HomePoliticsമുന്നണിയില്‍ കടുത്ത അതൃപ്തി, ഇ.പിയുടെ LDF കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും

മുന്നണിയില്‍ കടുത്ത അതൃപ്തി, ഇ.പിയുടെ LDF കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി ജയരാജനെതിരെ കടുത്ത നടപടി ഉണ്ടായേക്കും. തുടർച്ചയായി പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇപിയെ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റാനാണ് സാധ്യത

ഇടതുപക്ഷം ജീവന്മരണപോരാട്ടമായി കരുതുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പുദിവസംതന്നെ ഇടതുകണ്‍വീനർ പ്രതിസന്ധിയുണ്ടാക്കിയതിന്റെ ആഘാതത്തിലാണ് സി.പി.എമ്മും ഇടതുമുന്നണിയും. ഇപിക്കെതിരെ കടുത്ത അമർഷമാണ് മുന്നണിയിലുള്ളത്. അതിനാല്‍ കണ്‍വീനർ സ്ഥാനം ഇപിയ്ക്ക് നഷ്ടമായേക്കും.

വോട്ട് ചെയ്തശേഷം ഇ.പി.ജയരാജന്റെ പേരെടുത്ത് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങള്‍ പാർട്ടി വൃത്തങ്ങളില്‍തന്നെ അമ്ബരപ്പുളവാക്കിയിരുന്നു. മുഖ്യമന്ത്രി തന്നെ വിവാദം തണുപ്പിച്ചെങ്കിലും കേന്ദ്രകമ്മിറ്റിയംഗംകൂടിയായ ഇ.പി.യുടെ കാര്യത്തില്‍ സി.പി.എമ്മില്‍ സംഘടനാപരിശോധന അനിവാര്യമാവും.

ദല്ലാള്‍ നന്ദകുമാറിനൊപ്പമെത്തിയ പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജൻ സംസാരിച്ചെന്ന് വെളിപ്പെട്ട സാഹചര്യത്തില്‍ അറ്റകൈ പ്രയോഗമെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഈ പരസ്യശാസന. അത് ഉചിതമായെന്നും വിവാദം സംബന്ധിച്ച സത്യസ്ഥിതി ബോധ്യപ്പെടാൻ മുഖ്യമന്ത്രിയുടെ പ്രതികരണം സഹായിച്ചുവെന്നും പാർട്ടി വൃത്തങ്ങള്‍ പറയുന്നു.

ഇ.പി.യുടെ വെളിപ്പെടുത്തലിനുശേഷം, വൈകാതെതന്നെ സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നു. സംസ്ഥാന നേതൃത്വത്തില്‍നിന്ന് വിവരങ്ങളും തേടി. നിലവിലെ വിവാദം തത്കാലം മുഖ്യമന്ത്രിയുടെ ആദ്യഘട്ട ശാസനയില്‍ ഒതുങ്ങുമെങ്കിലും വരുംദിവസങ്ങളില്‍ അതെങ്ങനെ വഴിത്തിരിയുമെന്നതിനെ ആശ്രയിച്ചാവും പാർട്ടിയുടെ പരിശോധന. തിരഞ്ഞെടുപ്പുഫലത്തില്‍ തിരിച്ചടിയുണ്ടായാല്‍ അതിന്റെ പഴിയില്‍നിന്ന് ഇ.പി.ക്കു രക്ഷപ്പെടാനാവില്ല. സംസ്ഥാനനേതൃത്വം സ്വീകരിക്കുന്ന സമീപനവും ഇ.പി.യുടെ ഭാവി നിശ്ചയിക്കും.

കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല,കേരളത്തിലെ സി.പി.എം.നേതാക്കളും ബി.ജെ.പി.യില്‍ ചേരാൻ തയ്യാറായി നില്‍ക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാൻ ബി.ജെ.പി.-കോണ്‍ഗ്രസ് നേതാക്കള്‍ ആസൂത്രണം ചെയ്ത പദ്ധതിയായാണ് ശോഭാ സുരേന്ദ്രന്റെയും കെ.സുധാകരന്റെയും ഒരേ സമയത്തുള്ള പ്രതികരണങ്ങളെ സി.പി.എം. കാണുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts