HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/05/2024)

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/05/2024)

പ്രഭാത വാർത്തകൾ

2024 | മെയ് 8 | ബുധൻ | മേടം 25 | 

◾ രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗില്‍ നേരിയ ഇടിവ്. ആകെ 64.4 ശതമാനമാണ് മൂന്നാംഘട്ട പോളിംഗില്‍ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 67.4 ശതമാനമായിരുന്നു പോളിംഗ്. അസം 75.53, ബിഹാര്‍ 56.55, ഛത്തീസ്ഗഢ് 67.49, ഗോവ 74.47, ഗുജറാത്ത് 56.98, കര്‍ണാടക 68.85, മധ്യപ്രദേശ് 64.02, മഹാരാഷ്ട്ര 55.54, ഉത്തര്‍പ്രദേശ് 57.34, പശ്ചിമബംഗാള്‍ 73.93, കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍ ആന്‍ഡ് ദിയു 65.23 എന്നിങ്ങനെയാണ് ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരമുള്ള പോളിങ് ശതമാനം.

◾ രാഷ്ട്രീയനേട്ടത്തിനായി മോദിയും ബിജെപിയും വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കാന്‍  പിന്തുണ വേണമെന്നും നുണകളുടെയും വിദ്വേഷത്തിന്റെയും വക്താക്കളെ തള്ളിക്കളയണമെന്നും സോണിയ അഭ്യര്‍ത്ഥിച്ചു.

◾ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്.

◾ ബംഗ്ലദേശ്, ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അരലക്ഷത്തിലേറെ അഭയാര്‍ഥികള്‍ വ്യാജ ആധാര്‍ കാര്‍ഡുമായി കേരളത്തില്‍ കഴിയുന്നതായി മിലിറ്ററി ഇന്റലിജന്‍സ്  റിപ്പോര്‍ട്ട്. അസമിലെ മധുപുര്‍, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുര്‍, കേരളത്തിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ആധാര്‍ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചതായാണു കണ്ടെത്തല്‍.

◾ മാസപ്പടി കേസില്‍ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി  ഡല്‍ഹി ഹൈക്കോടതി  ഈ മാസം മുപ്പതിലേക്ക് മാറ്റി. എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജിയാണ് 30 ലേക്ക് മാറ്റിയത്. ഈ കേസുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ എങ്ങനെയാണ് ഷോണ്‍ ജോര്‍ജിന് കിട്ടുന്നത് എന്ന് സിഎംആര്‍എല്ലിന്റെ അഭിഭാഷകന്‍ ചോദിച്ചു. ആദായനികുതി വകുപ്പിനടക്കം മറുപടി സമര്‍പ്പിക്കാന്‍ പത്തു ദിവസം കൂടി കോടതി സമയം അനുവദിച്ചു.

◾ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു.

◾ മുഖ്യമന്ത്രി ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണം എന്ന് ബിജെപി നേതവ് പ്രകാശ് ജാവദേക്കര്‍. മുഖ്യമന്ത്രി എവിടെ പോകുന്നു ആരൊയെക്കെ കാണുന്നു എന്നതെല്ലാം രഹസ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോ എന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു. കേരളത്തില്‍ ബിജെപി 5 സീറ്റ് വിജയിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ സിപിഎം നേതാക്കളെല്ലാം വിശ്രമത്തിലാണെന്ന് ടി സിദ്ധീഖ്. ഏഴു ഘട്ടമായുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങള്‍ ബാക്കി നില്‍ക്കുന്നു. പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ചുമതല ലഭിച്ച് പോയി കഴിഞ്ഞു. എന്നാല്‍ സിപിഎം നേതാക്കളെല്ലാം വിശ്രമത്തിലാണെന്നും, അവര്‍ക്ക് ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരെ പോരാട്ടം നയിക്കാന്‍ ഉത്തരേന്ത്യയിലേക്ക് പോയ് കൂടെയെന്നും സിദ്ധീഖ് ചോദിച്ചു.

