ബില്ലടക്കാനും മറ്റു പണമിടപാടുകള്‍ക്കും യു.പി.ഐ സേവനങ്ങള്‍ ആരംഭിച്ചിട്ട് കാലങ്ങളായി. ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കവരും.എന്നാല്‍ യു.പി.ഐ സേവനങ്ങള്‍ വർധിച്ചതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ക്യു.ആർ കോഡുമായി ബന്ധപ്പെട്ടിട്ടുള്ള തട്ടിപ്പുകള്‍.
വ്യാജമായ ക്യൂ.ആർ കോഡുകളില്‍ പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കള്‍ ഏറെയാണ്. ക്യു.ആർ കോഡുകള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താൻ സാധിക്കും. അത് തട്ടിപ്പിനുള്ള മാർഗമായി ഉപയോഗപ്പെടുത്തുകയാണ് തട്ടിപ്പുസംഘം. വ്യാജമായ ക്യു.ആർ കോഡുകള്‍ വ്യാപകമായി പ്രചരിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്. ഷോപ്പുകളിലും, സാമൂഹികമാധ്യമങ്ങളിലും വിവിധ സേവനങ്ങള്‍ക്കായുള്ള ശരിയായ ക്യു.ആർ കോഡുകള്‍ക്ക് പകരം തട്ടിപ്പുകാർ മറ്റൊരു ക്യു.ആർ കോഡ് പ്രചരിപ്പിക്കും. ഇത് വഴി പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലെത്തും.
ഇതിന് പുറമേ വ്യാജമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകളുടെ ക്യു.ആർ കോഡുകളുമുണ്ടാകും. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നത് വഴി തട്ടിപ്പുകാർക്ക് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ലഭിക്കുന്നു. ചിലപ്പോള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തയുടനെ തന്നെ ഓട്ടോമാറ്റിക്കായി ആപ്പ് ഡൗണ്‍ലോഡാകും.
ഇത്തരം തട്ടിപ്പുകള്‍ തടയാനായി നിരവധി നിർദേശങ്ങള്‍ അധികൃതർ മുന്നോട്ടുവെക്കുന്നുണ്ട്. വ്യക്തിയുടെ യു.പി.ഐ ഐഡിയിലേക്ക് പണം അയക്കുക എന്നതാണ് ഒന്നാമത്തേത്. അല്ലെങ്കില്‍ മൊബൈല്‍ നമ്ബറിലേക്ക് അയക്കുക. ആർക്കാണ് പണം അയക്കുന്നതെന്ന് ഉറപ്പില്ലാത്ത സന്ദർഭങ്ങളില്‍ ക്യു.ആർ കോഡിനെ ആശ്രയിക്കരുത്. പരിചയമില്ലാത്ത സ്ഥലങ്ങളിലുള്ള ക്യു.ആർ കോഡുകള്‍ വഴി പണം അയക്കുമ്ബോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. റസ്റ്ററന്റുകള്‍, ഷോപ്പുകള്‍ എന്നിങ്ങനെ പൊതുയിടങ്ങളില്‍ തട്ടിപ്പുകാർക്ക് വളരെ എളുപ്പത്തില്‍ ക്യു.ആർ കോഡുകള്‍ സ്ഥാപിക്കാനായേക്കും.
യു.പി.ഐ സേവനങ്ങള്‍ക്കായി മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുക എന്നതാണ് മറ്റൊരു നിർദേശം. ആ അക്കൗണ്ടില്‍ ചെറിയതുക മാത്രം നിക്ഷേപിക്കുക. തട്ടിപ്പുനടന്നാലും വലിയ നഷ്ടമുണ്ടാകാതിരിക്കാനാണിത്. സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയും യു.ആർ.എല്‍, പണമിടപാടിന്റെ വിവരങ്ങള്‍ എന്നിവ കൃത്യമായി പരിശോധിക്കുകയും ചെയ്യുക. കാരണം വ്യാജ വെബ്സൈറ്റിന്റെ യു.ആർ.എല്ലും മറ്റും ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യം പുലർത്തുന്നതായിരിക്കും. ഒറ്റനോട്ടത്തില്‍ അത് തിരിച്ചറിയാൻ പറ്റണമെന്നില്ല. കൃത്യമായ പരിശോധനയിലൂടെ അത് മനസിലാക്കി തട്ടിപ്പില്‍ നിന്ന് രക്ഷനേടാം.