുവ ഫിഷ് പേസ്റ്ററിയുടെ 30 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കും. കരകൗശല കയറ്റുമതി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
- വെറ്റ് ബ്ലൂ ലെതറിനെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കും.
- കഴിഞ്ഞ വര്‍ഷം മൊബൈല്‍ ഫോണ്‍, സ്വര്‍ണം, വെള്ളി, ചെമ്ബ് എന്നിവയുടെ വില കുറയ്ക്കുന്നതിനുള്ള നടപടികള്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
- മൂന്ന് കാന്‍സര്‍ ചികിത്സ മരുന്നുകളെയും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വില കൂടിയ സാധനങ്ങള്‍:
- ഇന്ററാക്ടീവ് ഫ്‌ലാറ്റ് പാനല്‍ ഡിസ്‌പ്ലേയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
- 2024-ല്‍ കേന്ദ്രസര്‍ക്കാര്‍, ജൈവവിഘടനം ചെയ്യാത്ത പ്ലാസ്റ്റിക്കുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു.
- നിര്‍ദ്ദിഷ്ട ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയും 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ന്നു.