പരിശീലനപ്പറക്കലിനിടെ മലേഷ്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകർന്ന് 10 പേർ മരിച്ചു.
പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ ഒമ്ബതരയോടെ (ഇന്ത്യൻ സമയം രാവിലെ ഏഴ് മണി) ലുമുത് നാവിക ആസ്ഥാനത്താണ് സംഭവം. 90-ാമത് നാവിക ദിനാഘോഷ പരേഡിനായി പരിശീലനം നടത്തുകയായിരുന്ന ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ച് തകർന്നത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച റോയല്‍ മലേഷ്യൻ നേവി രണ്ട് ഹെലികോപ്റ്ററുകളിലുമുണ്ടായിരുന്ന മുഴുവൻ സേനാംഗങ്ങളും മരിച്ചതായി അറിയിച്ചു. മൃതദേഹങ്ങള്‍ ലുമുത് നാവിക ആസ്ഥാനത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും സേന അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിക്കുമെന്നും നാവികസേന കൂട്ടിച്ചേർത്തു.
റോയല്‍ മലേഷ്യൻ നേവിയുടെ യൂറോകോപ്റ്റർ AS555SN ഫെനാക്, അഗസ്റ്റ-വെസ്റ്റ്ലാൻഡ് എ.ഡബ്ല്യു-139 എന്നീ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍ പെട്ടത്. കൂട്ടിയിടിക്ക് ശേഷം അഗസ്റ്റ-വെസ്റ്റ്ലാൻഡ് എ.ഡബ്ല്യു-139 ഹെലികോപ്റ്റർ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിന്റെ ഇരിപ്പിടത്തിലേക്കും യൂറോകോപ്റ്റർ AS555SN ഫെനാക് സമീപത്തെ നീന്തല്‍ക്കുളത്തിലേക്കുമാണ് തകർന്നുവീണത്. യൂറോകോപ്റ്ററില്‍ മൂന്നുപേരും അഗസ്റ്റയില്‍ ഏഴുപേരുമാണ് ഉണ്ടായിരുന്നതെന്നും മലേഷ്യൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
അപകടത്തില്‍ മരിച്ച നാവികസേനാംഗങ്ങളുടെ കുടുംബങ്ങളോട് മലേഷ്യൻ രാജാവ് സുല്‍ത്താൻ ഇബ്രാഹിം അനുശോചനമറിയിച്ചു. രാജ്യത്തിന്റെ ധീരനായകരുടെ വേർപാടില്‍ താൻ അതീവദുഃഖിതനാണെന്നും അദ്ദേഹം അറിയിച്ചു.