ഐപിഎല്‍ 2024 സീസണിൻ്റെ പ്ലേഓഫിലേക്ക് കടന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെ 27 റണ്‍സിനാണ് ബെംഗളൂരു തോല്‍പ്പിച്ചത്.
ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് പിന്നാലെ ബെംഗളൂരുവും പ്ലേഓഫ് ടിക്കറ്റ് സ്വന്തമാക്കി.
ഇന്നത്തെ ജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ചെന്നൈയുടെ ഒപ്പം 14 പോയിന്റായി. എന്നാല്‍ റണ്‍റേറ്റിൻ്റെ വ്യത്യാസത്തിലാണ് ചെന്നൈയെ മറികടന്ന് ആർസിബി നാലാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് എത്തിയത്. ആർസിബി ഉയർത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 191 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നിശ്ചിത ഓവറിനുള്ളില്‍ 201 റണ്‍സ് എന്ന കടമ്ബ കടന്നിരുന്നുവെങ്കില്‍ ചെന്നൈക്ക് പ്ലേഓഫിലെത്താമായിരുന്നു. അവസാന ഓവറുകളില്‍ ധോണിയും ജഡേജയും തകർപ്പൻ പ്രകടനം പുറത്തെടുത്തുവെങ്കിലും അവസാന ഓവറില്‍ ധോണി പുറത്തായതോടെ ചെന്നൈയുടെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ആദ്യ പന്തില്‍ തന്നെ നായകൻ റുതുരാജ് ഗെയ്ക്വാദിൻ്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് എത്തിയ ഡാരല്‍ മിച്ചലിനും (4) മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. പിന്നീട് മൂന്നാം വിക്കറ്റില്‍ രചിൻ രവീന്ദ്രയും രഹാനെയും ചേർന്ന് ചെന്നൈക്കായി മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും 66 റണ്‍സ് നേടുകയും ചെയ്തു. രചിൻ രവീന്ദ്ര 37 പന്തുകളില്‍ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 61 റണ്‍സാണ് നേടിയത്. രഹാനെ 22 പന്തുകളില്‍ 33 റണ്‍സ് നേടി പുറത്തായി. എന്നാല്‍ പിന്നാലെയത്തിയ ബാറ്റ്സ്മാൻമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തത് ചെന്നൈയെ തോല്‍വിയിലേക്ക് നയിച്ചു.
മത്സരത്തില്‍ തോല്‍വി ഏകദേശം ഉറപ്പിച്ച ചെന്നൈ പ്ലേഓഫിലേക്ക് ക്വാളിഫൈ ചെയ്യാനുള്ള 201 റണ്‍സ് എന്ന ലക്ഷ്യത്തിലേക്കാണ് കുതിച്ചത്. അവസാന ഓവറുകളില്‍ ധോണിയുടെയും ജഡേജയുടെയും പ്രകടനം ബെംഗളൂരുവിനെ ആശങ്കയിലാക്കിയിരുന്നു. അവസാന രണ്ട് ഓവറില്‍ 35 റണ്‍സായിരുന്നു പ്ലേഓഫിലേക്ക് കടക്കാൻ ചെന്നൈക്ക് വേണ്ടിയിരുന്നത്. ഫെർഗൂസണിൻ്റെ 19ാം ഓവറില്‍ 18 റണ്‍സ് നേടി ധോണിയും ജഡേജയും ചെന്നൈ ആരാധകർക്ക് പ്രതീക്ഷ നല്‍കി. ഇതോടെ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. അവസാന ഓവർ എറിഞ്ഞ യഷ് ദയാലിൻ്റെ ആദ്യ പന്തില്‍ തന്നെ ധോണി ഒരു കൂറ്റൻ സിക്സർ പറത്തി. എന്നാല്‍ രണ്ടാം പന്തില്‍ ധോണി പുറത്തായതോടെ ചെന്നൈയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. പിന്നീട് മികച്ച പന്തുകളിലൂടെ യഷ് ദയാല്‍ ബെംഗളൂരുവിന് വിജയം സമ്മാനിക്കുകയായിരുന്നു. ധോണി 13 പന്തില്‍ 25 റണ്‍സ് നേടിയപ്പോള്‍ ജഡേജ 22 പന്തില്‍ 42 റണ്‍സ് നേടി പുറത്താകാതെ നിന്നു.
മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം വിജയിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ബെംഗളൂരു ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ഓവറുകളില്‍ തന്നെ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലസിയും മികച്ച ബാറ്റിങ് പുറത്തെടുത്തു. ആദ്യ വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. ഡുപ്ലെസി 39 പന്തുകളില്‍ 54 റണ്‍സിം കോഹ്ലി 29 പന്തുകളില്‍ നിന്നും 47 റണ്‍സും നേടി. മൂന്നാമനായി എത്തിയ രജത് പട്ടിദാരും(41) അടിച്ചു തകർത്തതോടെ ബെംഗളൂരുവിൻ്റെ സ്കോർ ഉയരുകയായിരുന്നു. 17 പന്തുകളില്‍ 38 റണ്‍സ് നേടിയ ഗ്രീനും, 6 പന്തുകളില്‍ 14 റണ്‍സ് നേടിയ കാർത്തിക്കും, 5 പന്തുകളില്‍ 16 റണ്‍സ് നേടിയ മാക്സ്വെല്ലും ബാംഗ്ലൂരിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ചതോടെ ബാംഗ്ലൂർ നിശ്ചിത 20 ഓവറുകളില്‍ 218 എന്ന സ്കോറില്‍ എത്തുകയായിരുന്നു.