തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസിലാണ് അധ്യാപികയ്ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
തമിഴ്നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍ അസി.പ്രൊഫസർ ആയിരുന്ന നിർമല ദേവിയെ ആണ് ശ്രീവില്ലിപുത്തൂരിലെ മഹിളാ കോടതി ശിക്ഷിച്ചത്.
അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍ അസിസ്റ്റൻ പ്രൊഫസറായിരുന്ന നിർമലാ ദേവിക്കെതിരെ 2018ലാണ് നാല് വിദ്യാർത്ഥിനികള്‍ പരാതി നല്‍കിയത്. ചില ഉന്നതർക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കണമെന്നും പകരം പണവും പരീക്ഷയില്‍ ഉയർന്ന മാർക്കും ലഭിക്കുമെന്നും നിർമല പറഞ്ഞെന്നായിരുന്നു ആരോപണം. പിന്നാലെ നിർമല വിദ്യാർത്ഥിനികളുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തിന് പിന്നാലെ നിർമലയെ കോളേജ് സസ്പെൻഡ് ചെയ്തു .
നിർമലയും മധുര കാമരാജ് സർവകലാശാലയില്‍ അസി.പ്രൊഫസർ ആയിരുന്ന മുരുകൻ, ഗവേഷണ വിദ്യാർത്ഥി കറുപ്പുസ്വാമി എന്നിവരും പിന്നാലെ അറസ്റ്റിലായി. 1160 പേജുളള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ശ്രീവില്ലിപുത്തൂരിലെ മഹിളാ കോടതിയില്‍ സമർപ്പിച്ചത്. നിർമല കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി , മറ്റ് 2 പ്രതികളെയും സംശയത്തിന്‍റെ ആനുകൂല്യം നല്‍കി വെറുതെവിട്ടു. നിർമലയ്ക്കെതിരെ ചുമത്തിയ 5 കുറ്റങ്ങളും തെളിഞ്ഞെന്ന് പറഞ്ഞ കോടതി 2,45,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.