സംസ്ഥാനത്ത് ഒരാഴ്ചയായി സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്.
ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 7,300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കൂടി 6,020 രൂപയിലും പവന് 480 രൂപ കൂടിയത് 48,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച പവന് 480 രൂപയും ചൊവ്വാഴ്ച 560 രൂപയും ബുധനാഴ്ച 400 രൂപയും വ്യാഴാഴ്ച 240 രൂപയും വെള്ളിയാഴ്ച 640 രൂപയും വർധിച്ചിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഏകദേശം 3500 രൂപ കുറഞ്ഞ ശേഷമാണ് തിങ്കളാഴ്ച മുതല്‍ സ്വർണവിലയില്‍ മുന്നേറ്റം ദൃശ്യമായത്. കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂടിയത്.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. നവംബർ 14,16,17 തീയതികളില്‍ 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തില്‍ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,560 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില ഇന്ന് 2,715 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുകയും യുഎസ് ഡോളറിന്‍റെ മൂല്യം കുതിച്ചുയരുകയും ചെയ്തതോടെയാണ് രാജ്യാന്തര സ്വർണവിലയും കത്തിക്കയറുന്നത്.
അതേസമയം, വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.