HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (18/05/2024)

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (18/05/2024)

പ്രഭാത വാർത്തകൾ

2024 | മെയ് 18 | ശനി | ഇടവം 4

  ◾ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ രാം ലല്ല വീണ്ടും ടെന്റിനുള്ളിലാകുമെന്നും രാമക്ഷേത്രം തച്ചുടയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ ബാറാബങ്കിയില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുമെന്നും മോദി നേരത്തെ പറഞ്ഞിരുന്നു. എന്‍ഡിഎ രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യ സഖ്യം അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണെന്നും തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യം ചീട്ടുകൊട്ടാരം പോലെ തകരുമെന്നും മോദി പറഞ്ഞു.

◾ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജസ്ഥാനില്‍ ഏപ്രില്‍ 21നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു ഡല്‍ഹി കോടതി. നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാകേത് മെട്രൊപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കാര്‍ത്തിക് തപാരിയ ഡല്‍ഹി പൊലീസിനു നിര്‍ദേശം നല്‍കി.

◾ ഡല്‍ഹി മദ്യനയക്കേസില്‍ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത് ഇഡി.  ആദ്യമായാണ് ഒരു അഴിമതി കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രതി ചേര്‍ക്കുന്നത്. സുപ്രീംകോടതിയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി പണം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണ ഏജന്‍സിക്കാവശ്യപ്പെടാനാകും.

◾ ഒരു രാജ്യം ഒരു നേതാവ് എന്നത് മോദിയുടെ ഗുഢ പദ്ധതിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുതിന്‍ വിജയിച്ചത്. മോദിയും അതുതന്നെയാണ് ചെയ്യുന്നത്. പ്രതിപക്ഷ നേതാക്കളെ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെയും മോദി ഒതുക്കുകയാണെന്ന് മുംബൈയില്‍ നടന്ന മഹാ വികാസ് അഘാഡി റാലിയില്‍ കെജ്രിവാള്‍ തുറന്നടിച്ചു.

◾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്നലെ വൈകീട്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെ ആക്രമണം. മാലയണിയിക്കാനെന്ന പേരില്‍ എത്തിയ രണ്ട് യുവാക്കളാണ് കനയ്യ കുമാറിനെ ആക്രമിച്ചത്. കനയ്യകുമാര്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്നും സൈനികര്‍ക്കെതിരെ സംസാരിക്കുന്നുവെന്നുമാണ് ആക്രമിക്കാനെത്തിയ യുവാക്കള്‍ വിളിച്ചു പറഞ്ഞത്. ആക്രണമത്തിനു പിന്നില്‍ ബിജെപി നേതാവ് മനോജ് തിവാരിയുടെ അനുയായികളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

◾ ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്‍കി പുനരാരംഭിക്കുന്നതിനു തീരുമാനമായി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍  ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും.  യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ചയില്‍, നിര്‍ദ്ദേശങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയാണ് ടെസ്റ്റ് പുനരാരംഭിക്കാന്‍ തീരുമാനമായതെന്നും  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

◾ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ വിവാദമൊന്നുമില്ലെന്നും അന്ന് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടാസ് തിരുവഞ്ചൂരിനെ വിളിച്ച് ഉമ്മന്‍ചാണ്ടിയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ സംഭവം വിവാദമായതോടെ ഉമ്മന്‍ചാണ്ടിയോട് കാണിച്ച അനീതിയെ കുറിച്ചാണ് താന്‍ പുസ്തകത്തില്‍ എഴുതാന്‍ ശ്രമിച്ചതെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാകാം അത് വിവാദമാകുന്നതെന്നും ജോണ്‍ മുണ്ടക്കയം പ്രതികരിച്ചു.

◾ സിപിഎം കോണ്‍ഗ്രസിന് വേണ്ടി സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍  ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ തെളിവാണെന്ന് കെ സുരേന്ദ്രന്‍. സോളാര്‍ സമരം അട്ടിമറിക്കാനാണ് തുടക്കം മുതല്‍ സി പി എം ശ്രമിച്ചത്. അധികാരത്തിലേറിയപ്പോള്‍ പിണറായി വിജയനും സംഘവും പതിവ് കലാപരിപാടിയായ ഒത്തുതീര്‍ക്കല്‍ പദ്ധതി നടപ്പിലാക്കിയെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

◾ സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിന്  വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്. സോളാര്‍ സമരം വിഎസിന്റെ വാശിയായിരുന്നുവെന്നും ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് വിളിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നുവെന്നും സമരം അവസാനിപ്പിച്ചതില്‍ ഏറ്റവും സന്തോഷിച്ചത് സിപിഎം അണികളെന്നും ചെറിയാന്‍ ഫിലിപ്പ്  പറഞ്ഞു.

◾ കെ എം മാണിയെ മുഖ്യന്ത്രിയാക്കാന്‍ സോളാര്‍ സമരകാലത്ത് നീക്കം നടന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിക്കാനും യുഡിഎഫ് ഭരണം അട്ടിമറിക്കാനുമായിരുന്നു അന്നത്തെ നീക്കം. ഇത് പൊളിഞ്ഞതോടെ സോളാര്‍ സമരത്തില്‍ ഒത്തുതീര്‍പ്പ് വേണ്ടിവന്നു. ഇപി ജയരാജനും താനുമാണ്, കെ എം മാണിയുമായി സംസാരിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു.  മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശവുമായി തന്നെ സമീപിച്ചത് പിസി ജോര്‍ജാണ് .പിണറായി വിജയന്‍ ഫോണില്‍ കെ എം മാണിയുമായി അന്ന് സംസാരിച്ചു. സോളാര്‍ സമരം തുടങ്ങിയ അന്ന് രാത്രിയാണ് നീക്കം നടന്നതെന്നും നന്ദകുമാര്‍  പറഞ്ഞു.

◾ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാന്‍ ഏല്‍പ്പിച്ച പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പിന് ബ്ലോക്ക് കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായി കൊടുത്തു. എന്നാല്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് കൊടുക്കാന്‍ നല്‍കിയ പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയതെന്നും ആരെയും വെറുതെ വിടുന്ന പ്രശ്നമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഡിസിസി ഓഫീസില്‍ നടന്ന പരിപാടിയ്ക്കിടെ വ്യക്തമാക്കി.

◾ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുലിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാന്‍ കേരള പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടി. രാഹുല്‍ ജര്‍മ്മന്‍ പൗരത്വം നേടിയ ആളായതിനാല്‍ ഇയാളെ നാട്ടിലെത്തിക്കാന്‍ സമയമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. അതോടൊപ്പം കേസില്‍ അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷിനെതിരെ പ്രതിയെ നാട് കടക്കാന്‍ സഹായിച്ചതിനുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

◾ ഇപ്പോഴത്തെ കാലാവസ്ഥയില്‍  വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

◾ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച  കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് മന്ത്രി വീണ ജോര്‍ജ്. വെസ്റ്റ് നൈല്‍ ബാധിച്ച് പതിമൂന്നുകാരി മരിച്ച കേസില്‍ പുനെയിലെ വൈറോളജി ലാബില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും പത്ത് വെസ്റ്റ് നൈല്‍ പനി കേസുകള്‍ ഉറപ്പായതാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

◾ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ  സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പില്‍   ഇന്നലെ  നടത്തിയ  മിന്നല്‍ പരിശോധനയില്‍  വ്യാപക ക്രമക്കേടുകള്‍  കണ്ടെത്തി .  12 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള ഭക്ഷ്യ ഉല്പാദകര്‍ക്ക് ചെറുകിട കച്ചവടക്കാര്‍ക്കുള്ള രജിസ്ട്രേഷന്‍ നല്‍കുന്നു എന്നതടക്കം നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് വിജിലന്‍സ് അറിയിച്ചു. ക്രമക്കേടുകളെ പറ്റി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി. കെ. വിനോദ്കുമാര്‍ ഐപിഎസ് അറിയിച്ചു.

◾ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് അന്തരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ മൂലമാണ് ഭാര്യ അമൃതയ്ക്ക് ഭര്‍ത്താവ് രാജേഷിനെ അവസാനമായി കാണാനുള്ള അവസരം നഷ്ടമായതെന്ന് കത്തിലൂടെ മന്ത്രി അറിയിച്ചു.

◾ പാലക്കാട് തെങ്കരയില്‍  മൂന്നിലും നാലിലും പഠിക്കുന്ന   രണ്ടു പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി.  രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

◾ തിരുവനന്തപുരം ചാക്കയില്‍  എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണം. ദക്ഷിണ വ്യോമസേനാ ആസ്ഥാനമാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഹോട്ടലില്‍ വച്ച് ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷണത്തിന്   ഉത്തരവിട്ടതായാണ് ദക്ഷിണ വ്യോമസേന ആസ്ഥാനം അറിയിച്ചിരിക്കുന്നത്.

◾ മലപ്പുറം  ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെയും,ക്രഷറുകളും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തെ അറിയിക്കാമെന്ന് ജില്ലാ കളക്ടര്‍.  ക്രമക്കേടുകള്‍ തടയാന്‍  ജില്ലാ ഭരണകൂടം കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

◾ കാലിക്കറ്റ് സര്‍വ്വകലാശാല  റെക്കോര്‍ഡ് വേഗത്തില്‍ ബിരുദഫലം പ്രസിദ്ധീകരിച്ചത്  ചരിത്രനേട്ടമെന്ന്  മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. 23 പ്രവൃത്തിദിവസം കൊണ്ടാണ് ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലം സര്‍വ്വകലാശാല പ്രഖ്യാപിച്ച്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ്റ് സര്‍വ്വകലാശാല  പരീക്ഷാ നടപടിക്രമങ്ങള്‍ ആധുനികവത്കരിച്ചാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരത്തോടെ ഗ്രേഡ് കാര്‍ഡ് വിതരണം തുടങ്ങും- മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

◾ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ തസ്തികയില്‍ ഇഷ്ടക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നതായി ആരോപണം. പെരുമാറ്റചട്ടം നിലനില്‍ക്കെ തിരക്കിട്ട് ഇന്റര്‍വ്യൂ നടത്തുന്നത്  സാങ്കേതിക സര്‍വ്വകലാശാല വി.സി സ്ഥാനം നഷ്ടപ്പെട്ട, നിലവില്‍ ഡയറക്ടറുടെ ചുമതലവഹിക്കുന്ന ഉദ്യോഗസ്ഥയ്ക്ക് നല്‍കാനാണെന്നാണ് ആരോപണം.

◾ കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ബോസ്‌കോ കളമശേരി തൃശൂരില്‍ അറസ്റ്റിലായി. പറവൂര്‍ പെണ്‍വാണിഭ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ പ്രവാസി വ്യവസായിയില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇയാളുടെ കൂട്ടാളികളായ അഞ്ച് പേര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

◾ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌കാരം മെയ് 21 ന് തിരുവല്ലയില്‍ നടത്തും. മെയ് 19 ന്  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൃതദേഹം എത്തും. മെയ് 20 നാണ് പൊതുദര്‍ശനം. മെയ് 21 ന് 11 മണിക്ക് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ച് ഒരു മണിയോടെ മൃതദേഹം ഖബറടക്കും.

◾ കരുവാറ്റ ഊട്ടുപറമ്പ്  പുത്തന്‍ നികത്തില്‍ മണിയന്റെ മകന്‍  അനീഷിനെ (37) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. വീടിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ എസി ഓണ്‍ ചെയ്തു വിശ്രമിക്കുകയായിരുന്ന അനീഷിനെ പിന്നീട്   കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു.

◾ തമിഴ്നാട്ടിലെ നീലഗിരിയില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം. ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കളക്ടര്‍ അറിയിച്ചു.

