പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വില്‍പനയുടെ (ഐപിഒ) പ്രാഥമിക നടപടികള്‍ക്ക് അടുത്തയാഴ്ച തുടക്കമായേക്കും.
170 കോടി ഡോളർ മുതല്‍ 180 കോടി ഡോളർ വരെ (ഏകദേശം 14,280 കോടി രൂപ മുതല്‍ 15,120 കോടി രൂപവരെ) സമാഹരിക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്ന് ഗള്‍ഫ് മാധ്യമമായ സോയ റിപ്പോർട്ട് ചെയ്തു.
കമ്ബനിക്ക് ഏകദേശം 650 കോടി ഡോളർ മുതല്‍ 700 കോടി ഡോളർ വരെ (54,600 കോടി രൂപ മുതല്‍ 58,800 കോടി രൂപവരെ) മൂല്യം വിലയിരുത്തിയാകും ഐപിഒ. അതേസമയം, ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഐപിഒയ്ക്ക് മുന്നോടിയായുള്ള റോഡ് ഷോ (നിക്ഷേപക സംഗമങ്ങള്‍) ഒക്ടോബർ 21ഓടെ ലുലു ഗ്രൂപ്പ് ആരംഭിച്ചേക്കും. ഈ മാസം അവസാനത്തോടെ ഐപിഒ പ്രതീക്ഷിക്കാം. നവംബർ മധ്യത്തോടെ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലാകും (എഡിഎക്സ്/ADX) ലുലു ഗ്രൂപ്പ് ഓഹരികളുടെ ലിസ്റ്റിങ്.
യുഎഇയും മറ്റ് ഗള്‍ഫ് ഗള്‍ഫ് രാഷ്ട്രങ്ങളും ഉത്തര ആഫ്രിക്കൻ രാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന ജിസിസി-നോർത്ത് ആഫ്രിക്കൻ മേഖലയിലെ (MENA) ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒയായിരിക്കും ലുലുവിന്റേത് എന്നാണ് വിയിരുത്തലുകള്‍.
അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലും സൗദി അറേബ്യയിലെ ഓഹരി വിപണിയായ തദാവൂളിലുമായി (Tadawul) ഇരട്ട ലിസ്റ്റിങ്ങാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിച്ചിരുന്നതെങ്കിലും നിലവില്‍ തല്‍കാലം എഡിഎക്സ് മാത്രമാണ് പരിഗണനയിലുള്ളതെന്നും സൂചനകളുണ്ട്.
ഐപിഒയുടെ നടപടിക്രമങ്ങള്‍ നിർവഹിക്കാനായി എമിറേറ്റ്സ് എൻബിഡി കാപ്പിറ്റല്‍, എച്ച്‌എസ്ബിസി ഹോള്‍ഡിങ്സ്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, സിറ്റി ഗ്രൂപ്പ് എന്നിവയെ ലുലു ഗ്രൂപ്പ് നിയമിച്ചിട്ടുണ്ടെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
25 ശതമാനം ഓഹരികളായിരിക്കും ഐപിഒയിലൂടെ ലുലു ഗ്രൂപ്പ് വിറ്റഴിച്ചേക്കുക. ഓഹരികളുടെ ഐപിഒ വിലയും ജീവനക്കാർക്കായി നീക്കിവയ്ക്കുന്ന ഓഹരികളെക്കുറിച്ചും ലുലു ഗ്രൂപ്പ് അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും.
ജിസിസിക്ക് പുറമേ ഇന്ത്യ, ഈജിപ്റ്റ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 260ല്‍ അധികം ഹൈപ്പർമാർക്കറ്റുകളും 20ല്‍ അധികം ഷോപ്പിങ് മാളുകളുമുള്ള റീറ്റെയ്ല്‍ ശൃംഖലയാണ് ലുലു ഗ്രൂപ്പ്.
യുഎഇയിലും ഒമാനിലും പ്രീമിയം സൂപ്പർമാർക്കറ്റ് ശൃംഖലയുള്ള സ്പിന്നീസ് (Spinneys) ഇക്കഴിഞ്ഞ ഏപ്രിലില്‍ 37.5 കോടി ഡോളറിന്റെ (3,150 കോടി രൂപ) ഐപിഒ സംഘടിപ്പിച്ചിരുന്നു. ഏകദേശം 1,900 കോടി ഡോളറിന്റെ (1.59 ലക്ഷം കോടി രൂപ) ഓഹരികള്‍ക്കുള്ള അപേക്ഷകളും സ്പിന്നീസിന് ലഭിച്ചിരുന്നു.
ഇതിനേക്കാള്‍ വലിയ സ്വീകാര്യത ലുലുവിന്റെ ഐപിഒയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. മലയാളികള്‍ ഉള്‍പ്പെടെ യുഎഇയില്‍ ഇന്ത്യൻ പ്രവാസികളുടെ ബാഹുല്യമുണ്ടെന്നത് ഐപിഒയ്ക്ക് കരുത്തായേക്കും.
രണ്ടുവർഷമായി ഐപിഒയ്ക്കുള്ള ഒരുക്കങ്ങള്‍ ലുലു ഗ്രൂപ്പ് നടത്തുന്നുണ്ട്. ഐപിഒയുടെ ധനകാര്യ ഉപദേശകരായി മോലീസ് ആൻഡ് കോയെ (Moelis & Co) 2022ല്‍ ലുലു ഗ്രൂപ്പ് തിരഞ്ഞെടുത്തിരുന്നു.
അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു (ADQ) 2020ല്‍ ലുലു ഗ്രൂപ്പില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തി 20% ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ലുലുവിന്റെ ഈജിപ്റ്റിലെ വികസനപദ്ധതികള്‍ക്ക് നിക്ഷേപം ഉറപ്പാക്കാനായിരുന്നു ഇത്.
ഐപിഒയ്ക്ക് മുന്നോടിയെന്നോണം 1,000 കോടി ദിർഹം സമാഹരിച്ച് കടങ്ങള്‍ പുനഃക്രമീകരിക്കാൻ ലുലു ഗ്രൂപ്പ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകള്‍ 2023 ഓഗസ്റ്റിലും വന്നിരുന്നു. ജിസിസിക്കും ഈജിപ്റ്റിനും പുറമേ നിരവധി രാജ്യങ്ങളിലായി 80ല്‍ അധികം ഹൈപ്പർമാർക്കറ്റുകള്‍ തുറക്കാൻ ഈ സമാഹരണം സഹായിക്കുമെന്നും കമ്ബനി വിലയിരുത്തിയിരുന്നു.
2022ലെ കണക്കുപ്രകാരം ലുലു ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവ് 800 കോടി ഡോളറാണ് (ഏകദേശം 66,000 കോടി രൂപ). 65,000ല്‍ അധികം ജീവനക്കാരും ലുലു ഗ്രൂപ്പിനുണ്ട്. ഇതില്‍ നല്ലൊരുപങ്കും മലയാളികള്‍.