അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി/AMFI) കണക്കുപ്രകാരം മ്യൂച്വല്‍ഫണ്ട് സ്കീമുകളില്‍ കേരളത്തില്‍(Keralam) നിന്നുള്ള മൊത്തം നിക്ഷേപം (എയുഎം/AUM) കഴിഞ്ഞമാസം (ഓഗസ്റ്റ്) 81,812.62 കോടി രൂപയിലെത്തി.ഇത് സർവകാല റെക്കോർഡാണ്.
കേരളത്തില്‍ നിന്നുള്ള ആകെ നിക്ഷേപമൂല്യം 80,000 കോടി രൂപ ഭേദിച്ചതും ആദ്യം. ജൂലൈയില്‍ ഇത് 78,411.01 കോടി രൂപയായിരുന്നു.കഴിഞ്ഞ 10 വർഷത്തിനിടെയാണ് മ്യൂച്വല്‍ഫണ്ടുകളില്‍ കേരളത്തില്‍ നിന്നുള്ള നിക്ഷേപം വൻതോതില്‍ കൂടിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡാനന്തരം നിക്ഷേപ വളർച്ച കൂടുതല്‍ ശക്തവുമായി.2023 ഓഗസ്റ്റില്‍ 56,050 കോടി രൂപയായിരുന്നു കേരളത്തില്‍ നിന്നുള്ള മൊത്തം നിക്ഷേപം. 2020 ഓഗസ്റ്റില്‍ ഇത് 31,628 കോടി രൂപയും 2015 ഓഗസ്റ്റില്‍ 11,642 കോടി രൂപയുമായിരുന്നു.
ഇന്ത്യൻ ഓഹരി വിപണിയുടെ സമീപകാലത്തെ റെക്കോർഡ് മുന്നേറ്റം നിരവധി പേരെ, പ്രത്യേകിച്ച് യുവാക്കളെ ഓഹരി നിക്ഷേപത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്. ഇതില്‍ തന്നെ നിരവധി പേർ തിരഞ്ഞെടുത്തത് മ്യൂച്വല്‍ഫണ്ടുകളെയാണ്.സ്വർണം, എഫ്ഡി തുടങ്ങിയവയെ അപേക്ഷിച്ച് റിസ്ക് കൂടുതലാണെങ്കിലും താരതമ്യേന മികച്ച റിട്ടേണ്‍ കിട്ടുന്നു എന്നതും മ്യൂച്വല്‍ഫണ്ടുകളെ ആകർഷകമാക്കി.
മാത്രമല്ല, മ്യൂച്വല്‍ഫണ്ടുകളില്‍ തവണവ്യവസ്ഥയില്‍ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്‌ഐപി) സംബന്ധിച്ച അവബോധം വർധിച്ചതും മൊബൈല്‍ ആപ്പുകള്‍ വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം നടത്താമെന്നതും സ്വീകാര്യത കൂട്ടി. 100 രൂപ മുതല്‍ ആഴ്ചയിലോ മാസമോ ത്രൈമാസമോ ആയി നിക്ഷേപിക്കാമെന്നതാണ് എസ്‌ഐപിയുടെ പ്രത്യേകത.
ഓഹരി അധിഷ്ഠിത (ഇക്വിറ്റി) മ്യൂച്വല്‍ഫണ്ട് പദ്ധതികളിലാണ് കേരളീയർ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളതെന്ന് ആംഫി ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റിലെ കണക്കനുസരിച്ചുള്ള 81,812 കോടി രൂപയില്‍ 61,292 കോടി രൂപയും ഇക്വിറ്റി സ്കീമുകളിലാണ്.ജൂലൈയിലെ 59,504 കോടി രൂപയില്‍ നിന്നാണ് വളർച്ച. കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ നിക്ഷേപം ജൂലൈയിലെ 4,859 കോടി രൂപയില്‍ നിന്നുയർന്ന് 5,573 കോടി രൂപയായി.കടപ്പത്ര അധിഷ്ഠിതമായ മറ്റ് സ്കീമുകളിലെ നിക്ഷേപം 5,850 കോടി രൂപയില്‍ നിന്ന് 6,557 കോടി രൂപയിലെത്തി.
ഓഹരിയിലും കടപ്പത്രങ്ങളിലും ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് സ്കീമുകളിലെ നിക്ഷേപം 6,613 കോടി രൂപയില്‍ നിന്ന് 6,723 കോടി രൂപയായും മെച്ചപ്പെട്ടു. ഗോള്‍ഡ് ഇടിഎഫുകളിലും കേരളീയർ മികച്ച നിക്ഷേപം കഴിഞ്ഞമാസം നടത്തി.ജൂണില്‍ 175.24 കോടി രൂപയും ജൂലൈയില്‍ 177.06 കോടി രൂപയുമായിരുന്ന ഗോള്‍ഡ് ഇടിഎഫ് നിക്ഷേപം ഓഗസ്റ്റില്‍ 204 കോടി രൂപയിലേക്കാണ് ഉയർന്നത്.