HomeIndiaഹ്യൂണ്ടായ് ഐപിഒയ്ക്ക് മാർക്കറ്റിൽ പ്രിയം കുറവോ? ഒറ്റ ദിവസം ഗ്രേ മാർക്കറ്റിൽ ...

ഹ്യൂണ്ടായ് ഐപിഒയ്ക്ക് മാർക്കറ്റിൽ പ്രിയം കുറവോ? ഒറ്റ ദിവസം ഗ്രേ മാർക്കറ്റിൽ ഇടിഞ്ഞത് 70% പ്രീമിയം: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ രണ്ടാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്ബനിയായ ഹുണ്ടായി മോട്ടോറിന്റെ ഐപിഒ അടുത്തയാഴ്‌ച നടക്കാനിരിക്കെ ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 70 ശതമാനം ഇടിഞ്ഞു.ഒക്‌ടോബര്‍ 15 മുതല്‍ 17 വരെയാണ്‌ ഹുണ്ടായി മോട്ടോറിന്റെ ഐപിഒ നടക്കുന്നത്‌. 1865-1960 രൂപയാണ്‌ ഹുണ്ടായി മോട്ടോറിന്റെ ഇഷ്യു വില. നിലവില്‍ ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 147 രൂപയാണ്‌. അതായത്‌ ഉയര്‍ന്ന ഓഫര്‍ വിലയുടെ ഏഴ്‌ ശതമാനം മാത്രം.

സെപ്‌റ്റംബര്‍ അവസാന വാരം 570 രൂപയായിരുന്ന ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം കഴിഞ്ഞയാഴ്‌ച 360 രൂപയായി കുറഞ്ഞിരുന്നു. ഈയാഴ്‌ച ഇത്‌ 150 രൂപയുടെ താഴേക്ക്‌ ഇടിഞ്ഞു. 72 ശതമാനം ഇടിവാണ്‌ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയത്തിലുണ്ടായത്‌. ഓഹരികളുടെ അനൗദ്യോഗിക വ്യാപാരമാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ നടക്കുന്നത്‌. ഗ്രേ മാര്‍ക്കറ്റിലെ വില ഐപിഒകളുടെ ലിസ്റ്റിംഗ്‌ എങ്ങനെയായിരിക്കും എന്നതിനുള്ള സൂചന മാത്രമാണ്‌. ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം അതേ പടി ലിസ്റ്റിംഗില്‍ പ്രതിഫലിക്കണമെന്നില്ല. അതേ സമയം ലിസ്റ്റ്‌ ചെയ്യാത്ത ഓഹരികളുടെ വ്യാപാരം നടക്കുന്ന വിപണിയില്‍ ഒരു കമ്ബനിയുടെ ഓഹരിക്ക്‌ എത്രത്തോളം ഡിമാന്റുണ്ടെന്നതിന്റെ സൂചനയായി ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം പരിഗണിക്കാവുന്നതാണ്‌.

2003ല്‍ മാരുതി സുസുകി ഐപിഒ നടത്തിയതിനു ശേഷം ആദ്യമായാണ്‌ ഒരു കാര്‍ നിര്‍മാണ കമ്ബനി പബ്ലിക്‌ ഇഷ്യു നടത്തുന്നത്‌. 27,870 കോടി രൂപയാണ്‌ ഐപിഒ വഴി ഹുണ്ടായി മോട്ടോര്‍ സമാഹരിക്കുന്നത്‌. 14.2 കോടി ഓഹരികളാണ്‌ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി വില്‍ക്കുന്നത്‌. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ്‌ എസ്‌) വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ വില്‍ക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.

Latest Posts