നിഫ്റ്റി 10 ശതമാനം ഇടിവ് നേരിട്ടിട്ടും നിക്ഷേപ വരവില്‍ നല്ലൊരുഭാഗം വിപണിയിലിറക്കാതെ മ്യൂച്വല്‍ ഫണ്ടുകള്‍. ഒക്ടോബർ അവസാനത്തെ കണക്കുപ്രകാരം മുൻനിരയിലെ 20 ഫണ്ട് ഹൗസുകള്‍ പോർട്ഫോളിയോയില്‍ 5.5 ശതമാനം പണമായി കരുതിവെച്ചിരിക്കുകയാണ്.
പിപിഎഫ്‌എഎസ്, ക്വാണ്ട്, എസ്ബിഐ എന്നീ എഎംസികളാണ് കൂടുതല്‍ പണം സൂക്ഷിച്ചിട്ടുള്ളത്. മുൻനിരയിലെ 20 ഫണ്ട് ഹൗസുകള്‍ കൈകാര്യം ചെയ്യുന്ന ഓഹരി ഫണ്ടുകളിലെ മൊത്തം ആസ്തി 28.5 ലക്ഷം കോടി രൂപയാണ്. അതായത് 20 ഫണ്ട് ഹൗസുകളിലെ പണത്തിന്റെ ശതമാന പ്രകാരം മൊത്തം എഎംസികളുടെ ശരാശരി കണക്കെടുത്താല്‍ 1.7 ലക്ഷം കോടി രൂപയെങ്കിലും പണമായി സൂക്ഷിച്ചിട്ടുണ്ടെന്ന് കണക്കാക്കാം.
നിക്ഷേപകർ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന തുക അപ്പോള്‍തന്നെ വിവിധ ഓഹരികളിലേക്ക് വകയിരുത്തുന്നില്ലെന്നതാണ് ശ്രദ്ധേയം. അനിശ്ചിതത്വത്തിന്റെ കാലത്ത് തന്ത്രപരമായി നിക്ഷേപം നടത്താൻ പണംകരുതിവെയ്ക്കുന്നു. വിപണി ഇപ്പോഴും അമിത മൂല്യത്തിന്റെ നെറുകെയിലാണെന്നതും ഈ തന്ത്രംപയറ്റാൻ അവരെ പ്രേരിപ്പിക്കുന്നു.
വിപണിയില്‍ കാര്യമായ തിരുത്തലുണ്ടായിട്ടുണ്ടെങ്കിലും വരുമാന വളർച്ചയിലെ ദുർബല സാഹചര്യംമൂലം മൂല്യം ഉയർന്നുതന്നെ നില്‍ക്കുകയാണ്.
വിപണിയുടെ തകർച്ചക്ക് പിന്നില്‍ മൂന്ന് കാരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. വികസ്വര വിപണികളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യൻ വിപണി ഇപ്പോഴും ഉയർന്ന മൂല്യത്തിലാണ്. കമ്ബനികളുടെ മികച്ചതല്ലാത്ത പ്രവർത്തനഫലങ്ങളാണ് മറ്റൊരുകാരണം. അതുകൊണ്ടുന്നെ പല ഓഹരികളും ‘തരംതാഴ്ത്തല്‍’ ഭീഷണി നേരിടുന്നുണ്ട്. അതോടൊപ്പം പ്രതികൂലമായ വിപണ വികാരവും തിരിച്ചടിയായി.
ഫണ്ടുകളിലെത്തിയ നിക്ഷേപത്തിന്റെയും പിൻവലിക്കലുകളെയും മാസാവസാന കണക്കിനെ ആശ്രയിച്ചാണ് മിച്ചം പണത്തിന്റെ തോത് വിലയിരുത്തുന്നത്. സജീവമായി കൈകാര്യം ചെയ്യുന്ന ഇക്വിറ്റി ഫണ്ടുകളിലേയ്ക്ക് ഒക്ടോബറില്‍ 41,887 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. വൻതുക കൈവശമുള്ളതുകൊണ്ടും നിലക്കാത്ത നിക്ഷേപ പ്രവാഹംകൊണ്ടുമാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തെ ഒരു പരിധിവരെയെങ്കിലും ചെറുക്കാൻ മ്യൂച്വല്‍ ഫണ്ടുകള്‍ക്കായത്.
ഒക്ടോബർ മാസത്തില്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ 90,771 കോടി രൂപയാണ് നിക്ഷേപമെത്തിയത്. വിപണി ഇത്രയും തിരുത്തല്‍ നേരിട്ടിട്ടും കൈവശമുള്ള പണം മുഴുവൻ എടുത്ത് ഉപയോഗിക്കാൻ ഫണ്ട് ഹൗസുകള്‍ മുതിർന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിക്ഷേപകരുടെ പണം ഫലപ്രദമായി വിന്യസിക്കാൻ ഇനിയും ഇടിവിനായി കാത്തിരിക്കുകയാണ് ഫണ്ട് ഹൗസുകള്‍.