HomePolitics'മകന്റെ ഫ്‌ളാറ്റില്‍ വച്ച്‌ ജാവഡേക്കറെ കണ്ടിരുന്നു'; പോളിങ് ദിനത്തില്‍ സ്ഥിരീകരിച്ച്‌ ഇ.പി ജയരാജൻ

‘മകന്റെ ഫ്‌ളാറ്റില്‍ വച്ച്‌ ജാവഡേക്കറെ കണ്ടിരുന്നു’; പോളിങ് ദിനത്തില്‍ സ്ഥിരീകരിച്ച്‌ ഇ.പി ജയരാജൻ

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കർ തന്നെ കണ്ടുവെന്ന് സ്ഥിരീകരിച്ച്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും എല്‍.ഡി.എഫ്.

കണ്‍വീനറുമായ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിലെത്തിയാണ് ജാവദേക്കർ കണ്ടത്. താൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ് കാണാനും പരിചയപ്പെടാനുമായി എത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

‘തിരുവനന്തപുരത്തെ ആക്കുളത്തുള്ള മകന്റെ ഫ്ളാറ്റില്‍ ഞാൻ ഉണ്ടെന്ന് അറിഞ്ഞ് കണ്ട് പരിചയപ്പെടാനായി വന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് മുമ്ബ് അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. മീറ്റിങ്ങുണ്ട് ഞാൻ ഇറങ്ങുകയാണ് നിങ്ങള്‍ ഇവിടെയിരിക്കൂ എന്ന് പറഞ്ഞു. ഞാൻ മകനോട് ചായ കൊടുക്കാൻ പറഞ്ഞു. പക്ഷേ ഒന്നും വേണ്ട ഞാനും ഇറങ്ങുകയാണെന്നും പറഞ്ഞ് ഒപ്പം അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യം പാർട്ടിയെ അറിയിച്ചിട്ടില്ല.’ -പ്രകാശ് ജാവദേക്കറെ കണ്ടതിനെ കുറിച്ച്‌ ഇ.പി. ജയരാജൻ പറഞ്ഞു.

അദ്ദേഹമൊക്കെ പറഞ്ഞാല്‍ ഞാൻ മാറുമോ? ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാല്‍ ഞാൻ അനങ്ങുമെന്നാണോ ധരിച്ചത്? അതിനുള്ള ആളല്ല ജയരാജൻ. ജനകീയനായ എല്‍.ഡി.എഫ്. പ്രവർത്തകനെന്ന നിലയില്‍ പലരും എന്നെ കാണാൻ വരും. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍, ബി.ജെ.പി. നേതാക്കള്‍, മറ്റുപാർട്ടിക്കാർ, വൈദികന്മാർ, മുസ്ലിയാർമാർ, തുടങ്ങി എല്ലാവിഭാഗത്തില്‍ പെട്ടവരും എന്നെ കാണാൻ വരും.’ -ഇ.പി. പറഞ്ഞു.

ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ക്കും ഇ.പി. മറുപടി പറഞ്ഞു. ‘എന്റെ മകനും ശോഭ സുരേന്ദ്രനും തമ്മില്‍ ഒരു ബന്ധവുമില്ല. കൊച്ചിയിലെ ഒരു ഹോട്ടലില്‍ അവനൊരു വിവാഹത്തില്‍ പങ്കെടുക്കാൻ പോയി. അവിടെ വെച്ച്‌ ശോഭ സുരേന്ദ്രൻ അവനോട് നമ്ബർ ചോദിച്ചു. ശോഭ സുരേന്ദ്രനും മോദിയും ചില ബി.ജെ.പി. നേതാക്കളുമുള്ള ഫോട്ടോകള്‍ അവർ മകന്റെ ഫോണിലേക്ക് അയച്ചു. അവരുടെ മെസേജിനോടോ കോളിനോടോ അവൻ പ്രതികരിച്ചില്ല. ഇവരുടെ വഴിയൊന്നും ശരിയല്ലെന്ന് തോന്നിയ അവനത് ക്ലോസ് ചെയ്തു.’ -ഇ.പി. പറഞ്ഞു.

‘ദല്ലാള്‍ പല രാഷ്ട്രീയനേതാക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്. അതിലൊന്നും ഞങ്ങളെ ഭാഗഭാക്കേണ്ട കാര്യമില്ല. ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിക്കില്ല. ഇതൊരു ആസൂത്രിതമായ ഗൂഢാലോചനയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.’ -ജയരാജൻ പറഞ്ഞു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts