കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ യുട്യൂബ് ചാനലില്‍ പ്രവർത്തിക്കുന്ന യുവതി ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍
‘വീര ടോക്സ് ഡബിള്‍ എക്സ്’ എന്ന പേരിലുള്ള യുട്യൂബ് ചാനല്‍ ഉടമ, വനിതാ വിഡിയോ ജോക്കി, ക്യാമറമാൻ എന്നിവരെയാണ് ചെന്നൈ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.ശ്വേത (23), എസ്.യോഗരാജ് (21), എസ്.റാം (21) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയോട് ദ്വയാർഥം കലർന്ന ചോദ്യങ്ങള്‍ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വിഡിയോ അനുവാദമില്ലാതെ യുട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥിനിക്കെതിരെ അശ്ലീല കമന്റുകള്‍ വ്യാപകമാകുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
ദ്വയാർഥം കലർന്ന ചോദ്യം ചോദിച്ചതോടെ വിദ്യാർഥിനി പ്രതികരിക്കാൻ വിസമ്മതിച്ചിരുന്നു. എന്നാല്‍, ഇതൊരു പ്രാങ്ക് ആണെന്നും വിഡിയോ സംപ്രേഷണം ചെയ്യില്ലെന്നും ശ്വേതയും ക്യാമറമാനും വിദ്യാർഥിനിയെ വിശ്വസിപ്പിക്കുകയും വീണ്ടും ഉത്തരം തേടുകയുമായിരുന്നു. എന്നാല്‍, പിന്നീട് ഈ വിഡിയോ യുട്യൂബ് ചാനലിലൂടെ ഇവർ പുറത്തുവിട്ടു. അതിനു താഴെ അശ്ലീല കമന്റുകള്‍ ഉള്‍പ്പെടെ നിറഞ്ഞതോടെ വിദ്യാർഥിനി വിഷാദത്തിലായി.
യുട്യൂബിനു പിന്നാലെ ഇൻസ്റ്റഗ്രാമിലും സംഘം വിഡിയോ പങ്കിട്ടതോടെ കൂടുതല്‍ പേർ അശ്ലീല കമന്റുമായി എത്തി. തുടർന്നാണ് വിദ്യാർഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥിനി ബന്ധുക്കള്‍ക്കൊപ്പമാണു കഴിഞ്ഞിരുന്നത്.