അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കാൻ സാധ്യത കൂടുന്നു. ഇരുവരുടെയും മത്സരത്തിന് തയാറെടുക്കാന് മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് കോണ്‍ഗ്രസ് നേതൃത്വം നിർദേശം നല്‍കി.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇരുവരും പത്രിക നല്‍കിയേക്കും. അതേസമയം, റായ്ബറേലിയില്‍ മത്സരിക്കാനില്ലെന്ന് വരുണ്‍ ഗാന്ധി ബിജെപി നേതൃത്വത്തെ അറിയിച്ചു.
വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ അമേഠി, റായ്ബറേലി സീറ്റുകളിലെ ചർച്ച കോണ്‍ഗ്രസ് സജീവമാക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മത്സരത്തിന് തയ്യാറായി നില്‍ക്കാനാണ് റായ്ബറേലിയിലേയും അമേഠിയിലേയും പ്രവർത്തകർക്ക് കോണ്‍ഗ്രസ് നേതൃത്വം നിർദ്ദേശം നില്‍കിയത്. റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തില്‍ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. എന്നാല്‍ പ്രിയങ്ക ഇവിടെ മത്സരിക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു. മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്. ഔദ്യോഗിക പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കുറച്ച് ദിവസം കൂടി കാത്തിരിക്കൂവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മറുപടി.
വയനാട്ടിലെ ജനങ്ങള്‍ ആവശ്യപ്പെട്ടു രാഹുല്‍ഗാന്ധി മത്സരിച്ചു. ജനങ്ങള്‍ ആവശ്യപ്പെടുന്നിടത്ത് നേതാവ് പോകുമെന്നും ഖർഗെ പറഞ്ഞു. അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ എത്രയോ തവണ മണ്ഡലം മാറിയിട്ടുണ്ടെന്നും ഖർഗെ ചൂണ്ടിക്കാട്ടി. അതേസമയം ദേശീയ നേതൃത്വവും മുതിർന്ന നേതാക്കളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റായ്ബറേലിയില്‍ മത്സരിക്കാനില്ലെന്നാണ് വരുണ്‍ ഗാന്ധി ബിജെപി നേതൃത്വത്തിന് നല്‍കിയ മറുപടി. ഈ സാഹചര്യത്തില്‍ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട ചർച്ചകളിലാണ്. പിലിഭിത്തില്‍ സീറ്റ് നിഷേധിച്ചതില്‍ വരുണ്‍ ഗാന്ധി കടുത്ത അതൃപ്തിയിലാണെങ്കിലും പാർട്ടി വിടില്ലെന്നാണ് നിലവില്‍ സൂചന നല്‍കുന്നത്.
തിരഞ്ഞെടുപ്പ് ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കളെ എഐസിസി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.
അതേസമയം തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുന്‍പ് രാഹുലും പ്രിയങ്കയും അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് വിവരം. മാത്രമല്ല അമേഠിയില്‍ മത്സരിച്ചു ജയിച്ചാല്‍ രാഹുല്‍ വയനാട് മണ്ഡലം ഉപേക്ഷിക്കും. അങ്ങനെ വന്നാല്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും.