നിക്ഷേപത്തില്‍ വീഴ്ചകള്‍ വരുത്തുന്നത് സാമ്ബത്തിക സ്രോതസുകളെയും സമ്ബത്ത് ശേഖരിക്കാനുള്ള നിങ്ങളുടെ ലക്ഷ്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള കാലയളവില്‍ അത് പ്രതിഫലിക്കുകയും ചെയ്യും.അത്തരം വീഴ്ചകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആദ്യത്തെ പടി, അതില്‍ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ വീഴ്ചകളെ തിരിച്ചറിയുക എന്നതാണ്. ചെറിയ നിക്ഷേപകർ നേരിടുന്ന സാധാരണ ചില നിക്ഷേപ പിഴവുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1) നിക്ഷേപം നടത്തുന്നതിന് മുമ്ബ് സാമ്ബത്തിക ലക്ഷ്യങ്ങള്‍ തീരുമാനിക്കാതിരിക്കുന്നത്
നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി സേവിംഗ്സ് ഉണ്ടായിരിക്കുക, വിരമിക്കലിന് തയാറെടുക്കുക, വിദേശത്ത് ഒരു അവധിക്കാലം ആസൂത്രണം ചെയ്യുക അല്ലെങ്കില്‍ കുട്ടിയുടെ വിവാഹത്തിന് ധനസഹായം ഉണ്ടാക്കുക എന്നിങ്ങനെ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ നിങ്ങള്‍ നേടാൻ ലക്ഷ്യമിടുന്ന സാമ്ബത്തിക നേട്ടങ്ങളെയാണ് സാമ്ബത്തിക ലക്ഷ്യങ്ങളെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ തീരുമാനിക്കുമ്ബോള്‍, അതിനായി നിങ്ങള്‍ സമ്ബാദിക്കേണ്ടതും സ്ഥിരമായി നിക്ഷേപിക്കേണ്ടതുമായ തുകയെ കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണ ലഭിക്കും. അങ്ങനെ ഒരു നിശ്ചിത പദ്ധതി തിരഞ്ഞെടുക്കാൻ നിങ്ങള്‍ക്ക് സാധിക്കും.
2) ഇൻഷുറൻസ് നിക്ഷേപവുമായി കൂട്ടിക്കലർത്തുന്നത്
ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുന്നതിന്റെ പ്രധാന ലക്ഷ്യം, അപ്രതീക്ഷിതമായ മരണം അല്ലെങ്കില്‍ മറ്റെന്തെങ്കിലും അപകടം സംഭവിച്ചാല്‍ അയാളുടെ കുടുംബത്തിന്, പകരം വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. അതിനാല്‍, ലൈഫ് ഇൻഷുറൻസ് പോളിസിയുടെ കവറേജ് തുക, ഇൻഷ്വർ ചെയ്ത വ്യക്തിയുടെ വാർഷിക വരുമാനത്തിന്റെ 10 മുതല്‍ 15 ഇരട്ടിയെങ്കിലും ആയിരിക്കുന്നതാണ് ഉചിതം. പല നിക്ഷേപകരും ഇൻഷുറൻസിനെ നിക്ഷേപവുമായി കൂട്ടിച്ചേർക്കുന്നു. ഇത് അവരെ മണിബാക്ക് പോളിസികള്‍ എടുക്കുന്നതിലേക്ക് എത്തിക്കുന്നു. ഈ തരത്തിലുള്ള ഇൻഷുറൻസ് പോളിസികള്‍ പലപ്പോഴും മതിയായ ലൈഫ് കവറേജ് നല്‍കുന്നില്ലെന്ന് മാത്രമല്ല, ഉപയോക്താക്കള്‍ക്ക് വരുമാനം നല്‍കുന്നുമില്ല.
3) വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങളെ അവഗണിക്കുന്നത്
പല നിക്ഷേപകരും തങ്ങളുടെ സാമ്ബത്തിക ലക്ഷ്യങ്ങളില്‍ വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങളെ അവഗണിക്കുന്നു. വിലക്കയറ്റം പണത്തിന്റെ വാങ്ങല്‍ ശേഷി കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള മതിയായ ഫണ്ടുകള്‍ ഉണ്ടാക്കാൻ സാധിക്കാതെ വരുന്നു. അതിനാല്‍, നിങ്ങളുടെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്ക് ആവശ്യമായ തുക നിർണയിക്കുമ്ബോള്‍ വിലക്കയറ്റം കാരണം സംഭവിക്കുന്ന പ്രശ്‌നങ്ങളെയും പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.
4) ഇമോഷൻസിനാല്‍ സ്വാധീനിക്കപ്പെടുന്നത്
നിക്ഷേപകർ അവരുടെ ഭയം, അത്യാഗ്രഹം തുടങ്ങിയ മനോവികാരങ്ങളെ, അവരുടെ നിക്ഷേപ തീരുമാനങ്ങളില്‍ സ്വാധീനിക്കാൻ അനുവദിക്കുന്നു. ഇക്വിറ്റികള്‍ക്ക് ആകർഷകമായ വിലയുണ്ടെങ്കില്‍പ്പോലും, ഭയം അവരുടെ നിലവിലെ നിക്ഷേപം പിൻവലിക്കാനോ വിപണിയിലെ നഷ്ടത്തിന്റെ സമയത്ത് പുതിയ നിക്ഷേപം നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനോ അവരെ പ്രേരിപ്പിക്കും. അച്ചടക്കമുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്.ഐ.പി) വഴി മൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് പരിഗണിക്കുക. കാരണം, എസ്.ഐ.പികള്‍ സ്ഥിരമായ നിക്ഷേപത്തിന് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്.
5) മതിയായ എമർജൻസി ഫണ്ട് നിലനിർത്തുന്നതില്‍ പരാജയപ്പെടുന്നത്
സാമ്ബത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും തൊഴില്‍ നഷ്ടം, അസുഖം എന്നിവ കാരണം വരുമാനം തടസപ്പെടുന്ന സമയത്ത് ഉണ്ടാകുന്ന ആവശ്യ ചെലവുകള്‍ നികത്തുന്നതുമാണ് എമർജൻസി ഫണ്ട് നിർമിക്കുന്നതിലെ പ്രാഥമിക ലക്ഷ്യം. എന്നാല്‍, മതിയായ എമർജൻസി ഫണ്ടിന്റെ കുറവ് മൂലം, ദീർഘകാല നിക്ഷേപങ്ങള്‍ പിൻവലിക്കാൻ നിക്ഷേപകർ നിർബന്ധിതരായേക്കാം. അല്ലെങ്കില്‍ അത്തരം സാമ്ബത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഉയർന്ന പലിശ നിരക്കില്‍ വായ്പയെടുക്കാനും സാധ്യതയുണ്ട്. അതിനാല്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ നിങ്ങളുടെ സാമ്ബത്തിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് മതിയായ എമർജൻസി ഫണ്ട് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.