തലസ്ഥാനത്ത് പിറന്നാള്‍ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തില്‍ നാലുപേർക്ക് കുത്തേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി കഴക്കൂട്ടത്തെ ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്ബുലിപ്പാട് ജിനോ (36), കല്ലമ്ബലം ഞാറയില്‍ കോളം കരിമ്ബുവിള വീട്ടില്‍ അനസ് (22) എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഷാലു, സൂരജ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഷാലുവിന് ശ്വാസകോശത്തിലും സൂരജിന് കരളിനുമാണ് കുത്തേറ്റത്. ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. ഇവർ അപകടനില തരണംചെയ്തു എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്താണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലുള്ള തർക്കമാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യംചെയ്യാനും നീക്കമുണ്ട്.
കഴക്കൂട്ടത്തും പരിസരത്തും അക്രമിസംഘങ്ങള്‍ തേർവാഴ്ച പതിവായിരുന്നു. എന്നാല്‍ പൊലീസ് നടപടി കടുപ്പിച്ചതോടെ ഇവരുടെ ശല്യം കുറഞ്ഞിരിക്കുകയായിരുന്നു. പ്രദേശത്ത് ലഹരി മരുന്ന് വില്പനയും വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. ടെക്നോപാർക്കിലെ വിവിധ കമ്ബനികളുടെ ജീവനക്കാരാണ് ലഹരിസംഘങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍. യുവതികളും പെണ്‍കുട്ടികളും ഇതില്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തേ ചില ലഹരിവില്പനക്കാരെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ ഇവർ വെറും വില്പനക്കാർ മാത്രമാണെന്നും തലവന്മാർ ഉന്നതരുടെ ഒത്താശയോടെ വിലസുകയുമാണെന്നാണ് നാട്ടുകാർ പറയുന്നത്.