◾ കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയം. ശക്തമായ ഒഴുക്കില്‍പെട്ടു ഒരു വിദ്യാര്‍ഥിയെ കാണാതായി. കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ജില്ലാഭരണകൂടം അറിയിച്ചു.

◾ മഹാവികാസ് അഘാടി സഖ്യം മഹാരാഷ്ട്രയില്‍ 35 ലധികം സീറ്റ് നേടുമെന്ന് രമേശ് ചെന്നിത്തല. ഉദ്ദവ് താക്കറേയ്ക്കും ശരദ് പവാറിനും അനുകൂലമായ  തരംഗമാണ് മഹാരാഷ്ട്രയിലുള്ളത്. കോണ്‍ഗ്രസ് സീറ്റെണ്ണം ഒന്നില്‍ നിന്ന് 15 ആയി ഉയരും. വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും കേന്ദ്ര ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

◾ സ്വാതി മലിവാളിനെ മുഖ്യമന്ത്രിയുടെ വീട്ടിലേക്കയച്ചത് ബിജെപിയെന്ന് മന്ത്രി അതിഷി മര്‍ലെന. കെജ്രിവാളിന്റെ വീട്ടിനുള്ളില്‍വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരോട് സ്വാതി തര്‍ക്കിക്കുന്ന വീഡിയോ ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പ്രതികരണവുമായി സ്വാതി രംഗത്തെത്തി. ഒരു ഗുണ്ടയുടെ സമ്മര്‍ദത്തിന് വഴങ്ങി പാര്‍ട്ടി തന്നെ ചോദ്യംചെയ്യുന്നുവെന്നും ഇന്നലെ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ 20 വര്‍ഷമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ബി.ജെ.പി ഏജന്റാക്കുന്നുവെന്നും  സ്വാതി എക്സില്‍ കുറിച്ചു. അതേസമയം സ്വാതി മലിവാളിനെ അരവിന്ദ് കെജരിവാളിന്റ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

◾ സ്വാതി മലിവാളിനെതിരെ പരാതി നല്‍കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിക്രമിച്ച് കയറിയെന്നാണ് സ്വാതിക്കെതിരെയുള്ള ബൈഭവ് കുമാറിന്റെ പരാതി. മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

◾ പറന്നുയര്‍ന്ന വിമാനത്തിന്റെ  എ.സി. യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

◾ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 29 പന്തില്‍ 75 റണ്‍സെടുത്ത നിക്കോളാസ് പുരാന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. ലഖ്നൗ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്കായി രോഹിത് 38 പന്തില്‍ 68 റണ്‍സും നമന്‍ ധിര്‍ പുറത്താകാതെ 28 പന്തില്‍ 62 റണ്‍സും നേടിയെങ്കിലും വിജയലക്ഷ്യത്തിന് 18 റണ്‍സകലെ 6 വിക്കറ്റിന് 196 റണ്‍ലെന്ന നിലയില്‍ മുംബൈക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു. തോല്‍വിയോടെ മുംബൈ അവസാന സ്ഥാനത്തേക്ക് വീണപ്പോള്‍ ഏഴാം സ്ഥാനത്തുള്ള ലഖ്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷയും അവസാനിച്ചു.

◾ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 1,342.77 കോടി രൂപയുടെ സംയോജിത വരുമാനം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന കാലയളവിലെ 1,139.22 കോടി രൂപയേക്കാള്‍ 17.9 ശതമാനമാണ് വളര്‍ച്ച. ഇക്കാലയളവില്‍ കമ്പനിയുടെ ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 52.72 കോടി രൂപയേക്കാള്‍ 44.5 ശതമാനം ഉയര്‍ന്ന് 76.17 കോടി രൂപയായി. സാമ്പത്തിക വര്‍ഷ കണക്കുകള്‍ 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 4,856.67 കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷത്തെ 4,127 കോടി രൂപയെ അപേക്ഷിച്ച് 17.7 ശതമാനത്തിന്റെ വര്‍ധനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം മുന്‍ വര്‍ഷത്തെ 189.05 കോടി രൂപയില്‍ നിന്ന് 36.2 ശതമാനം വര്‍ധിച്ച് 374 കോടി രൂപയായി. വി-ഗാര്‍ഡ് 2022ല്‍ ഏറ്റെടുത്ത സണ്‍ഫ്‌ളെയിം കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പല പ്രവര്‍ത്തനങ്ങളുടേയും ഫലമായി നാലാം പാദത്തില്‍ മികച്ച വളര്‍ച്ച കാഴ്ചവച്ചു. ഓഹരിയൊന്നിന് 1.40 രൂപ വീതം അന്തിമ ലാഭവിഹിതവും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് 47 ശതമാനവും മൂന്ന് വര്‍ഷക്കാലത്ത് 68 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട് വി-ഗാര്‍ഡ് ഓഹരി.

◾ കങ്കണ റണാവത്ത് ഇപ്പോള്‍ ബിജെപിയുടെ ലോക്സഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. അതിനിടയിലാണ് കങ്കണ അഭിനയിച്ച എമര്‍ജന്‍സി ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയത്. താരം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയെന്നാണ് പുതിയ വിവരം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ തിരക്കിലാണ് കങ്കണ. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് അവര്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് വേണ്ടിയാണ് കങ്കണ മത്സര രംഗത്തുള്ളത്. രാഷ്ട്രീയപരമായ കാര്യങ്ങളാലാണ് സിനിമയുടെ റിലീസ് മാറ്റിവെച്ചത് എന്നാണ് വിവരം. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് അറിയിക്കുന്നുണ്ട്. എഴുത്തുകാരിയായും സംവിധായികയായും നിര്‍മ്മാതാവായും കങ്കണ എത്തുന്ന പ്രൊജക്റ്റാണ് ‘എമര്‍ജന്‍സി’. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, ശ്രേയസ് തല്‍പാഡെ, വിശാഖ് നായര്‍, അന്തരിച്ച സതീഷ് കൗശിക് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നു.  സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്, സഞ്ചിത് ബല്‍ഹാരയുടെതാണ് സംഗീതം.

◾ ഫൈനല്‍സ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവൃതന്‍ നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. സംവിധായകന്‍ ഷാജികൈലാസിന്റെ മകന്‍ റുഷിന്‍ ഷാജികൈലാസ് ആദ്യമായി നായക വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രമായി അബു സലിം എത്തുന്നു. കാക്കിപ്പട എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കര്‍, എബിന്‍ ബിനോ, ദിനേശ് പണിക്കര്‍, സിനോജ് വര്‍ഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാര്‍വതി രാജന്‍ ശങ്കരാടി, അഷറഫ് പിലായ്ക്കല്‍ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സംവിധായകന്‍ ഷെബി ചൗഘട്ടിന്റെ കഥക്ക് വി ആര്‍ ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫഅ സംഗീതം പകരുന്നു. വിനീത് ശ്രീനിവാസന്‍, അഫ്സല്‍, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

◾ മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ പ്രദര്‍ശിപ്പിച്ച കര്‍വ് എസ്യുവിയെ ഈ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തും. മിഡ് സൈസ് എസ്യുവി വിഭാഗത്തില്‍ ക്രെറ്റയുമായി മത്സരിക്കുന്ന വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡലിനെയായിരുന്നു ടാറ്റ പ്രദര്‍ശിപ്പിച്ചത്. ആദ്യം കര്‍വിന്റെ ഇലക്ട്രിക് പതിപ്പും അടുത്ത വര്‍ഷം ആദ്യം ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ പതിപ്പും വിപണിയിലെത്തും. നെക്‌സോണ്‍ ഇവിക്ക് സമാനമായ പവര്‍ട്രെയിനായിരിക്കും കര്‍വിന്. 143 ബിഎച്ച്പി കരുത്തും പരമാവധി 215 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിനാവും. പുതിയ ആക്ടി.ഇവി പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന കര്‍വ് ഇവിക്ക് 450 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച്. കര്‍വ് ഇവിക്ക് എംജി സിഎസ് ഇവി, ഹ്യുണ്ടയ് കോന ഇലക്ട്രിക് എന്നിവയില്‍ നിന്നായിരിക്കും പ്രധാന മത്സരം. നെക്സോണില്‍ ഉപയോഗിക്കുന്ന 115 ബിഎച്ച്പി, 260 യൂണിറ്റ് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും കര്‍വിന്. ഓട്ടോ എക്‌സ്‌പോ 2023ല്‍ ടാറ്റ അവതരിപ്പിച്ച പെട്രോള്‍ എന്‍ജിനുകളില്‍ ഒന്നായിരിക്കും കര്‍വിന്റെ ഐസിഇ രൂപത്തിലുണ്ടാകുക. 123 ബിഎച്ച്പി കരുത്തും പരമാവധി 225 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒരു സാധ്യത. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനിലുള്ളത്. 168 ബിഎച്ച്പി കരുത്തും പരമാവധി 280 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു സാധ്യത.

◾ മലയാളകഥയുടെ ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്തിന്റെ ചെറുകഥകള്‍. പുതുകാലത്തിന്റെ അവസ്ഥാന്തരങ്ങളെയും അതിവൈകാരികമായ ജീവിതാവസ്ഥകളെയും ചിത്രീകരിക്കുന്ന ഡ്രോണ്‍, ലൈബ്രറി, മതിലുകള്‍, ഹാര്‍മണി, കാഞ്ചന്‍ജംഗ, ഭൂമിയില്‍ നിഷ്‌കളങ്കതയ്ക്കു മാത്രമായി ഒരിടമില്ല തുടങ്ങി ഒന്‍പത് ചെറുകഥകളുടെ സമാഹാരം. കെ. വി. പ്രവീണിന്റെ ഏറ്റവും പുതിയ സമാഹാരം. ‘ഭൂമിയില്‍ നിഷ്‌കളങ്കതയ്ക്കു മാത്രമായി ഒരിടമില്ല’. ഡിസി ബുക്സ്. വില 209 രൂപ.

◾ അസിഡിറ്റി ഒരു സാധാരണ ദഹന പ്രശ്നമാണ്. ആമാശയത്തില്‍ ആസിഡുകളുടെ അധിക സ്രവണം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് വയറുവേദനയ്ക്ക് കാരണമാകും. അസിഡിറ്റി ഒരുപാട് അസ്വസ്ഥതകള്‍ ഉണ്ടാക്കും. എന്നിരുന്നാലും, ചില ഭക്ഷണങ്ങളും പ്രതിവിധികളും അസിഡിറ്റിയെ സ്വാഭാവികമായി കുറയ്ക്കാന്‍ സഹായിക്കും. കുതിര്‍ത്ത ഉണക്കമുന്തിരി ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും. വെറും വയറ്റില്‍ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച  വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കും. മോര് അസിഡിറ്റിക്ക് ഗുണം ചെയ്യും. വയറ്റിലെ ആസിഡിനെ നിര്‍വീര്യമാക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്ന ലാക്റ്റിക് ആസിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്. മോര് കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും. പെരുംജീരകമിട്ട വെള്ളം അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു. പെരുംജീരക വെള്ളം വിവിധ ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് ഫലപ്രദമാണ്. ആസിഡ് റിഫ്ലക്സ് ഉള്ള ആളുകള്‍ക്ക് കരിക്ക് വെള്ളം മികച്ചൊരു പാനീയമാണ്. കാരണം കരിക്ക് വെള്ളത്തില്‍  പൊട്ടാസ്യം പോലെയുള്ള സഹായകമായ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ആസിഡ് റിഫ്ലക്സ് കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കുന്നു. അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് വാഴപ്പഴം സഹായകമാണ്. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് അസിഡിറ്റി പ്രശ്നം തടയുന്നതില്‍ സഹായിക്കുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts