2023-24 വർഷത്തെ എസ്‌എസ്‌എല്‍സി/ റ്റിഎച്ച്‌എസ്‌എല്‍സി/ എഎച്ച്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാലുമണിക്ക് മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളില്‍ ലഭ്യമാകും.
ഇത്തവണ 4,27,105 വിദ്യാർത്ഥികളാണ് എസ്‌എസ്‌എല്‍സി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവർഷത്തെക്കാള്‍ 7977 വിദ്യാർത്ഥികള്‍ കൂടുതല്‍. 99.7% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.
ഫലം വേഗത്തില്‍ പിആർഡി ലൈവ് ആപ്പിലൂടെ
ഈ വർഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം പിആർഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റർ നമ്ബർ മാത്രം നല്‍കിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക്
റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
എസ്‌എസ്‌എല്‍സി / ഹയർ സെക്കൻഡറി/ വിഎച്ച്‌എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈല്‍ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. എസ്‌എസ്‌എല്‍സിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോർട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈല്‍ ആപ്പിലും’റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.