◾ ആലപ്പുഴ ജില്ലയില്‍ തീവ്രമായ ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇടുക്കിയും വയനാടും ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളില്‍ ഉയര്‍ന്ന താപനിലക്കുള്ള യെലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ചവരെ മിക്കവാറും എല്ലാ ജില്ലകളിലും മഴകിട്ടാനും സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആലപ്പുഴയില്‍ അതികഠിനമായ ചൂട് തുടരുകയാണ്. താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഇത് കണക്കിലെടുത്താണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

◾ മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകു ജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. പനിയടക്കം രോഗ ലക്ഷണം ഉള്ളവര്‍ വൈകാതെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

◾ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും നടത്തുന്ന പ്രതിഷേധത്തില്‍ നാലാംദിവസവും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ ടെസ്റ്റിന് പോലീസ് സംരക്ഷണം തേടാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂളുകാര്‍ വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ആരെങ്കിലും വാഹനവുമായി എത്തിയാല്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം.

◾ കപ്പലുകളെ തകര്‍ക്കുന്ന ബോംബുകള്‍ കണ്ടെത്താനും അവയെ ആശയക്കുഴപ്പത്തിലാക്കി വഴിതിരിക്കാനും കഴിവുള്ള മാരീച് അറെ സംവിധാനം കെല്‍ട്രോണ്‍ നാവികസേനയ്ക്ക് കൈമാറിയെന്ന് മന്ത്രി പി രാജീവ്. 3 എണ്ണമാണ് അരൂരിലെ കെല്‍ട്രോണ്‍ യൂണിറ്റില്‍ നിന്ന് വിശാഖപട്ടണത്തേക്ക് കയറ്റി അയച്ചത്.

◾ ഒരു വക്കീല്‍ ഗുമസ്ഥനൊപ്പം മാത്യു കുഴല്‍നാടന്‍  പ്രാക്ടീസ് ചെയ്യുന്നത്  ഗുണം ചെയ്യുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. മാത്യു നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍,  എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ് ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും വാസവന്‍ ആവശ്യപ്പെട്ടു.

◾ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട്  സ്വദേശി ഹര്‍ഷിന തുടര്‍ചികിത്സക്ക് ക്രൗഡ് ഫണ്ടിങ്ങിന് ഇറങ്ങുന്നു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു സഹായവും പിന്തുണയും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഹര്‍ഷിന പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. പണം സ്വരൂപിക്കാന്‍ ഈ മാസം 15 മുതല്‍ സമര സമിതി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും.

◾ ശശി തരൂര്‍ തിരുവനന്തപുരത്ത് തോറ്റു തുന്നം പാടുമെന്ന് പ്രകാശ് ജാവദേക്കര്‍.   രാജീവ് ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങള്‍ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും അഭിപ്രായപ്പെട്ടു.

◾ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ സ്‌കൂളുകള്‍ക്കും പി.ടി.എ.യ്ക്കും അനുമതി നല്‍കിയത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സിക്ക് മികച്ച വിജയമാണ് സംസ്ഥാനത്ത് ഉണ്ടാകാറുള്ളത്. അധിക ബാച്ചുകളും സീറ്റുകളുടെ മാര്‍ജിനല്‍ വര്‍ദ്ധനവും നേരത്തെ തന്നെ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

◾ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു. ടെക്സസില്‍ പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

◾ കഴക്കൂട്ടത്ത്  ടിപ്പര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ വെട്ടുറോഡിലാണ് അപകടം നടന്നത്.

◾ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. ഇതോടെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലായി. 90 അംഗ നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 42 ആയി കുറഞ്ഞു. ജെജെപി വിമതരുടെ പിന്തുണയോടെയാണ് ബിജെപിഅധികാരത്തില്‍ തുടരുന്നത്. ബിജെപി സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായിട്ടില്ലെന്നും 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായും ബിജെപി രംഗത്തെത്തി.

◾ ദില്ലിയില്‍ ഇന്നലെ നടന്ന ഡെല്‍ഹി കാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം. എഎപിയുടെ വിദ്യാര്‍ത്ഥി യൂണിയനായ ഛത്ര യുവ സംഘര്‍ഷ് സമിതി പ്രവര്‍ത്തകരാണ് കെജ്രിവാളിന്റെ ചിത്രം പതിച്ച മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച് പ്ലകാര്‍ഡുകളും കൈയിലേന്തി പ്രതിഷേധിച്ചത്. മത്സരത്തിനിടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തതായി ദില്ലി പൊലീസ് അറിയിച്ചു.

◾ പ്രജ്വല്‍ രേവണ്ണക്കെതിരായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എച്ച് ഡി കുമാരസ്വാമി. ഇപ്പോള്‍ നടക്കുന്നത് സിദ്ധരാമയ്യ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണമാണ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അന്വേഷണത്തില്‍ ഇടപെടുന്നുണ്ട് എന്നും അദ്ദേഹം വിമര്‍ശിച്ചു. തെളിവുകള്‍ കൊണ്ടുവന്ന ആള്‍ തന്നെ ഡികെ ശിവകുമാര്‍ കേസില്‍ അനാവശ്യ  ഇടപെടലുകള്‍ നടത്തുന്നു എന്ന് പറഞ്ഞിട്ടുണ്ട്. എച്ച്ഡി രേവണ്ണക്കെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍, പലതും കെട്ടിച്ചമയ്ക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.

◾ മുസ്ലീം വിഭാഗത്തിന് പൂര്‍ണ്ണ സംവരണം വേണമെന്ന ലാലുപ്രസാദ് യാദവിന്റെ പ്രസ്താവന ആയുധമാക്കി നരേന്ദ്ര മോദി. ലാലുവിന്റെ പ്രസ്താവന നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്നലത്തെ റാലികളിലാണ് പ്രധാനമന്ത്രി ആയുധമാക്കിയത്. വിവാദത്തെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് തന്റെ പ്രസ്താവന തിരുത്തി.

◾ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്ന സഹോദര പുത്രന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബിഎസ്പി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ആകാശ് ആനന്ദിന് പക്വതയില്ലെന്നാണ് മായാവതി സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചത്. പക്വത വരും വരെ എല്ലാ പദവികളില്‍ നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നു എന്നാണ് മായാവതിയുടെ കുറിപ്പ്. ബിജെപി സര്‍ക്കാരിനെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി താരതമ്യം ചെയ്തുള്ള ആകാശ് ആനന്ദിന്റെ പോസ്റ്റ് അടുത്തിടെ വിവാദമായിരുന്നു.

◾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്. എന്‍സിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ രൂപാലി ചക്കങ്കറിനെതിരെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തിരിക്കുന്നത്. പോളിംഗ് ബൂത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍  പ്രചരിച്ചിരുന്നു.

◾ കര്‍ണാടക ബിജെപി എക്സ് ഹാന്‍ഡിലില്‍ പ്രസിദ്ധീകരിച്ച മുസ്ലീം വിരുദ്ധ വിദ്വേഷ വീഡിയോ ഉടനടി നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് 4 ന് വൈകിട്ട് ആണ് ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ വിദ്വേഷ വീഡിയോ പങ്കുവെച്ചത്.  മതസ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

◾ തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം. പോളിങ് ശതമാനം കൃത്യമായ നല്‍കിയില്ലെന്ന് ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചു. വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിട്ടുണ്ട്. ആദ്യഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് അന്തിമ പോളിങ് കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്.

◾ നിയമംലംഘിച്ചുള്ള തെറ്റിദ്ധാരണജനകമായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളും ഇന്‍ഫ്ലുവെന്‍സര്‍മാരും, പരസ്യനിര്‍മ്മതാക്കളെ പോലെ ഉത്തരവാദികളാണെന്ന് സുപ്രീം കോടതി. പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ക്കും സോഷ്യല്‍മീഡിയാ ഇന്‍ഫ്ലുവെന്‍സര്‍മാര്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം.

◾ പശ്ചിമബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. സര്‍ക്കാര്‍ സ്പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളുകളിലെ 2016-ലെ മുഴുവന്‍ റിക്രൂട്ട്‌മെന്റ് നടപടികളും റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും കോടതി വിമര്‍ശിച്ചു.

◾ റഷ്യന്‍ പ്രസിഡന്റായി വ്‌ളാഡിമിര്‍ പുതിന്‍ അഞ്ചാം തവണയും അധികാരമേറ്റു. മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിന്‍ പാലസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് 71-വയസ്സുകാരനായ പുതിന്‍ വീണ്ടും അധികാരം ഏറ്റെടുത്തത്.

