ലുലു എന്ന പേരിനെ മലയാളികള്‍ക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ലുലു ഗ്രൂപ്പും എംഎ യൂസഫ് അലിയും മലയാളികളുടെ വികാരമാണെന്ന് പറഞ്ഞാലും തെറ്റില്ല.എന്തായാലും ലുലു ഗ്രൂപ്പിനെ സംബന്ധിച്ച വലിയ വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മറ്റൊന്നുമല്ല, അബുദബി ആസ്ഥാനമായ ലുലു ഇന്‍റര്‍നാഷണലിന്‍റെ (Lulu Group International) വമ്ബന്‍ പ്രാരംഭ ഓഹരി വില്‍പ്പന അടുത്തമാസം അവസാനമോ നവംബര്‍ ആദ്യമോ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അതോടെ സ്വകാര്യ പങ്കാളിത്തം എന്നത് പൊതുപങ്കാളിത്തമായി മാറും. ഏത് വിപണിയിലാണ് ലുലു ലിസ്റ്റ് ചെയ്യപ്പെടുകയെന്നും എത്ര രൂപയാണ് ഐപിഒയുടെ ലക്ഷ്യമെന്നും നമുക്ക് വിശദമായി നോക്കാം.
ലക്ഷ്യം 2 ബില്യൻ ഡോളർ
രണ്ടുവർഷമായി പ്രാരംഭ ഓഹരി വില്‍പനയ്ക്കുള്ള ഒരുക്കങ്ങള്‍ ലുലു ഗ്രൂപ്പ് നടത്തുന്നുണ്ട്. ഐപിഒയുടെ ധനകാര്യ ഉപദേശകരായി മോലീസ് ആൻഡ് കോയെ (Moelis & Co) 2022ല്‍ ലുലു ഗ്രൂപ്പ് തിരഞ്ഞെടുത്തിരുന്നു. അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു 2020ല്‍ ലുലു ഗ്രൂപ്പില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തി 20% ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.ഏകദേശം 16,700 കോടി രൂപ (2 ബില്യണ്‍ ഡോളര്‍) ഉന്നമിട്ടുള്ള ലിസ്റ്റിംഗാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഗള്‍ഫ് റീജിയിണിലെ ഏറ്റവും വലിയ പണ സമാഹരണങ്ങളിള്‍ ഒന്നായിരിക്കും ലുലു ഗ്രൂപ്പ് ഐപിഒ.
ലിസ്റ്റിംഗ് എവിടെ..?
പല മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കുന്ന ഓഹരി യു.എ.ഇയിലെ അബുദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലും (ADX) സൗദി അറേബ്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ തദാവൂളിലും (Tadawul) ലിസ്റ്റ് ചെയ്യും. മിഡില്‍ ഈസ്റ്റില്‍ അടുത്ത കാലത്ത് നടന്ന ഐ.പി.ഒകള്‍ക്ക് ലഭിച്ച സ്വീകാര്യത നോക്കുമ്ബോള്‍ ലുലു ഐ.പി.ഒ കൂടുതല്‍ ആകർഷകമാകാനാണ് സാധ്യത.
വലിയ ലക്ഷ്യങ്ങള്‍
രാജ്യത്തെമ്ബാടും മാളുകള്‍ സ്ഥാപിക്കുന്നതു കൂടാതെ ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ശ്രമമുണ്ട്. ഇതിന് ബാങ്ക് വായപയെ മാത്രമായി ആശ്രയിക്കാനാകില്ല, അതിനാണ് ഇക്വിറ്റി ഫണ്ടിംഗും ഉദ്ദേശിക്കുന്നത്. അതേസമയം ലുലുഗ്രൂപ്പ് ഐ.പി.ഒയില്‍ പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) ഉണ്ടാകുമോ എന്നതിനെ കുറിച്ച് വ്യക്തതയായിട്ടില്ല. ലുലു ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലിയാണ് കമ്ബനിയുടെ പ്രധാന പ്രമോട്ടര്‍.
ബുക്ക് റണ്ണേഴ്‌സ്
എമിറേറ്റ്‌സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്‌എസ്ബിസി ഹോള്‍ഡിംഗ്‌സ്, അബുദാബി കൊമേഴ്ഷ്യല്‍ ബാങ്ക്, സിറ്റിഗ്രൂപ്പ് എന്നിവര്‍ ഐപിഎയുടെ ബുക്ക് റണ്ണേഴ്‌സായി മാറാനാണ് സാധ്യത. അതേസമയം ലുലു ഗ്രൂപ്പ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ലുലു ഇന്‍റര്‍നാഷണല്‍
ജിസിസിക്ക് പുറമേ ഇന്ത്യ, ഈജിപ്റ്റ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 260ല്‍ അധികം ഹൈപ്പർമാർക്കറ്റുകളും 20ല്‍ അധികം ഷോപ്പിങ് മാളുകളുമുള്ള റീറ്റെയ്ല്‍ ശൃംഖലയാണ് ലുലു ഗ്രൂപ്പ്. 260 ലുലു സ്റ്റോറുകള്‍, 24 ഷോപ്പിങ് മാളുകള്‍ എന്നിവ ജിസിസി, ഈജിപ്ത്, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി ഉണ്ട്.
എന്താണ് ഐപിഒ..?
ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓഹരി (Share) പൊതു ജനങ്ങള്‍ക്കും മറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ക്കും വാങ്ങാൻ വാഗ്ദാനം ചെയ്യുന്ന പ്രക്രിയയാണ് പ്രാരംഭ ഓഹരി വില്‍പ്പന (initial public offering) അഥവാ ഐപിഓ എന്ന് അറിയപ്പെടുന്നത്. പൊതു നിക്ഷേപകരില്‍ നിന്ന് മൂലധനം സ്വരൂപിക്കാൻ ഒരു ഐപിഒ വഴി കമ്ബനികള്‍ക്ക് സാധിക്കുന്നു. ഈ പ്രക്രിയയിലൂടെ ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്ബനി ഒരു പൊതു കമ്ബനിയായി രൂപാന്തരപ്പെടുന്നു.