ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ എല്‍ഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സർവേ ഫലം.
യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെയും എൻഡിഎക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെയും നേടുമെന്നും എബിപി ന്യൂസ് പ്രവചിക്കുന്നു. തൃശൂരില്‍ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.
ടെെംസ് നൗവിന്റെ എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് എല്‍ഡിഎഫ് കേരളത്തില്‍ നാല് സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 14മുതല്‍ 15 വരെയും എൻഡിഎ ഒന്നും നേടുമെന്നാണ് ടെെംസ് നൗവിന്റെ പ്രവചനം. എൻഡിഎ തൃശൂരില്‍ ജയിക്കുമെന്നാണ് പ്രവചനം.
ഇന്ത്യ ടുഡേ – ആക്‌സിസ് മെെ ഇന്ത്യയുടെ സർവേ ഫലം അനുസരിച്ച് കേരളത്തില്‍ എൻഡിഎ ഒരു സീറ്റ് നേടും. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്നാണ് ഇന്ത്യ ടുഡേയുടെ പ്രവചനം. യുഡിഎഫ് 17മുതല്‍ 18 സീറ്റ് വരെയും എല്‍ഡിഎഫ് ഒരു സീറ്റ് വരെയും നേടുമെന്ന് പ്രവചനമുണ്ട്.
ഇന്ത്യടിവി – സിഎൻഎക്‌സിന്റെ സർവേ ഫലവും യുഡിഎഫിന് അനുകൂലമാണ്. യുഡിഎഫ് – 13 മുതല്‍ 15 വരെ സീറ്റുകള്‍ നേടാൻ സാദ്ധ്യതയുണ്ട്. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ചും എൻഡിഎ ഒന്ന് മുതല്‍ മൂന്നും സീറ്റുകള്‍ നേടാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.
കേരളത്തില്‍ യുഡിഎഫിന് മുൻതൂക്കമെന്നാണ് ജൻ കി ബാത്തിന്റെ പ്രവചനം. 14 മുതല്‍ 17 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നും എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടുമെന്നുമാണ് പ്രവചനം. ബിജെപി പൂജ്യം മുതല്‍ ഒരു സീറ്റിന് വരെയുള്ള സാദ്ധ്യതയാണ് പറയുന്ന്.
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് ന്യൂസ് 18 – പോള്‍ഹബ്ബ് എക്‌സിറ്റ് പോള്‍ ഫലം. യുഡിഎഫ് 15 മുതല്‍ 18 വരെ സീറ്റുകള്‍ നേടുമെന്നും എല്‍ഡിഎഫ് രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടുമെന്നും പ്രവചനമുണ്ട്. എൻഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ നേടാമെന്നാണ് ന്യൂസ് 18 സർവേ ഫലം.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാമതും അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍. എൻഡിഎ സഖ്യത്തിന് 350ലേറെ സീറ്റുകള്‍ കിട്ടുമെന്നാണ് വിവിധ എക്സിറ്റ് പോളുകള്‍ പറയുന്നത്