ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി. 2024ലെ ഹുരുൻ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ വീഴ്‌ത്തി അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി ഒന്നാമതെത്തിയത്.11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി.കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരമാണ് ഹുരുൻ ഇന്ത്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓരോ അഞ്ച് ദിവസം കൂടുമ്ബോഴും ഇന്ത്യയില്‍ ഒരു പുതിയ ശതകോടീശ്വരൻ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് ഹുരുൻ ഇന്ത്യ വ്യക്തമാക്കുന്നത്.
ഏഷ്യയുടെ തന്നെ സമ്ബത്തുത്പാദന എഞ്ചിനായി ഇന്ത്യ വളരുകയാണെന്നും ഹുരുൻ ഇന്ത്യ സ്ഥാപകൻ റഹ്മാൻ ജുനൈദ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 25 ശതമാനം ഇടിവാണ് ചൈനയില്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ 29 ശതമാനം വളർച്ചയാണ് സംഭവിക്കുന്നത്. രാജ്യത്ത് നിലവില്‍ 334 ശതകോടീശ്വരൻമാരുണ്ട്.ഹുരുൻ ഇന്ത്യ റിച്ച് പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനെയും രേഖപ്പെടുത്തിയിട്ടുണ്ട്. 21 വയസുള്ള കൈവല്യ വൗഹ്രയാണ് പട്ടികയില്‍ ഇടംപിടിച്ച ഏറ്റവും പ്രായം കുറഞ്ഞയാള്‍. സെപ്റ്റോയുടെ (Zepto) സ്ഥാപകരില്‍ ഒരാളാണ് കൈവല്യ. സഹസ്ഥാപകനായ ആദിത് പലിച്ചയാണ് പ്രായം കുറഞ്ഞ രണ്ടാമത്തെയാള്‍. 22 വയസാണ് ആദിതിന്.
ഹുരുൻ ഇന്ത്യ പട്ടികയില്‍ ആദ്യമായി ഇടംപിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. താരത്തിന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരിമൂല്യം വർദ്ധിച്ചതോടെയാണിത്. എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയില്‍ നിന്നും പുതിയതായി ഏഴ് വ്യക്തികളാണ് ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചത്.
രാജ്യത്ത് ഏറ്റവും അധികം ആസ്തിയുടെ ഫാമിലി ബിസിനസ് (25.75 ലക്ഷം കോടി) നടത്തുന്നത് അംബാനി കുടുംബമാണ്. രണ്ടാം സ്ഥാനം ബജാജ് ഫാമിലിയും (7.13 ലക്ഷം കോടി) സ്വന്തമാക്കി. ബിർള കുടുംബമാണ് (5.39 ലക്ഷം കോടി) മൂന്നാം സ്ഥാനത്ത്. സമ്ബന്നരായ ആദ്യ-തലമുറ കുടുംബങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അദാനി കുടുംബമാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂനവാല കുടുംബമാണ് രണ്ടാമത്.