HomeIndia70% വരെ വിലയിടിഞ്ഞ മികച്ച ചെറുകിട ഓഹരികൾ; നിക്ഷേപത്തിന് സമയമായോ? വിശദമായി വായിക്കാം

70% വരെ വിലയിടിഞ്ഞ മികച്ച ചെറുകിട ഓഹരികൾ; നിക്ഷേപത്തിന് സമയമായോ? വിശദമായി വായിക്കാം

കനത്ത ഇടിവ് തുടരുന്നതിനിടെ മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ പലതും കടപുഴകി. എൻഎസ്‌ഇ മിഡ്-സ്മോള്‍ ക്യാപ് സൂചികകളിലെ മൂന്നില്‍ രണ്ട് ഓഹരികളും 20 ശതമാനത്തിന് മുകളില്‍ നഷ്ടംനേരിട്ടു.ചെറുകിട നിക്ഷേപകരുടെ ഇഷ്ട ഓഹരികളിലേറെയും ഇതോടെ കനത്ത തകർച്ചയിലായി.

രണ്ട് വിഭാഗങ്ങളിലെയും സൂചികകളുടെ ഭാഗമായ 1020 ഓഹരികളില്‍ 690 ലേറെ ഓഹരികള്‍ (65 ശതമാനം) 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തില്‍നിന്ന് 20 ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടു. നേരത്തെ വൻതോതില്‍ നിക്ഷേപ താത്പര്യം പ്രകടമായിരുന്ന ഓഹരികളാണിവയെന്നതാണ് ശ്രദ്ധേയം. മിഡ് ക്യാപുകള്‍ താരതമ്യേന ഒരുപരിധിവരെ ഇടിവ് നേരിട്ടെങ്കിലും ചെറുകിട-സൂക്ഷ്മ വിഭാഗങ്ങളിലെ ഓഹരികള്‍ക്ക് കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാനായില്ല.

സെപ്റ്റംബർ പാദത്തിലെ പ്രവർത്തന ഫലങ്ങള്‍ മികച്ചതല്ലാത്തതിനാല്‍ ഈ വിഭാഗങ്ങളിലെ ഓഹരികളില്‍ തകർച്ച തുടരാനാണ് സാധ്യത. അതേസമയം, ബാങ്ക്, ബാങ്കിതര ധനകാര്യം, മൈക്രോ ഫിനാൻസ് തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ക്ക് കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായി. ഇവയില്‍ പലതിലും ഭാവിയില്‍ മുന്നേറ്റ സാധ്യത വിദഗ്ധർ വിലിയിരുത്തുന്നുമുണ്ട്.

ഫ്യൂഷൻ മൈക്രോ ഫിനാൻസ്, ജിവികെ പവർ, സ്പന്ദന സ്ഫൂർട്ടി ഫിനാൻഷ്യല്‍ തുടങ്ങിയ ചെറുകിട ഓഹരികളാണ് കുത്തനെ ഇടിവ് നേരിട്ടത്. ഇവയുടെ വപിണി മൂല്യത്തിന്റെ 70 ശതമാനത്തിലധികം അപ്രത്യക്ഷമായി.

സീ എന്റർടെയ്ൻമെന്റ്, സണ്‍ഫാർമ അഡ്വാൻസ്ഡ് റിസർച്ച്‌, ഇന്ത്യ പെസ്റ്റിസൈഡ്സ്, ഡിഷ് ടിവി ഇന്ത്യ, എംടിഎൻഎല്‍, ചെന്നൈ പെട്രോളിയം കോർപറേഷൻ തുടങ്ങിയ ഓഹരികള്‍ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തില്‍നിന്ന് 54 ശതമാനം മുതല്‍ 70 ശതമാനംവരെ നഷ്ടത്തിലായി.

മികവ് പുലർത്താത്ത കോർപറേറ്റ് ഫലങ്ങളോടൊപ്പം ആഗോള അനിശ്ചിതത്വങ്ങള്‍, പലിശ നിരക്കിലെ മാറ്റങ്ങള്‍, പണപ്പെരുപ്പം, രൂപയുടെ മൂല്യതകർച്ച തുടങ്ങിയവ മിഡ്-സ്മോള്‍ ക്യാപ് വിഭാഗങ്ങളെ കൂടുതല്‍ ജാഗ്രതയോടെ സമീപിക്കേണ്ട സാഹചര്യമുണ്ടാക്കിയിരിക്കുന്നു.

ഉയർന്ന മൂല്യത്തില്‍നിന്നാണ് ഈ വൻവീഴ്ച. അതുകൊണ്ടുതന്നെ മിഡ്, സ്മോള്‍ ക്യാപുകളുടെ തിരിച്ചുവരവിന് ഏറെ സമയം എടുത്തേക്കാം. ഈ വിഭാഗം ഓഹരികളില്‍ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന, റിസ്കെടുക്കാൻ താത്പര്യമുള്ള നിക്ഷേപകർ ഓഹരികള്‍ ശ്രദ്ധയോടെ വിലയിരുത്തി മികച്ചവ മാത്രം തിരഞ്ഞെടുക്കുക. ഘട്ടംഘട്ടമായി മാത്രം നിക്ഷേപം നടത്തുക.

ഇടത്തരം-ചെറുകിട വിഭാഗങ്ങളിലെ മികച്ച ഓഹരികളില്‍ പലതും ഇതിനകം കാര്യമായ തിരുത്തല്‍ നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെറുകിട-ഇടത്തരം ഓഹരികള്‍ ശേഖരിക്കാൻ യോജിച്ച സമയമാണിപ്പോള്‍. ഭാവിയില്‍ മികച്ച നേട്ടം സ്വന്തമാക്കാൻ അനുയോജ്യമായ സമയമയിരിക്കുന്നു. ഒന്നോ രണ്ടോ വർഷം കാത്തിരിക്കേണ്ടിവന്നേക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം, മികച്ച അടിത്തറയുള്ള, അതേസമയം കനത്ത ഇടിവ് നേരിട്ട ഓഹരികള്‍ മാത്രം നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുക.

വിദേശികള്‍ തിരിച്ചുവരുമോ?

രണ്ടാം പാദ ഫലങ്ങളുടെ അനുരണനം ഏതാണ്ട് അവസാനിച്ചതോടെ വിദേശ നിക്ഷേപകരിലേയ്ക്ക് വീണ്ടും വിപണിയുടെ ശ്രദ്ധതിരിഞ്ഞിരിക്കുന്നു.

ഒന്നര മാസത്തിനിടെ 1.40 ലക്ഷം കോടി രൂപയുടെ വില്പന നടത്തി കളംവിട്ടവർ യുടേണ്‍ എടുക്കുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്. ചൈനയിലേക്ക് കൂടുമാറിയപ്പോള്‍ തുടങ്ങിയ തകർച്ചക്ക് തിരിച്ചുവരവിലൂടെ അവർതന്നെ പരിഹാരം കാണുമോ? നവംബറില്‍ മാത്രം 26,522 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. വില്പനയില്‍ നേരിയതോതിലെങ്കിലുമുണ്ടായ കുറവ് പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ട്.

കരുത്താർജിക്കുന്ന യുഎസ് ഡോളറും. ഉയരുന്ന കടപ്പത്ര ആദായവും ട്രംപിന്റെ വിജയവും വിദേശികളെ ഇന്ത്യൻ വിപണിയില്‍നിന്ന് കുറച്ചുകാലംകൂടി അകറ്റി നിർത്താനുമിടയുണ്ട്. ഇനിയും യഥാർഥ മൂല്യത്തിലേയ്ക്ക് തിരിച്ചെത്താത്ത വൻകിട ഓഹരികളിലേക്ക് മടിച്ചുമടിച്ചാകും അവരുടെ വരവ്. ചെറുകിട ഓഹരികളെ വകവെച്ചേക്കില്ല. എങ്കിലും വിപണി വികാരം അനുകൂലമായാല്‍ മുന്നേറ്റം ഇടത്തരം ചെറുകിട ഓഹരികളിലും പ്രതിഫലിക്കും.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts