വയനാട് നെല്ലിയമ്ബം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. നെല്ലിയമ്ബം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുന്‍-നെയാണ് കോടതി ശിക്ഷിച്ചത്.
അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എസ് കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ 24-ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2021 ജൂണ്‍ 10-ന് രാത്രി എട്ടരയോടെയായിരുന്നു കേസിനാസ്പദമായ കുറ്റകൃത്യം നടക്കുന്നത്. പത്മാലയത്തില്‍ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തുവെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
മൂന്നുമാസത്തിനുശേഷം സെപ്റ്റംബർ 17-നാണ് പ്രതി അയല്‍വാസിയായ അർജുൻ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനുള്‍പ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ഡിസംബർ 20-നാണ് കേസിന്റെ വിചാരണ പൂർത്തിയായത്.