നവംബർ മാസത്തില്‍ സ്വർണ വില തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും സമീപകാലത്തെ ഉയർന്ന നിരക്കില്‍ തന്നെയാണ് നിലവിലെ വില്‍പ്പന.
പവന് 120 രൂപ കുറഞ്ഞോതെ പവന്റെ ഇന്നത്തെ വില 58840 രൂപയാണ്. ഒന്നാം തിയതി മുതലുള്ള അഞ്ച് ദിവസങ്ങളിലായി ആകെ 800 രൂപയാണ് കുറഞ്ഞത്. ഒക്ടോബർ 31 ന് 59640 എന്ന എക്കാലത്തേയും റെക്കോർഡ് നിരക്കിലായിരുന്നു സ്വർണ വില.
ആഗോള വിപണിയിലെ പ്രതിഫലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്തേയും സ്വർണ വിലയില്‍ ഏറ്റക്കുറിച്ചിലുണ്ടാകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ സ്വർണ വിലയെ സ്വാധീനിക്കുന്നു. ഡൊണാള്‍ഡും ട്രംപും കമല ഹാരിസും പരസ്പരം മാറ്റുരയ്ക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരും എന്നതും സ്വർണ വില നിർണ്ണയിക്കും. നിലവില്‍ ഇന്ത്യയിലെ സ്വർണ വിലയില്‍ നേരിയ ഇടിവുണ്ടായെങ്കിലും വരും ദിവസങ്ങളില്‍ മുന്നോട്ട് തന്നെ പോകാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
ഇന്ത്യയിലേയും അമേരിക്കയിലേയും സ്വർണ വില
ഇന്ത്യയിലേയും അമേരിക്കയിലേയും സ്വർണ വില താരതമ്യപ്പെടുത്തുകയാണെങ്കില്‍, മറ്റ് പല രാജ്യങ്ങളിലേതും എന്നപോലെ ഇന്ത്യയിലാണ് വില കൂടുതല്‍. അമേരിക്കയില്‍ തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 81 ഡോളറാണ് വില. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ 6813 രൂപ. അങ്ങനെയെങ്കില്‍ പവന് 54504 രൂപ.
കേരളത്തില്‍ ഇന്നലെ ഒരു പവന്‍ സ്വർണത്തിന്റെ വില 58960 രൂപയായിരുന്നു. കേരളത്തിലേയും അമേരിക്കയിലേയും വില തമ്മിലുള്ള വ്യത്യാസം 4456 രൂപയുടേത്. ഇന്ത്യയിലേക്ക് പ്രധാനമായും വിദേശ രാജ്യങ്ങളില്‍ നിന്നാണ് സ്വർണം എത്തുന്നത്. അപ്പോള്‍ ഏർപ്പെടുത്തുന്ന ഇറക്കുമതി തീരുവ അടക്കമുള്ള നികുതികളാണ് ഇന്ത്യയിലെ സ്വർണ വില ഉയർന്ന് നില്‍ക്കാന്‍ കാരണം.
ആഭരണത്തിന് വില കൂടിയത് എങ്ങനെ
സ്വർണത്തിന്റെ വിപണി വില 58960 രൂപയാണെങ്കിലും ആഭരണം വാങ്ങുമ്ബോള്‍ ഇതിലേറെ നല്‍കേണ്ടി വരുന്നു. മൂന്ന് ശതമാനം ജി എസ് ടി, പണിക്കൂലി, ഹോള്‍മാർക്ക് ഫീസ് എന്നിവ ചേരുന്നതോടെയാണ് ഉയർന്ന് വില നല്‍കേണ്ടി വരുന്നത്. ഒരു ആഭരണം വാങ്ങുമ്ബോള്‍ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി നല്‍കേണ്ടി വരും. ഡിസൈന് മാറുന്നതിന് അനുസരിച്ച് ഇത് 20 ശതമാനമൊക്കെയായി ഉയരാം. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങണമെങ്കില്‍ 63800 രൂപയോളം നല്‍കേണ്ടി വരും.