ഒരോ കുട്ടിയും ജനിക്കുമ്ബോള്‍ മുതല്‍ തന്നെ വലിയ സ്വപ്നങ്ങളാണ് അവരുടെ മാതാപിതാക്കള്‍ക്കുള്ളത്. വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങി മുന്നിലുള്ള കാര്യങ്ങളൊക്കെയും അവർ അപ്പോള്‍ മുതല്‍ സ്വപ്നം കണ്ടുതുടങ്ങാറുണ്ട്.
ഏറ്റവും കുറഞ്ഞപക്ഷം മികച്ച വിദ്യാഭ്യാസം ഉറപ്പാക്കണമെന്നെങ്കിലും ചിന്തിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. എന്നാല്‍, വിദ്യാഭ്യാസ ചെലവുകളാകട്ടെ ദിനംപ്രതി കൂടി കൂടി വരുകയുമാണ്. ഉന്നത വിദ്യാഭ്യാസത്തിന് വിദേശ നാടുകളിലേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ വർധനവാണുള്ളത്. ഇത്തരം ഒരു സാഹചര്യത്തില്‍ അവരുടെ ഭാവി ഭദ്രവും സുരക്ഷിതവുമാക്കുന്നതിന് ശരിയായ നിക്ഷേപം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
കുട്ടികള്‍ക്കായുള്ള നിക്ഷേപ ആസൂത്രണവും പദ്ധതിയും അപ്രതീക്ഷിതമായി വരാൻ സാധ്യതയുള്ള കാര്യങ്ങളില്‍ പോലും സാമ്ബത്തിക ഭദ്രത ഉറപ്പാക്കുന്നു. നിങ്ങളുടെ കുട്ടിയുടെ സാമ്ബത്തിക ഭാവി സുരക്ഷിതമാക്കുന്നതിലൂടെ, സാമ്ബത്തിക സമ്മർദ്ദങ്ങളാല്‍ ഭാരപ്പെടാതെ അവരുടെ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങള്‍ അവർക്ക് അവസരം നല്‍കുക കൂടിയാണ് ചെയ്യുന്നത്. കുട്ടികള്‍ക്കുള്ള നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് പരിഗണിക്കേണ്ട നാല് കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
നിക്ഷേപ ലക്ഷ്യം: കുട്ടികളുടെ ഭാവിയ്ക്കുവേണ്ടി നിക്ഷേപിക്കുന്നു എന്ന് പറയുമ്ബോഴും ഭാവിയിലേക്ക് എന്തിനുവേണ്ടി നിക്ഷേപിക്കുന്നു എന്ന കാര്യത്തില്‍ ധാരണയുണ്ടായിരിക്കണം. അത് അവരുടെ വിദ്യാഭ്യാസത്തിനാണോ? മറ്റെന്തെങ്കിലും വിനോദ ആവശ്യങ്ങള്‍ക്കോ അവരുടെ ഏതെങ്കിലും ആഗ്രഹങ്ങള്‍ സാധ്യമാക്കുന്നതിനാണോ? അവർക്കായി ഒരു വീട് വാങ്ങാനാണോ? അവർ ആരംഭിക്കാൻ പോകുന്ന ബിസിനസിനുള്ള മൂലധനമായിട്ടാണോ? അങ്ങനെ ആവശ്യമെന്താണ് എന്ന കാര്യത്തില്‍ വ്യക്തത അനിവാര്യമാണ്. ഇത് ശരിയായ നിക്ഷപം തിരഞ്ഞെടുക്കാനും നിക്ഷേപ തന്ത്രം ആസൂത്രണം ചെയ്യാനും സാധിക്കും.
സമയ ദൈർഘ്യം: കുട്ടികള്‍ക്കുവേണ്ടിയുള്ള നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് ഏറെ പ്രാധാന്യത്തോടെ ഉറപ്പുവരുത്തേണ്ട മറ്റൊരു കാര്യമാണ് സമയം. ലക്ഷ്യത്തിലേക്ക് എത്ര സമയമാണ് നിങ്ങള്‍ക്ക് ബാക്കിയുള്ളത് എന്നറിഞ്ഞിരിക്കണം. നിങ്ങളുടെ കുട്ടിയ്ക്ക് ചെറിയ പ്രായമാണെങ്കില്‍ അപകട സാധ്യതയുള്ളതാണെങ്കിലും മികച്ച റിട്ടേണ്‍സ് ഉറപ്പുനല്‍കുന്ന നിക്ഷേപ അവസരങ്ങള്‍ തിരഞ്ഞെടുക്കാം. എന്നാല്‍, അവർ കൊളേജില്‍ ചേരുന്ന പ്രായമൊക്കെ ആയെങ്കില്‍ വളരെ കുറച്ച് സമയം മാത്രമാണ് നിങ്ങളുടെ മുന്നിലുള്ളത്.
അപകട സാധ്യത: കുട്ടികള്‍ക്കുവേണ്ടിയുള്ള നിക്ഷേപമാണെങ്കിലും അപകട സാധ്യത വിലയിരുത്തി വേണം ഏതൊരു നിക്ഷേപവും ആരംഭിക്കാൻ. വളരെ ഉയർന്ന റിട്ടേണ്‍സ് വാഗ്ദാനം ചെയ്യുന്ന, എന്നാല്‍ അപകട സാധ്യത കൂടുതലായ ഒരുപാട് നിക്ഷേപ അവസരങ്ങള്‍ വിപണിയിലുണ്ട്. ഇതില്‍ നിന്നും ശരിയായത് തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. ആവശ്യമെങ്കില്‍ ഒരു സാമ്ബത്തിക ഉപദേഷ്ടാവിനെ സമീപിക്കാവുന്നതുമാണ്.
ലോക്ക് ഇൻ കാലയളവ്: ദീർഘകാലത്തേക്കുള്ള നിക്ഷേപമാണ് നിങ്ങള്‍ ആസൂത്രണം ചെയ്യുന്നതെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന രീതിയിലാണ് അതെങ്കില്‍ കുട്ടികള്‍ക്കും നിങ്ങള്‍ക്കും അത് സാമ്ബത്തിക സുരക്ഷിതത്വം എല്ലാകാലത്തും വാഗ്ദാനം ചെയ്യും.