റിസർവ് ബാങ്ക്(reserve bank) ഗവർണർ ശക്തികാന്ത ദാസ്(Shakthikanth Das) നയിക്കുന്ന ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി/MPC) നിർണായക യോഗം ഒക്ടോബർ 7 മുതല്‍ 9 വരെ.2023 ഫെബ്രുവരിക്ക് ശേഷം അടിസ്ഥാന പലിശനിരക്കില്‍ എംപിസി തൊട്ടിട്ടില്ല. റീപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തില്‍ തുടരുകയാണ്. റീപ്പോനിരക്ക് കുറഞ്ഞാലേ ബാങ്കുകള്‍ വായ്പകളുടെ പലിശയും കുറയ്ക്കൂ.
ഫലത്തില്‍, റീപ്പോ കുറഞ്ഞാലേ വാഹന, ഭവന, വിദ്യാഭ്യാസ, കാർഷിക, വ്യക്തിഗത വായ്പകളുടെയൊക്കെ പലിശഭാരവും ഇഎംഐ ബാധ്യതയും കുറയൂ.
പണപ്പെരുപ്പം കൂടിയത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ യോഗങ്ങളില്‍ റിസർവ് ബാങ്ക് റീപ്പോനിരക്ക് പരിഷ്കരിക്കാതിരുന്നത്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അഥവാ റീറ്റെയ്ല്‍ പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് എംപിസിയുടെ പ്രവർത്തനലക്ഷ്യം. ഇത് 6 ശതമാനത്തിനും മുകളിലായിരുന്നത് കഴിഞ്ഞവർഷം റിസർവ് ബാങ്കിനെ റീപ്പോനിരക്ക് നിലനിർത്താൻ പ്രേരിപ്പിച്ചു.
നിലവില്‍ പണപ്പെരുപ്പം 4 ശതമാനത്തിനും താഴെയാണ്. മാത്രമല്ല, പണപ്പെരുപ്പം 6 ശതമാനം വരെ ഉയർന്നാലും അത് ഇന്ത്യൻ സമ്ബദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്ന് റിസർവ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.
ജൂലൈയില്‍ 3.6 ശതമാനമായിരുന്ന പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.65 ശതമാനമാണ്. അതായത്, പലിശനിരക്ക് കുറയ്ക്കാൻ പണപ്പെരുപ്പം നിലവില്‍ അനുകൂലമാണ്.
4 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് സെപ്റ്റംബർ 18ന് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചത്. അരശതമാനം (0.50%) ബമ്ബർ ഇളവാണ് പ്രഖ്യാപിച്ചതും.
പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്തായിരുന്നു നടപടി. റീറ്റെയ്ല്‍ പണപ്പെരുപ്പം 2 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യമെങ്കിലും അത് 3 ശതമാനത്തിന് താഴെയെത്തിയപ്പോള്‍ തന്നെ അമേരിക്ക പലിശഭാരം കുറയ്ക്കുകയായിരുന്നു. അടുത്ത യോഗങ്ങളിലും പലിശ കുറയ്ക്കുമെന്ന സൂചനയും ഫെഡറല്‍ റിസർവ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യൻ സമ്ബദ്‍വ്യവസ്ഥയിലെ ചലനങ്ങള്‍ക്ക് അനുസൃതമാണ് എംപിസിയുടെ നയങ്ങളെന്നും വിദേശ കേന്ദ്ര ബാങ്കുകളുടെ നയം സ്വാധീനിക്കില്ലെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
അങ്ങനെയെങ്കില്‍ ഈ മാസത്തെ യോഗത്തിലും റിസർവ് ബാങ്ക് പലിശനിരക്കില്‍ തൊടാൻ സാധ്യത വിരളം. മാത്രമല്ല, രാജ്യാന്തര ക്രൂഡ് ഓയില്‍ വില വർധന, ഭൗമരാഷ്ട്രീയ സംഘർഷങ്ങള്‍ എന്നിവയും റിസർവ് ബാങ്ക് കണക്കിലെടുത്തേക്കും.
രണ്ടുകാര്യങ്ങളും ഇന്ത്യയില്‍ പണപ്പെരുപ്പം കൂടാൻ വഴിവയ്ക്കുന്നവയാണ് എന്നതാണ് കാരണം. ഒക്ടോബറിലെ യോഗത്തില്‍ പലിശനിരക്ക് നിരനിർത്തിയശേഷം ഡിസംബറോടെ പലിശനയത്തില്‍ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയ്യാറാകുമെന്നും വിലയിരുത്തലുകളുണ്ട്.
എംപിസിയില്‍ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത സ്വതന്ത്ര അംഗങ്ങളായ ആഷിമ ഗോയല്‍, മലയാളിയായ പ്രൊഫ. ജയന്ത് വർമ, ശശാങ്ക് ഭീഡെ എന്നിവരുടെപ്രവർത്തന കാലാവധി അവസാനിച്ചതിനെ തുടർന്ന് മൂന്ന് പുതിയ അംഗങ്ങളെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ഡയറക്ടർ പ്രൊഫ. രാം സിങ്, ഡല്‍ഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ഇൻഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഡയറക്ടർ ഡോ. നാഗേഷ് കുമാർ, സാമ്ബത്തിക വിദഗ്ദ്ധൻ സൗഗത ഭട്ടാചാര്യ എന്നിവരാണ് പുതിയ അംഗങ്ങള്‍.
നിലവിലെ അംഗങ്ങളില്‍ പ്രൊഫ. ജയന്ത് വർമയും ആഷിമ ഗോയലും റീപ്പോനിരക്കില്‍ ഇളവ് വേണമെന്ന് കഴിഞ്ഞ യോഗങ്ങള്‍ ശക്തമായി വാദിച്ചിരുന്നു. ഇന്ത്യ പോലൊരു സമ്ബദ്‍വ്യവസ്ഥ ഏറെക്കാലം 6.50 ശതമാനമെന്ന ഉയർന്ന പലിശനിരക്കില്‍ തുടരുന്നത് സാമ്ബത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്ന നിലപാടായിരുന്നു പ്രൊഫ. ജയന്ത് വർമയുടേത്.
പുതിയ അംഗങ്ങളില്‍ സൗഗത ഭട്ടാചാര്യ പ്രൊഫ. ജയന്തിന് സമാനമായ നിലപാട് സ്വീകരിച്ചേക്കുമെന്ന് സൂചനകളുണ്ട്. പലിശഭാരം കുറച്ചുകൊണ്ട്, രാജ്യത്തിന്റെ സാമ്ബത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന നടപടി അനിവാര്യമാണെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ താനെഴുതിയ ലേഖനത്തില്‍ സൗഗത അഭിപ്രായപ്പെട്ടിരുന്നു.