സ്വര്‍ണവില ഓരോ ദിവസവും ഉയരുകയാണ്. കഴിഞ്ഞാഴ്ച മാത്രം ആയിരം രൂപയിലധികം പവന് വര്‍ധിച്ചു. ഓരോ ആഴ്ചയും ഈ തോതില്‍ വര്‍ധിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന ആശ്ചര്യത്തിലാണ് ഉപഭോക്താക്കള്‍.
ആഗോള വിപണിയില്‍ വന്‍ കുതിപ്പാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തുന്നത്. ഇനിയും കൂടുമെന്ന വിവരങ്ങള്‍ ധനകാര്യ വിദഗ്ധര്‍ പങ്കുവയ്ക്കുമ്ബോള്‍ കേരളത്തില്‍ പവന്‍ വില വൈകാതെ 60000 കടക്കുമെന്ന് വ്യക്തമാകുന്നു.
ഡോളര്‍ സൂചിക നേരിയ തോതില്‍ ഇടിയുന്നത് ഇനിയും സ്വര്‍ണവില കൂടുമെന്ന സൂചനയാണ്. അമേരിക്കയില്‍ അടുത്ത മാസം ആദ്യവാരത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്. പുതിയ ഭരണകൂടം അധികാരത്തില്‍ വരാന്‍ പിന്നെയും ആഴ്ചകളെടുക്കും. ഇതും വിപണിയെ ആശയക്കുഴപ്പത്തിലാക്കുന്നു. എല്ലാ വിഭാഗം ശ്രേണിയില്‍പ്പെട്ട സ്വര്‍ണത്തിനും വെള്ളിക്കും ഇന്ന് വില കൂടുകയാണ് ചെയ്തത്…
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ നല്‍കേണ്ട വില 58400 രൂപയാണ്. 160 രൂപ വര്‍ധിച്ചു. ഗ്രാമിന് 20 കൂടി 7300 എന്ന നിരക്കിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6025 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 2 രൂപ വര്‍ധിച്ച് 104 രൂപയിലെത്തി. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിവരം. ഈ ഘട്ടത്തില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
വിവാഹത്തിന് ഉള്‍പ്പെടെ സ്വര്‍ണം ആവശ്യമുള്ളവര്‍ നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടാകും. അത്തരക്കാര്‍ക്ക് ആശങ്കയ്ക്ക് വകയില്ല. എത്ര വില കൂടിയാലും ബുക്ക് ചെയ്ത സമയത്തെ വിലയില്‍ സ്വര്‍ണാഭരണം കിട്ടും. മാത്രമല്ല, പണിക്കൂലിയിലും ഇളവ് ലഭിച്ചേക്കും. ഭാവിയില്‍ സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിലുള്ളവര്‍ക്ക് മുമ്ബിലുള്ള നല്ല മാര്‍ഗം അഡ്വാന്‍സ് ബുക്കിങ് ആണ്. പണം കൈവശമുള്ളവര്‍ക്ക് ഈ വഴി സ്വീകരിക്കാം.
പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനങ്ങളാണിതെല്ലാം. പവന്‍ വിലയില്‍ 1500 രൂപയുടെ കുറവില്‍ തുക ലഭിച്ചേക്കും. വാങ്ങിയ ജ്വല്ലറികളില്‍ തന്നെ പഴയ സ്വര്‍ണം വില്‍ക്കുന്നതാണ് നല്ലത്. ഉയര്‍ന്ന മൂല്യം കിട്ടാനുള്ള മാര്‍ഗമാണിത്. മറ്റു ജ്വല്ലറിയിലാണ് വില്‍ക്കുന്നതെങ്കില്‍ തുകയില്‍ നാല് ശമതാനം വരെ കുറവ് വന്നേക്കും. കഴിഞ്ഞ 10 ദിവസത്തിനിടെ 2000 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിലുണ്ടായത് എന്ന് ഓര്‍ക്കണം.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2731 ഡോളര്‍ ആണ് പുതിയ വില. ഇത് 3000ത്തിലേക്ക് വൈകാതെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ വില 60000 കടന്ന് കുതിക്കും. ആഭരണം വാങ്ങുമ്ബോള്‍ ഈ വിലയ്ക്കും സ്വര്‍ണം കിട്ടില്ല. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്ത് 65000ത്തിന് മുകളില്‍ ചെലവ് വരും.
ഡോളര്‍ സൂചിക 103.46 എന്ന നിരക്കിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപ 84.06 എന്ന നിരക്കിലാണ്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുമ്ബോള്‍ ഉയര്‍ന്ന മൂല്യം ഇന്ന് ലഭിക്കും. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡിന് 73.39 ഡോളര്‍ എന്ന നിരക്കിലാണുള്ളത്. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിനും അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിനും വില ഉയരുകയാണ്. ഇന്ത്യയില്‍ സിഎന്‍ജി വിലയും ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആറ് രൂപ വരെ ഉയരുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ പ്രകൃതി വാതകം ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്കും തിരിച്ചടിയാകും.