മസ്‌കറ്റില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ ജീവനോടെ ഒരു നോക്ക് കാണാനുള്ള ഭാര്യ അമൃതയുടെ ആഗ്രഹം ഇനി നടക്കില്ല.
ജീവനക്കാരുടെ സമരം മൂലം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതോടെ അമൃതയുടെ യാത്ര മുടങ്ങി. പിന്നാലെ ചികിത്സയിലായിരുന്ന ഭര്‍ത്താവ് നമ്ബി രാജേഷ് മരിക്കുകയും ചെയ്തു.
ജീവനക്കാര്‍ സമരം തുടങ്ങിയ എട്ടാം തീയതി രാവിലെയുള്ള വിമാനത്തിലാണ് അമൃതയും അമ്മയും ടിക്കറ്റ് ബുക്ക് ചെയ്തത്. ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് ഓടിയെത്താനായിരുന്നു ശ്രമം. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ഇതോടെ നിറകണ്ണുകളോടെ കമ്ബനിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അടുത്ത ദിവസം ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് മടക്കി. സമരം നീണ്ടതോടെ യാത്ര നടന്നില്ല. ടിക്കറ്റ് തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്ബനി തയാറാകാത്തതോടെ മറ്റൊരു വിമാനത്തില്‍ മസ്‌കത്തിലേക്ക് പോകാനുള്ള ശ്രമവും നടന്നില്ല. ഇതോടെ യാത്ര മുടങ്ങി.
തങ്ങളുടെ ദുരിതം കരഞ്ഞ് പറഞ്ഞിട്ടും പരിഗണിക്കാത്ത വിമാന കമ്ബനിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് അമൃതയുടെ കുടുംബം. ജീവനക്കാരുടെ സമരം മൂലമാണ് സര്‍വീസ് മുടങ്ങിയതെങ്കിലും ടിക്കറ്റ് തുക അടിയന്തരമായി തിരികെ നല്‍കിയിരുന്നെങ്കില്‍ മറ്റൊരു വിമാനത്തിലെങ്കിലും യാത്ര സാധ്യമാകുമായിരുന്നു. ഇതിന് തയാറാകാത്ത കമ്ബനി നടപടിക്കെതിരെയാണ് നിയമ നടപടി സ്വീകരിക്കുക.