◾ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 20 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 36 പന്തില്‍ 65 റണ്‍സെടുത്ത അഭിഷേക് പോറലിന്റേയും 20 പന്തില്‍ 50 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മഗ്രൂക്കിന്റേയും 20 പന്തില്‍ 41 റണ്‍സെടുത്ത ട്രിസ്റ്റാന്‍ സ്റ്റബ്സിന്റേയും മികവില്‍   221 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒറ്റക്ക് പൊരുതിയെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പതിനാറാം ഓവറില്‍ 46 പന്തില്‍ 86 റണ്‍സുമായി പൊരുതിയ സഞ്ജുവിനെ ടിവി അമ്പയര്‍ മൈക്കല്‍ ഗഫ് തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതായിരുന്നു രാജസ്ഥാന്റെ തോല്‍വിയില്‍ വഴിത്തിരിവായത്. തോറ്റെങ്കിലും 11 കളികളില്‍ 16 പോയന്റുമായി രാജസ്ഥാന്‍ തന്നെയാണ് പോയന്റ് പട്ടികയില്‍ രണ്ടാമത്.

◾ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അതിവേഗം മുന്നേറുമ്പോള്‍ രാജ്യത്തെ കുടുംബങ്ങളുടെ സ്ഥിതി അത്ര മെച്ചമല്ലെന്ന് കണക്കുകള്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യം അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. 2021-22ല്‍ 17.1 ലക്ഷം കോടി രൂപ സമ്പാദ്യമുണ്ടായിരുന്നത് 2022-23ല്‍ 14.2 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതേസമയം ഹ്രസ്വകാല വായ്പകളില്‍ വന്‍ വര്‍ധനയുണ്ടായിട്ടുമുണ്ട്. 2022-23ല്‍ കുടുംബങ്ങളുടെ മൊത്തം സമ്പാദ്യം 29.7 ലക്ഷം കോടിയും സാമ്പത്തിക ബാധ്യകള്‍ 15.6 ലക്ഷം കോടി രൂപയുമാണ്. 2021-22ല്‍ സമ്പാദ്യം 26.1 ലക്ഷം കോടിയും ബാധ്യത 9.0 ലക്ഷം കോടി മാത്രമായിരുന്നു. അതായത് കടബാധ്യത ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ 73 ശതമാനം വര്‍ധിച്ചപ്പോള്‍ സമ്പാദ്യത്തിലുണ്ടായത് 14 ശതമാനം വര്‍ധന മാത്രം. ബാധ്യതകളില്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍, പ്രത്യേകിച്ചും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ളത് 54 ശതമാനം വര്‍ധിച്ചു. 2011-12 മുതലുള്ള ഏറ്റവും ഉയര്‍ന്നതാണിത്. കുടുംബങ്ങളുടെ മൊത്തം വായ്പകളുടെ 76 ശതമാനവും ബാങ്ക് വായ്പകളാണ്. ഭവന വായ്പകളില്‍ ഇക്കാലയളവില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ജി.ഡി.പിയുടെ 7.1 ശതമാനമാണ് ഭവന വായ്പകള്‍. ആളുകളുടെ വേതന വര്‍ധനയിലുണ്ടായ കുറവും ഉയര്‍ന്ന ഉപഭോഗവുമാണ് സാമ്പാദ്യം കുറയ്ക്കുന്നത്. ഇന്ത്യന്‍ കുടുംബങ്ങളുടെ മൊത്തം ആസ്തി 2020-21ല്‍ 22.8 ലക്ഷം കോടി രൂപയായിരുന്നു. 2021-22ല്‍ ഇത് 17 ലക്ഷം കോടിയും 2022-23ല്‍ 13.8ലക്ഷം കോടിയുമാണ്. വാഹന വായപകളില്‍ 2022 ഏപ്രില്‍ മുതല്‍ ഇരട്ടയക്ക വളര്‍ച്ചയുണ്ട്. 2022 സെപ്റ്റംബറിന് ശേഷം 20 ശതമാനത്തിലധികമാണ് വളര്‍ച്ച.

◾ ഓര്‍മ്മയുണ്ടോ ഈ മുഖം, മനോഹരം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ സാദിഖ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അഖില്‍ കാവുങ്കല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനൊപ്പം ഇന്ദ്രന്‍സും അപര്‍ണ ദാസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, നിര്‍മ്മല്‍ പാലാഴി, ബിജു സോപാനം, കലാഭവന്‍ നവാസ്, വിജയകൃഷ്ണന്‍, മീര നായര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം എക്താ പ്രൊഡക്ഷന്‍സിന്റെ തന്നെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജോയ് ഫുള്‍ എന്‍ജോയ് റിലീസിന് തയ്യാറെടുക്കുകയാണ്. ഇതുവരെ പേരിടാത്ത സിനിമയുടെ ചിത്രീകരണം ഉടന്‍തന്നെ ആരംഭിക്കുന്നതാണ്. കോമഡി- എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ‘തങ്കലാന്‍’. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാന്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂണ്‍ 13ന് തങ്കലാന്‍ റിലീസാകുമെന്നാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പാ രഞ്ജിത്താണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത് എന്നതും പ്രതീക്ഷ നല്‍കുന്നതാണ്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന്  ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാന്‍ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

◾ ബിഎംഡബ്ല്യു ഇന്ത്യ എം4 കോമ്പറ്റീഷന്‍ എം എക്സ് ഡ്രൈവ് ബില്‍റ്റ്-അപ്പ് യൂണിറ്റായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.53 കോടി രൂപ (എക്സ് ഷോറൂം) വിലയിലാണ് ബിഎംഡബ്ല്യു എം4 കോംപറ്റീഷന്‍ എം എക്സ് ഡ്രൈവ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഉയര്‍ന്ന പെര്‍ഫോമന്‍സ് കൂപ്പെ ഇപ്പോള്‍ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലോ ബിഎംഡബ്ല്യു ഇന്ത്യയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ വെബ്സൈറ്റിലോ ബുക്ക് ചെയ്യാം. പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, എം ട്വിന്‍പവര്‍ ടര്‍ബോ എസ് 58 ആറ് സിലിണ്ടര്‍ ഇന്‍-ലൈന്‍ പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു എം4 കോമ്പറ്റീഷന്‍ എം എക്സ് ഡ്രൈവിന് കരുത്തേകുന്നത്. ഈ 3.0-ലിറ്റര്‍ എഞ്ചിന്‍ ബിഎംഡബ്ല്യുവിന്റെ എക്സ് ഡ്രൈവ് സിസ്റ്റം ഉപയോഗിച്ച് നാല് ചക്രങ്ങള്‍ക്കും കരുത്ത് പകരുന്നു, കൂടാതെ 530 ബിഎച്പി കരുത്തും 650 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. 8-സ്പീഡ് എം സ്റ്റെപ്‌ട്രോണിക് ട്രാന്‍സ്മിഷന്‍ കാരണം ഇതിന് വെറും 3.5 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ കഴിയും. പെര്‍ഫോമന്‍സ് കൂപ്പെയ്ക്ക് വിവിധ ഡ്രൈവിംഗ് മോഡുകളും ലഭിക്കുന്നു.

◾ പ്രസംഗത്തെ ഒരു കലയായി വീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുസ്തകം എഴുതപ്പെടുന്നത്. കലയുടെ അമരത്വത്തിന് നിദര്‍ശനമായി നിലകൊള്ളുന്ന പ്രഭാഷണത്തിന്റെ ലാവണ്യവഴികളിലേക്ക്, സൗന്ദര്യശാസ്ത്രത്തിലേക്ക് വായനക്കാരെ നയിക്കുന്ന പുസ്തകം. പുതിയ ആശയകാലത്തിന്റെ ദ്വീപുകള്‍ക്കായി വാക്കിന്റെ സമുദ്രങ്ങളിലൂടെയുള്ള തീര്‍ത്ഥാടനം. ‘പ്രസംഗകലയുടെ രസതന്ത്രം’. പി കെ അനില്‍കുമാര്‍. സൈകതം ബുക്സ്. വില 228 രൂപ.

◾ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത് മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകള്‍. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. മനുഷ്യനില്‍ നിന്നും കൊതുകു വഴി മാത്രമേ ഈ രോഗം മറ്റുള്ളവരിലേക്ക് പകരുകയുള്ളു. നേരിട്ടുള്ള ബന്ധം വഴിയോ, ശ്വാസോച്ഛാസം വഴിയോ, തൊടുന്നതു കൊണ്ടോ ഈ രോഗം പകരില്ല. അമ്മയില്‍ നിന്നും കുഞ്ഞിലേക്കു രോഗം പകരുമെന്ന ഭയവും വേണ്ട. 80 ശതമാനം ആളുകളിലും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാതെ അസുഖം വന്നു പോകാറാണ് പതിവ്. 20 ശതമാനം ആള്‍ക്കാരിലേ രോഗലക്ഷണങ്ങള്‍ വരാറുള്ളൂ. എങ്കിലും ജാഗ്രത പാലിക്കണമെന്നും കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്. വെസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നുകളോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts