HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (15/05/2024)

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (15/05/2024)

പ്രഭാത വാർത്തകൾ

2024 | മെയ് 15 | ബുധൻ | ഇടവം 1 

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

◾ അദാനിയും അംബാനിയും ടെമ്പോയില്‍ കള്ളപ്പണം നല്‍കിയെന്ന് ആരോപിച്ചതിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്കെതിരേ സി.ബി.ഐയുടേയും ഇ.ഡിയുടേയും അന്വേഷണം എപ്പോള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവര്‍ത്തിച്ച് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പണം കൊണ്ട് നിര്‍മിച്ച രാജ്യത്തെ ഏഴ് വിമാനത്താവളങ്ങള്‍ ഗൗതം അദാനിക്ക് കൈമാറാന്‍ എത്ര ടെമ്പോ ആവശ്യമായി വന്നുവെന്നും രാഹുല്‍ മോദിയോട് ചോദിച്ചു.

◾ മില്‍മ തിരുവനന്തപുരം യൂണിയന് കീഴില്‍ തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഇന്ന് ബോര്‍ഡ് യോഗം ചേര്‍ന്ന് തൊഴിലാളികളുടെ ആവശ്യത്തില്‍ തീരുമാനമെടുക്കും. സമരത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഇന്നലത്തെ മൂന്നാമത്തെ ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ തൊഴിലാളികളോട് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രമോഷന്‍ നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഐഎന്‍ടിയുസി-സിഐടിയു യൂണിയനുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.

◾ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരത്തിനെതിരായ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. സമരക്കാരെ  സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗതാഗത മന്ത്രിയാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തുക. ഇന്ന് മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു പരിഷ്‌കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിര്‍ണായകമാകും.

◾ വിദ്യാഭ്യാസത്തിന്  നല്‍കുന്ന പ്രാധാന്യവും, യോഗ്യതയും മികവുമുള്ള അധ്യാപക സമൂഹവും, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരമുള്ളതാക്കി മാറ്റുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. പട്ടം ഗവ മോഡല്‍ ഗേള്‍സ് എച്ച് എസ് എസില്‍ നടന്ന സംസ്ഥാന തല അധ്യാപക സംഗമം 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

◾ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. മലപ്പുറത്ത് പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ അനുവദിക്കില്ലെന്ന  മന്ത്രിയുടെ നിലപാട് കണ്ണടച്ചിരുട്ടാക്കലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആവശ്യങ്ങള്‍ വരുമ്പോള്‍ ശബ്ദമുയര്‍ത്തുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു.

◾ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും.

◾ തോട്ടം മേഖലയില്‍ ഊര്‍ജ്ജിത പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്. ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അംഗന്‍വാടികള്‍, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ ലേബര്‍ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

◾ കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ നിന്ന് ക്രൂരമായ  മര്‍ദനം നേരിട്ടെന്ന്  യുവതി. മര്‍ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും, തലയിലും നെറ്റിയിലും മര്‍ദിച്ചെന്നും, ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു എന്നും യുവതി പറഞ്ഞു. തന്നെ ഭര്‍ത്താവ് രാഹുല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും വീട്ടിലുള്ള ആരും വഴക്കില്‍ ഇടപ്പെട്ടില്ല. എല്ലാ കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടും മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ലെന്നും യുവതി ആരോപിച്ചു. വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

◾ കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍, യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.  അന്വേഷം നടത്താന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടിയുണ്ടാകും. ഈ സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

◾ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുനായി  വി ഡി സതീശന്‍ .  പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച്ചയാണ്. പൊലീസ് നിസംഗരായി നോക്കി നില്‍ക്കുകയാണ് ചെയ്തത്. പരാതിയുമായി ചെന്ന പെണ്‍കുട്ടിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നതിന് പകരം പൊലീസ് പരിഹസിക്കുകയാണ് ചെയ്തത്. പൊലിസ് ഇരയോടൊപ്പമാണോ വേട്ടക്കാര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ പ്രതി കോഴിക്കോട് സ്വദേശിയായ രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസെടുത്തു.  അതേസമയം പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

◾ സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് കുറ്റപത്രത്തിലുള്ളത്. 2000 പേജുള്ള കുറ്റപത്രമാണ് കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഫെബ്രുവരി 22ന് രാത്രിയില്‍ ക്ഷേത്രോത്സവത്തിനിടെയാണ്  സത്യനാഥന്‍ കൊല്ലപ്പെട്ടത്. സത്യനാഥനെ കൊലപ്പെടുത്തിയ പ്രതി അഭിലാഷ് പിന്നീട് പൊലീസില്‍ കീഴടങ്ങിയിരുന്നു.

◾ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ ന്യായീകരിച്ച ഐഎഎസ് അസോസിയേഷന്റെ പ്രസിഡണ്ടിനെതിരെ പ്രതിഷേധം. കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടില്‍ വിളിച്ചുവരുത്തിയ കളക്ടറെ ന്യായീകരിച്ചുകൊണ്ട് ബി അശോക് എഴുതിയ ലേഖനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിപിഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിന്റ്  കൗണ്‍സിലും ഡോക്ടര്‍മാരും രംഗത്ത്. ചികിത്സയ്ക്കായി ഡോക്ടറെ വിളിച്ചു വരുത്തിയതില്‍ ചട്ടലംഘനമില്ലെന്നായിരുന്നു അശോകിന്റെ വാദം.  ചാനല്‍ ചര്‍ച്ചയില്‍ കളക്ടറെ വിമര്‍ശിച്ച  ജോയിന്റ് കൗണ്‍സില്‍ നേതാവിനെതിരെയും  ലേഖനത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

◾ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന്  രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.  കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾ കള്ളക്കേസെടുത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ടതില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം. പേരാമ്പ്രയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു. കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാന്‍ ആരോഗ്യവകുപ്പ്  മുന്‍കരുതല്‍ നടപടികള്‍ എടുത്തു കഴിഞ്ഞു .  മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കണമെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

◾ പാലക്കാട് മുണ്ടൂരിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലയില്‍ വിജിലന്‍സ് പരിശോധന നടത്തി. മുണ്ടൂര്‍ ഔട്ട്ലെറ്റിലെ ജീവനക്കാര്‍ക്ക് സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ നല്‍കിയ 8000 രൂപ പിടിച്ചെടുത്തു. കൂടാതെ സ്വകാര്യ മദ്യ കമ്പനി ജീവനക്കാരില്‍ നിന്ന് പാലക്കാട് വിജിലന്‍സ് സംഘം മുണ്ടൂരില്‍ വച്ച് രണ്ടു ലക്ഷത്തിലധികം രൂപയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പണം കൈമാറേണ്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ അടങ്ങിയ ഡയറിയും മദ്യ കമ്പനി ജീവനക്കാരില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്തു.

◾ സിപിഎം നിയന്ത്രണത്തിലുള്ള കാസര്‍കോട് കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ ക്രമക്കേട് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍. ഈ തട്ടിപ്പ് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം അറിവോടെ നടന്ന തട്ടിപ്പാണിതെന്നും, സെക്രട്ടറി മാത്രം വിചാരിച്ചാല്‍ ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന് ബിജെപി നേതാവ് കെ ശ്രീകാന്തും വ്യക്തമാക്കി. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആദൂര്‍ പൊലീസ് കേസെടുത്തിരുന്നു.

◾ ആര്‍എംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍, പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി. വാഹന ഉടമ തേഞ്ഞിപ്പലം ഒലിപ്രം സ്വദേശി സിബിന്‍ലാലിന്റെ വീട്ടില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കാറുപയോഗിച്ച ആളുകളെ കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട് . ഇവരുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറയുന്നു.

◾ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ വേദിയില്‍ സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസി നിസ്‌കരിച്ചതിനെ അധിക്ഷേപിച്ച ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ പ്രസ്താവന തികച്ചും അപലപനീയമാണെന്നും എസ്.കെ. എസ്. എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

◾ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവല്ല നിരണം ഫാമിലെ താറാവുകളെ കൊന്നൊടുക്കാന്‍ തുടങ്ങി. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെ കൊല്ലുന്ന പ്രവൃത്തികള്‍ നാളെ തുടങ്ങും. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

◾ പെരുമാറ്റച്ചട്ടം എന്നത് മോദി കോഡ് ഓഫ് കണ്ടക്ട് ആയി മാറിയ അവസ്ഥയാണ് രാജ്യത്തുള്ളതെന്നും, മോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്നും തൃണമൂല്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കൂടാതെ ടി എം സി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കുകയും ചെയ്തു.

◾ ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി സന്ദേശം. നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. സന്ദേശം ലഭിച്ച ആശുപത്രികളിലെല്ലാം ശക്തമായ പരിശോധന നടക്കുകയാണ്. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്ഗേവാര്‍ ഉള്‍പ്പടെയുള്ള ആശുപത്രികള്‍ക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇക്കഴിഞ്ഞ ഒന്നിന് ദില്ലിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി വന്നിരുന്നു. എന്നാല്‍ സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.02 കോടിയുടെ ആസ്തി. തന്റെ ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും അദ്ദേഹം നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയില്‍ ഓഹരിയോ സ്വന്തമായി ഇല്ലെന്നും അദ്ദേഹം പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

◾ നരേന്ദ്രമോദിയും ആര്‍എസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും രാജ്യത്തെ ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചില്ല. 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കും എന്ന് പറഞ്ഞത് പാലിച്ചില്ല. ചരിത്രത്തിലാദ്യമായി ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം ആവുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

◾ ഇരുപതിനായിരം കോടി രൂപ ചെലവഴിച്ചിട്ടും ഗംഗ എന്തുകൊണ്ടാണ് കൂടുതല്‍ മലിനമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസ്. അഴിമതിയിലൂടെയും കെടുകാര്യസ്ഥതയിലൂടെയും എത്ര രൂപ തട്ടിയെടുത്തുവെന്നും ഗംഗാമാതാവിനോട് പോലും നുണ പറഞ്ഞ ഒരാളെ വാരാണസിയിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ചോദിച്ചു.

◾ എച്ച് ഡി രേവണ്ണ ജയില്‍ മോചിതനായി. ജനപ്രതിനിധികളുടെ കേസുകള്‍ കേള്‍ക്കുന്ന കോടതി രേവണ്ണയ്ക്ക് കര്‍ശന ഉപാധികളുടെ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം രേവണ്ണയ്ക്കെതിരെ പരാതി നല്‍കിയ സ്ത്രീ തന്റെ മൊഴി മാറ്റിയിരുന്നു. ഇതോടെയാണ് ആറ് ദിവസമായി ജയിലില്‍ കഴിഞ്ഞ രേവണ്ണ കേസില്‍ നിന്ന് പുറത്തുവന്നത്.

◾ ദില്ലിയിലെ ആദായ നികുതി ഓഫീസില്‍ തീപിടുത്തം. ഐടിഒ ഏരിയയിലെ ഇന്‍കം ടാക്സ് സി.ആര്‍ ബില്‍ഡിങില്‍  വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. ആളപയാമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

◾ കോയമ്പത്തൂരില്‍   26 പുള്ളിമാനുകളെ ബോലുവംപെട്ടി വനത്തിലേക്ക് തുറന്നുവിട്ട് തമിഴ്നാട് വനം വകുപ്പ്. വിഒസി മൃഗശാലയില്‍ ആണ് ഇത്രയും നാള്‍ മാനുകളെ പാര്‍പ്പിച്ചിരുന്നത്. 10 ആണ്‍ മാനുകളെയും 11 പെണ്‍ മാനുകളെയും അഞ്ച് മാന്‍ കുഞ്ഞുങ്ങളെയുമാണ് ശിരുവാണി താഴ്വരയിലെ കാട്ടിലേക്ക് തുറന്നുവിട്ടത്.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശ പ്രകാരമാണ് മാനുകളെ വനത്തിലേക്ക് തുറന്നുവിട്ടത്.

◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന  രാജ്യസഭാംഗം സ്വാതി മാലിവാള്‍ ഉന്നയിച്ച ആരോപണം ശരിവെച്ച് ആം ആദ്മി പാര്‍ട്ടി. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് ആരോപണം ശരിവച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കെജ്രിവാള്‍, വിഷയം ഗൗരവമായാണ് കാണുന്നതെന്നും ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഉപരോധത്തിലുള്ള ഇറാനുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ ഉപവക്താവ് വേദാന്ത് പട്ടേല്‍. ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ച ശേഷമാണ് അമേരിക്കയുടെ ഈ മുന്നറിയിപ്പ്. ചാബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പ് പത്ത് കൊല്ലത്തേക്ക് ഏറ്റെടുക്കാനുള്ള കരാറാണ് ഇന്ത്യ കഴിഞ്ഞ ദിവസം ഒപ്പു വച്ചത്.

◾ ഐപിഎല്ലില്‍ ലഖ്‌നൗവ് ജയന്റ്സിന് ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ 19 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റിംഗിനെത്തിയ ഡല്‍ഹി 58 റണ്‍സെടുത്ത അഭിഷേഖ് പോറലിന്റേയും  57 റണ്‍സെടുത്ത  ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റേയും മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 208 ണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ 27 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരാന്റേയും 33 പന്തില്‍ 58 റണ്‍സെടുത്ത അര്‍ഷദ് ഖാന്റേയും മികവില്‍ പൊരുതിയെങ്കിലും ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഡല്‍ഹി 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഒരു മത്സരം ശേഷിക്കെ ആര്‍സിബി 12 പോയിന്റുമായി ആറാം സ്ഥാനത്തായി. ഇതോടെ ഡല്‍ഹിയുടേയും ലഖ്നൗവിന്റേയും പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്.

◾ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി കാപിറ്റല്‍സിനെതിരെ പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന് പ്ലേ ഓഫ് സ്ഥാനം ഉറപ്പായത്. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി നിലവലില്‍ രണ്ടാം സ്ഥാനത്താണ്. ആദ്യ നാലിന് പുറത്തുള്ള ഒരു ടീമിനും ഇനി 16 പോയിന്റിലെത്താന്‍ സാധിക്കില്ല. മൂന്നാം സ്ഥാനത്തുള്ള 13 മത്സരങ്ങള്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിന് 14 പോയിന്റുണ്ട്. നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ട് മത്സരം ശേഷിക്കെ 14 പോയിന്റാണുള്ളത്.

◾ ആഡംബര വിവാഹങ്ങളുടെ ആഗോള ഹബ്ബായി മാറാന്‍ പദ്ധതി ആവിഷ്‌കരിച്ച് അബുദാബി കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ ബ്യൂറോ. അബുദാബിയെ ലോകത്തിന്റെ വിവാഹങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതുവഴി 2030 ആകുമ്പോഴേക്കും മൊത്തം സന്ദര്‍ശകരുടെ എണ്ണം 39.3 മില്യണിലേക്ക് ഉയര്‍ത്താമെന്ന് യു.എ.ഇ കണക്കുകൂട്ടുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവാഹ പാര്‍ട്ടികളുടെ വരവ് ടൂറിസത്തിനു വലിയതോതില്‍ ഗുണം ചെയ്യുമെന്നാണ് യു.എ.ഇയുടെ പ്രതീക്ഷ. എല്ലാ രാജ്യങ്ങളിലും നിന്നുള്ളവരെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ ഇന്ത്യക്കാരെ എത്തിക്കാനാണ് ലക്ഷ്യംവയ്ക്കുന്നത്. വീസയില്‍ അടക്കം ഇളവ് നല്‍കുക വഴി ഇത് സാധ്യമാക്കാമെന്ന് എ.ഡി.സി.ഇ.ബി കരുതുന്നു. ടൂറിസത്തില്‍ നിന്നുള്ള വരുമാനം ഉയര്‍ത്തുകയെന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം അബുദാബിയുടെ കീഴിലുള്ള എ.ഡി.സി.ഇ.ബി ഈ ആശയം നടപ്പിലാക്കുന്നത്. ആഗോളതലത്തില്‍ നടക്കുന്ന ആകെ വിവാഹങ്ങളില്‍ 25 ശതമാനവും ഇന്ത്യയിലാണ്. അതായത് ലോകത്ത് നടക്കുന്ന നാല് വിവാഹങ്ങളില്‍ ഒരെണ്ണത്തിന് വേദിയാകുന്നത് ഇന്ത്യയാണ്. വിവാഹത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നവരും ഇന്ത്യക്കാരാണ്. 5000ല്‍ പരം ഇന്ത്യന്‍ ദമ്പതികളാണ് വിദേശത്ത് വെച്ച് വിവാഹം ചെയ്യുന്നത്. ഓരോ വര്‍ഷവും 75,000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപ വരെ വിദേശത്തെ വിവാഹങ്ങള്‍ക്കായി ഇന്ത്യക്കാര്‍ ചെലവഴിക്കുന്നുണ്ട്.

◾ ഭ്രമയുഗത്തിനുശേഷം സിദ്ധാര്‍ത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ അഭിനയിക്കുന്ന പ്രധാന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയ ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജെ എം ഇന്‍ഫോട്ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉണ്ണി ലാലുവും സിദ്ധാര്‍ത്ഥ് ഭരതനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലുക്മാന്‍ നായക വേഷത്തില്‍ എത്തി 2021 ല്‍ പുറത്തിറങ്ങിയ നോ മാന്‍സ് ലാന്‍ഡ് എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്. സിനിമയുടെ കഥ നടക്കുന്നത് ഒരു പാലക്കാടന്‍ ഗ്രാമത്തിലാണ്. ഒരു വീട്ടില്‍ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയാണിത്.  വിജയരാഘവന്‍, സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന്‍ കൊങ്ങാട്, രതീഷ് കുമാര്‍ രാജന്‍, കലാഭവന്‍ ജോഷി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

◾ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ സജീവമായ തബു ഹോളിവുഡിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. ഹോളിവുഡിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മാക്സിന്റെ ‘ഡ്യൂണ്‍: പ്രൊഫെസി’ എന്ന വെബ് സീരീസിലാണ് താരം ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ പ്രശസ്ത സയന്‍സ്- ഫിക്ഷന്‍ നോവലായ ‘ഡ്യൂണ്‍’, ബ്രയാന്‍ ഹെര്‍ബെര്‍ട്ടിന്റെ ‘സിസ്റ്റര്‍ ഹുഡ് ഓഫ് ഡ്യൂണ്‍’ എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്. അതിമാനുഷികമായ കഴിവുകള്‍ നേടുന്നതിനായി തീവ്രമായ ശാരീരിക പരിശീലനത്തിനും മാനസികാവസ്ഥയ്ക്കും വിധേയരായ ബെനെ ഗെസെറിറ്റ് എന്ന സവിശേഷവും ശക്തവുമായ ഒരു സഹോദരിയുടെ ഉത്ഭവത്തെ കേന്ദ്രീകരിച്ച്, ഹെര്‍ബെര്‍ട്ടിന്റെ ഡ്യൂണ്‍ എന്ന നോവലിന്റെ സംഭവങ്ങള്‍ക്ക് ഏകദേശം 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സീരീസിലെ കഥ നടക്കുന്നത്. എമിലി വാട്ട്സണ്‍,ഒളിവിയ വില്ല്യംസ്, ട്രാവിസ് ഫിമ്മല്‍ എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങള്‍. മീര നായര്‍ സംവിധാനം ചെയ്ത ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന സീരീസിലായിരുന്നു തബുവിന്റെ ഇതിന് മുന്‍പ് പുറത്തിറങ്ങിയ സീരീസ്.

◾ ഇന്ത്യയില്‍ അടുത്തിടെ പുറത്തിറക്കിയ ടൊയോട്ടയുടെ അര്‍ബന്‍ ക്രൂസര്‍ ടൈസോറിന്റെ ഡിമാന്‍ഡില്‍ വലിയ വര്‍ധനന. ആകെ ബുക്കിങിന്റെ 45 ശതമാനവും ടൈസോറിന്റെ ടര്‍ബോ പെട്രോള്‍ മോഡലാണ് സ്വന്തമാക്കിയിരിക്കുന്നത്. 7.74 ലക്ഷം മുതല്‍ 13.04 ലക്ഷം രൂപ വരെയാണ് വില. ടൈസോര്‍ ടര്‍ബോയുടെ വില്‍പനയില്‍ 55 ശതമാനവും മാനുവല്‍ ഗിയര്‍ബോക്‌സുള്ള കാറുകളാണ്. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോ മോഡലിനും മികച്ച പ്രതികരണമാണ്. നിറങ്ങളില്‍ കഫേ വൈറ്റിനാണ് കൂടുതല്‍ ആവശ്യക്കാര്‍. ഗെയിമിങ് ഗ്രേ, സ്‌പോര്‍ടിങ് റെഡ്, ലൂസെന്റ് ഓറഞ്ച് എന്നിവയും പിന്നാലെ വരുന്നു. ഉയര്‍ന്ന മോഡലായ വി എടി, വി എംടി എന്നിവക്കാണ് കൂടുതല്‍ ബുക്കിങ് ലഭിക്കുന്നത്. എന്‍ട്രി ലെവല്‍ ഇ വേരിയന്റില്‍ മാത്രമാണ് സിഎന്‍ജി വകഭേദം ലഭ്യമായിട്ടുള്ളത്. താരതമ്യേന കുറഞ്ഞ ആവശ്യക്കാരാണ് സിഎന്‍ജി വകഭേദത്തിനുള്ളത്. ആകെ ബുക്കിങിന്റെ 15 ശതമാനം മാത്രമാണ് സിഎന്‍ജി മോഡലിനുള്ളത്. 8.71 ലക്ഷം രൂപയാണ് സിഎന്‍ജി മോഡലിന്റെ വില. 1.2 ലീറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ വിവിടി പെട്രോള്‍, 1.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 100 എച്ച്പി, 147.6 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്നതാണ് 1.0 ലീറ്റര്‍ എന്‍ജിന്‍. 90 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പുറത്തെടുക്കും 1.2 ലീറ്റര്‍ എന്‍ജിന്‍. ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമാണുള്ളത്. 1.2 ലീറ്റര്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവലും എഎംടി ഗിയര്‍ബോക്‌സും ലഭിക്കും. ഇന്ത്യയില്‍ ടൊയോട്ടയുടെ ഏറ്റവും വില കുറഞ്ഞ എസ് യു വിയാണ് ടൈസോര്‍.

◾ പൂച്ചക്കുഞ്ഞിന്റെ വര്‍ണ്ണാഭമായ ലോകത്തേക്ക് സ്വാഗതം. ചുറ്റും കാണുന്ന എന്തിലും ഏതിലും സംശയം തോന്നുന്ന ഒരു കുഞ്ഞിപ്പൂച്ച. ചുറ്റുമുള്ള ഉറുമ്പും തവളയും ആമയും പട്ടിക്കുട്ടിയുമെല്ലാം കഥാപാത്രങ്ങള്‍ ആവുന്ന കുഞ്ഞു കുഞ്ഞു കഥകള്‍. നിറങ്ങളുടെ കുസൃതിയുടെ ഒരു മായാപ്രപഞ്ചം കൊച്ചു കൂട്ടുകാര്‍ക്ക് വേണ്ടി തുറന്നിടുകയാണ്. സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ജേതാവ് തന്റെ ഈ പുതിയ പുസ്തകത്തിലൂടെ. ‘സംശയാലുവായ പൂച്ചക്കുഞ്ഞ്’. അജോയ് കുമാര്‍ എം എസ്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 551 രൂപ.

◾ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പും ശേഷവും കാപ്പിയും ചായയും ഒഴിവാക്കണമെന്ന് ഐസിഎംആര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചായയിലും കാപ്പിയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്, ഇത് കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ശാരീരിക ആശ്രിതത്വത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ചായയോ കാപ്പിയോ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ അവര്‍ ആളുകളോട് ആവശ്യപ്പെട്ടില്ലെങ്കിലും, ഈ പാനീയങ്ങളിലെ കഫീന്‍ ഉള്ളടക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ അവര്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒരു കപ്പ് (150 മില്ലി) ബ്രൂഡ് കാപ്പിയില്‍ 80-120 മില്ലിഗ്രാം കഫീന്‍, തല്‍ക്ഷണ കാപ്പിയില്‍ 50-65 മില്ലിഗ്രാം, ചായയില്‍ 30-65 മില്ലിഗ്രാം കഫീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഈ പാനീയങ്ങളില്‍ ടാനിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോള്‍, ടാന്നിന്‍ ശരീരത്തില്‍ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും. ഇത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് നിങ്ങളുടെ രക്തത്തില്‍ പ്രവേശിക്കുന്ന ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നു. ശരീരത്തിലുടനീളം ഓക്സിജന്‍ വഹിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിന്‍ നിര്‍മ്മിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ഊര്‍ജ ഉല്‍പ്പാദനത്തിനും കോശങ്ങളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിനും ഇത് പ്രധാനമാണ്. ഇരുമ്പിന്റെ അളവ് കുറയുന്നത് ഇരുമ്പിന്റെ കുറവിനും അനീമിയ പോലുള്ള അവസ്ഥകള്‍ക്കും കാരണമാകും. പാലില്ലാതെ ചായ കഴിക്കുന്നത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും കൊറോണറി ആര്‍ട്ടറി ഡിസീസ് (സിഎഡി), വയറ്റിലെ ക്യാന്‍സര്‍ എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും ഐസിഎംആര്‍ ഗവേഷകര്‍ പ്രസ്താവിച്ചു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts