HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (21/04/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (21/04/2024) 

പ്രഭാത വാർത്തകൾ

Published-2024 -ഏപ്രിൽ -21 -ഞായർ മേടം -8 

◾ കേരളത്തിലെ മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ മാത്രം ആക്രമിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി  പ്രിയങ്ക ഗാന്ധി. ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. ബിജെപിക്കൊപ്പം നിന്നാണ് പിണറായി തന്റെ സഹോദരനെ ആക്രമിക്കുന്നതെന്നും കോടികളുമായി പിടിയിലായ ബിജെപി നേതാവിനെതിരെയും നടപടിയില്ലെന്നും പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ പ്രിയങ്കാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍  പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന്  പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

◾ സംസ്ഥാനത്ത് ഇടതു തരംഗമാണെന്നും വടകര ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടാനാകാത്ത വിധത്തില്‍ ഉയര്‍ന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശൈലജയുടെ സ്വീകാര്യത വര്‍ധിച്ചതോടെ എതിരാളികള്‍ തെറ്റായ മാര്‍ഗത്തില്‍ നേരിടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഇതവരെ കൂടുതല്‍ ഒറ്റപ്പെടുത്തുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്നും കെ കെ ശൈലജ. വീഡിയോ നുണപ്രചരങ്ങള്‍ നടക്കുന്നുണ്ട്, പക്ഷേ താനന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണെന്ന് ശൈലജ പറഞ്ഞു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിനെല്ലാം പിന്നില്‍ ഒരു സംഘമുണ്ടെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ശൈലജ വ്യക്തമാക്കി.

◾ അശ്ലീല വീഡിയോയുടെ നിര്‍മാണം കെ കെ ശൈലജ  നിഷേധിച്ച സ്ഥിതിക്ക്, ഇത്രയും ദിവസം ആര്‍ക്കുനേരെയാണ് രൂക്ഷമായ വ്യക്തിഹത്യ ഉണ്ടായതെന്ന് സി.പി.എമ്മും സ്ഥാനാര്‍ഥിയും തുറന്നുപറയണമെന്ന്  ഷാഫി പറമ്പില്‍. വീഡിയോയുടെ പേര് പറഞ്ഞ് തനിക്കും കൂടെയുള്ളവര്‍കുമെതിരെ ഇത്രയും ദിവസങ്ങള്‍  പോസ്റ്റ് ഇട്ടവരും നെടുങ്കന്‍ പ്രസ്താവനകള്‍ എഴുതിയവരും തിരുത്താന്‍ തയ്യാറാവുമോയെന്നും സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകുമോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

◾ മോര്‍ഫിങ് വീഡിയോ വിവാദത്തില്‍ വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജ നുണ പറഞ്ഞ് തിരഞ്ഞെടുപ്പില്‍ സഹതാപതരംഗം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന  അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. നാല് വോട്ടിന് വേണ്ടി കെ.കെ. ശൈലജ പച്ചക്കള്ളമാണ് പറയുന്നതെന്നും എങ്കിലും ടീച്ചറെന്നേ തങ്ങള്‍ വിളിക്കൂവെന്നും രാഹുല്‍ പരിഹസിച്ചു. 

◾ നിലവാരമില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ എഴുതി തരുന്നത് വായിക്കുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധി ആലോചിക്കണമായിരുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന്‍. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് ലോക്കപ്പിലിട്ട് തല്ലിച്ചതച്ചപ്പോള്‍ അചഞ്ചലനായി നിന്ന പിണറായിയെയാണ് ജയില്‍ കാട്ടി പേടിപ്പിക്കുന്നത്. സംഘപരിവാര്‍ മനസാണ് രാഹുല്‍ ഗാന്ധിയില്‍ പ്രകടമാകുന്നതെന്നും ജയരാജന്‍ പറഞ്ഞു.

◾ സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങി എന്ന് പറഞ്ഞ വി ഡി സതീശനെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും, സതീശന്‍ പെരുംനുണയനാണെന്നും മന്ത്രി വി ശിവന്‍കുട്ടി. ബിജെപിക്കൊപ്പം ഇലക്ടറല്‍ ബോണ്ട് വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ നേതാവാണ് സുപ്രീംകോടതിയില്‍ ഇലക്ടറല്‍ ബോണ്ടിനെതിരായി നിയമപ്പോരാട്ടം നടത്തുകയും വിജയിക്കുകയും ചെയ്ത സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്ന് നുണ പറയുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

◾ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിന്‍മേല്‍ വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് നോട്ടീസ് നല്‍കി. വടകര വഖഫ് ഭൂമിയില്‍ ‘ഈദ് വിത്ത് ഷാഫി’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനെ സംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. ഷാഫി പറമ്പില്‍ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും, മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

◾ കോഴിക്കോട് പെരുവയലില്‍ വീട്ടിലെ വോട്ടിന്റെ ഭാഗമായി ആളുമാറി വോട്ട് ചെയ്യിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ മാവൂര്‍ പൊലീസ് കേസെടുത്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍ , ബിഎല്‍ഒ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ വരണാധികാരിയായ ജില്ലാ കളക്ടര്‍ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പെരുവയല്‍ 84 നമ്പര്‍ ബൂത്തില്‍ 91കാരി പായംപുറത്ത് ജാനകിയമ്മയുടെ വോട്ട് 80കാരിയായ കോടശ്ശേരി ജാനകിയമ്മ എന്നയാളുടെ പേരില്‍ വീട്ടിലെത്തി മാറ്റി ചെയ്യിക്കുകയായിരുന്നു.

◾ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി ‘എ എസ് ഡി മോണിട്ടര്‍ സിഇഒ കേരള’ എന്ന ആപ്പ് എന്‍ഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചിട്ടുണ്ടെന്നും ഈ ആപ്പ് വഴി ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കഴിയുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.

◾ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റ  അമ്മ സുപ്രീം കോടതിയെ സമീപിച്ചു.  നാല് പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിചാരണക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. സൗമ്യയുടെഅമ്മ നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും.

◾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന്   വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ,   നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയെന്ന് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. 

◾ ബിജെപി സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും വിമര്‍ശിക്കുന്നതിന് പകരം, രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാഹുല്‍ ഗാന്ധി എന്ന നേതാവിനെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുകയാണ് കേരള മുഖ്യമന്ത്രിയെന്ന്  ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്.  രാജ്യം രക്ഷപ്പെടണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കാന്‍ രാജ്യം മുഴുവന്‍ യാത്രനടത്തി ജനങ്ങളിലേക്കിറങ്ങിയ നേതാവിനെയാണ് അവഹേളിച്ച് സംസാരിക്കുന്നത് എന്നും രമ്യ കുറ്റപ്പെടുത്തി.

◾ കോണ്‍ഗ്രസ് നേതാവും വയനാട് ഡിസിസി ജനറല്‍സെക്രട്ടറിയുമായ പി എം സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നു. അഞ്ച് വര്‍ഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താല്‍ വയനാട് നശിച്ചു പോകുമെന്നു പറഞ്ഞ പി എം സുധാകരന്‍  അമേഠിയില്‍ മത്സരിക്കില്ലെന്ന് വയനാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കാന്‍ രാഹുല്‍ തയാറാണോയെന്നും ചോദിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിയായ തനിക്ക് പോലും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുല്‍ ഗാന്ധിയെന്നുള്ള വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് സുധാകരന്റെ കൂടുമാറ്റം.

◾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയ്ക്കും, അഗ്നിരക്ഷാസേനാ മേധാവി കെ. പത്മകുമാറിനും എതിരേ കേസ്. ക്രൈം പത്രാധിപര്‍ നന്ദകുമാറിന്റെ പരാതിയില്‍ മോഷണക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ഇരുവര്‍കുമെതിരെ  കേസ് എടുത്തിരിക്കുന്നത് . മേയ് 31-ന് ഹാജരാകാന്‍ പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു.

◾ സിനിമാ നിര്‍മാതാക്കളും പിവിആര്‍ ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. വെര്‍ച്വല്‍ ഫീയെ ചൊല്ലിയായയിരുന്നു തര്‍ക്കം. ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ധാരണയിലെത്തി. ഏപ്രില്‍ 11ന് റിലീസ് ചെയ്ത മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകള്‍ മുടങ്ങിയിരുന്നു. സിനിമയുടെ പ്രൊജക്ഷന്‍ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കം മൂലമായിരുന്നു പിവിആര്‍ സ്‌ക്രീനുകളില്‍ മലയാളചിത്രങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവച്ചത്.

◾ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പത്തുജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24-ാം തീയതി വരെ ഉയര്‍ന്ന താപനില ഉണ്ടാകും. എന്നാല്‍ ചിലയിടങ്ങളില്‍ വേനല്‍ മഴ തുടരും. ഉച്ചയ്ക്കുശേഷം മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റും മോശം കാലാവസ്ഥയും അനുഭവപ്പെടും. കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ, കെ കെ ഹര്‍ഷീനയ്ക്ക് അടുത്ത മാസം അഞ്ചാമത്തെ ശസ്ത്രക്രിയ. തുടര്‍ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. വയറിനുള്ളില്‍ വീണ്ടും കൊഴുപ്പ് അടിഞ്ഞു കൂടി. ഇത് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ.

◾ വീടിന്റെ ജപ്തി നടപടിക്കിടെ നെടുങ്കണ്ടത്ത് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ഷീബ ദിലീപ് ആണ് മരിച്ചത്. ജപ്തി നടപടിക്കിടെ ഇവര്‍ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.  ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് സിവില്‍ പൊലീസുദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു.

◾ ചട്ടം ലംഘിച്ച് പോളിംഗ് സ്റ്റേഷനില്‍ ആള്‍ക്കൂട്ടത്തെ എത്തിച്ചുവെന്നാരോപിച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ ചെന്നൈയില്‍ പരാതി. ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തമിഴക വെട്രി കഴകം രൂപീകരിച്ച ശേഷം ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെയാണ് വിജയ് റഷ്യയില്‍ നിന്നെത്തിയത്. വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധകരുടേയും പ്രവര്‍ത്തകരുടേയും അകമ്പടിയോടെയാണ് ബൂത്തിലേക്ക് അദ്ദേഹം എത്തിയത്.

◾ വോട്ടിങ് ശതമാനം കുറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചര്‍ച്ചയാകുന്നു. ഉത്തരേന്ത്യയിലടക്കം തെരഞ്ഞെടുപ്പ് തരംഗമാകത്തതിന്റെ ആശങ്കയിലാണ് ബിജെപി നേതൃത്വം. അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നത്. 

◾ ബംഗാളില്‍ സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എ ഐ യുവതി. വാര്‍ത്താ അവതാരകയായ സമത എന്ന് പേരിട്ട എഐ സുന്ദരിയെയാണ് അവര്‍ അവതരിപ്പിച്ചത്. ഫേസ്ബുക്ക്ലും , യൂട്യുബിലും ബിജെപിയുടെയും ടിഎംസിയുടെയും ദുഷ്പ്രവൃത്തികള്‍ ഉയര്‍ത്തിക്കാട്ടുകയാണ് സമതയുടെ ലക്ഷ്യമെന്ന് സിപിഎം പറഞ്ഞു.

◾ ദൂരദര്‍ശന്‍ ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയ നടപടി ഞെട്ടിപ്പിക്കുന്നതും നിയവിരുദ്ധവും അധാര്‍മികവുമാണെന്നും ആ തീരുമാനം തിരുത്തണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ദൂരദര്‍ശന്‍ ലോഗോയുടെ നിറം കാവിയാക്കി മാറ്റിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്.  ബിജെപിക്ക് വേണ്ടി ദൂരദര്‍ശനെ മാറ്റിയിരിക്കുന്നുവെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടു.

◾ കര്‍ണാടകയില്‍ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ  തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു. കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രിഡി കെ ശിവകുമാര്‍, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര എന്നിവര്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തത്.

◾ ഒഡിഷയിലെ മഹാനദിയില്‍ ബോട്ട് അപകടത്തില്‍ ഏഴ് മരണം. വെള്ളിയാഴ്ച ജാര്‍സുഗുഡ ജില്ലയില്‍, 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിയുകയായിരുന്നു. ഇന്നലെ രാവിലെ ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും അധികൃതര്‍ അറിയിച്ചു. യാത്രാമധ്യേ, ബോട്ട് കലങ്ങിയ വെള്ളത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

◾ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന ഇലോണ്‍ മസ്‌ക്, ചില തിരക്കുകള്‍ കാരണം സന്ദര്‍ശനം മാറ്റി എന്നാണ് അറിയിച്ചത്.

◾ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മാറ്റിവച്ചത് ഇന്ത്യയിലെ മാറ്റത്തിന്റെ സൂചന കണ്ടാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ്. ഇലോണ്‍ മസ്‌ക് വൈകാതെ ഇന്ത്യയിലെത്തുമെന്നും ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജയ്റാം രമേശ് പറഞ്ഞു.

◾ എന്‍.ഡി.എയില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് ക്ലീന്‍ചിറ്റ് കിട്ടിയിട്ടില്ലെന്നും നേരത്തേയും അഴിമതിക്കാരനായിരുന്നില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. പ്രതിപക്ഷത്തിരുന്നപ്പോള്‍ താന്‍ അവര്‍ക്ക് അഴിമതിക്കാരന്‍ ആയിരുന്നില്ല എന്നും അദ്ദേഹം വിമര്‍ശിച്ചു.

◾ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ താരങ്ങളുടെ പോരാട്ടം നയിച്ച ഇന്ത്യന്‍ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടി. ഏഷ്യന്‍ യോഗ്യത ചാമ്പ്യന്‍ഷിപ്പിലെ 50 കിലോ വിഭാഗത്തില്‍, കസാഖിസ്ഥാന്‍  താരത്തെ തോല്‍പ്പിച്ചാണ് വിനേഷിന്റെ മുന്നേറ്റം. മൂന്ന് ഒളിമ്പിക്‌സുകള്‍ക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിത ഗുസ്തി താരം ആണ് വിനേഷ്.

◾ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 67 റണ്‍സിന്റെ വമ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 32 പന്തില്‍ 89 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റെയും 12 പന്തില്‍ 46 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 29 പന്തില്‍ 59 റണ്‍സെടുത്ത ഷഹ്ബാസ് അഹ്‌മ്മദിന്റേയും കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 18 പന്തില്‍ 65 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും 19.1 ഓവറില്‍ 199 റണ്‍സെടുക്കാനേ ഡല്‍ഹിക്ക് സാധിച്ചുള്ളു.

◾ റിലയന്‍സിനു കീഴിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്  2023-24 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ ആറ് ശതമാനം വളര്‍ച്ചയോടെ 311 കോടി രൂപ ലാഭം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ലാഭം 294 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം മുന്‍ പാദത്തിലെ 414 കോടി രൂപയില്‍ നിന്ന് 418 കോടി രൂപയായി. മാര്‍ച്ച് പാദത്തിലെ മൊത്തം ചെലവ് 98 കോടി രൂപയില്‍ നിന്ന് നേരിയ തോതില്‍ ഉയര്‍ന്ന് 103 കോടി രൂപയായി. കമ്പനിയുടെ പലിശ വരുമാനം മൂന്നാം പാദത്തിലെ 269 കോടി രൂപയില്‍ നിന്ന് 280 കോടി രൂപയും ഉയര്‍ന്നു. 2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ലാഭം പല മടങ്ങ് വര്‍ധിച്ച് 31 കോടി രൂപയില്‍ നിന്ന് 1,604 കോടി രൂപയായി. വ്യക്തിഗത വായ്പ, ഉപഭോക്തൃ വായ്പ, ബിസിനസ് വായ്പ, ഇന്‍ഷ്വറന്‍സ്, പേയ്‌മെന്റ് സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന സ്ഥാപമാണ് ജിയോഫിന്‍. ഈ ആഴ്ച ആദ്യം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്കുമായി ബ്രോക്കിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ് ബിസിനസ് തുടങ്ങാന്‍ കരാര്‍ ഒപ്പുവച്ചതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ധനകാര്യ വിഭാഗത്തെ വേര്‍പെടുത്തി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് രൂപം കൊടുത്തത്. നിലവില്‍ 2.35 ലക്ഷം കോടി രൂപയാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണി മൂല്യം.

◾ തെന്നിന്ത്യയില്‍ തരംഗമായി മാറിയ ചിദംബരം ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു. 200 കോടി നേട്ടവുമായി മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ്. മെയ് 3 നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിരവധി കേന്ദ്രങ്ങളില്‍ ഹൗസ്ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. 200 കോടി നേട്ടത്തിന് പുറമെ എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്സ്. 2006ല്‍ എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്തു നിന്നും 11 യുവാക്കള്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാള്‍ ഗുണ കേവ്സില്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തില്‍ ഇതുവരെയിറങ്ങിയ സര്‍വൈവല്‍- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

◾ അടുത്തിടെ ഇന്ത്യയില്‍ സര്‍പ്രൈസ് ഹിറ്റായ ചിത്രമാണ് ഹനുമാന്‍. കെ നിരഞ്ജന്‍ റെഡ്ഡി ആണ് ചിത്രം നിര്‍മിച്ചത്. കെ നിരഞ്ജന്‍ റെഡ്ഡിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഡാര്‍ലിംഗ്’ എന്ന പേരിട്ട് അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. പ്രഭാസ് നായകനായ ഒരു ഹിറ്റ് ചിത്രമായ ഡാര്‍ലിംഗ് പ്രേക്ഷകരുടെ മനസില്‍ എന്നും നിലനില്‍ക്കുന്ന ഒന്നാണ്. അതേ പേരില്‍ വീണ്ടും ഒരു ചിത്രം നഭാ നടേഷും പ്രിയദര്‍ശിയും പ്രധാന വേഷങ്ങളിലായി എത്തുമ്പോള്‍ അതിനും ഒരു കൗതുകമുണ്ട്. പ്രണയത്തിനും ചിരിക്കും പ്രാധാന്യം നല്‍കിയിട്ടുളള ചിത്രമായിരിക്കും ഡാര്‍ലിംഗ്. സംവിധാനം നിര്‍വഹിക്കുന്നത് അശ്വിന്‍ റാമാണ്. വമ്പന്‍മാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമായ ഹനുമാന്‍ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തേജ സജ്ജ നായകനായ ഹനുമാന്‍ സിനിമ ഒരുക്കിയത് ചെറിയ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിരുന്നു. ഒരു എപ്പിക് സൂപ്പര്‍ ഹീറോ ചിത്രമായിട്ടായിരുന്നു തേജ സജ്ജയുടെ ഹനുമാന്‍ പ്രദര്‍ശനത്തിനെത്തിയത്.

◾ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയില്‍ നിന്നുള്ള 6/7 സീറ്റര്‍ എസ്യുവിയായ ഹ്യൂണ്ടായ് അല്‍കാസറിന് ഡിസ്‌കൗണ്ട് വാഗ്ദാന ചെയ്ത് കമ്പനി. വാഹനത്തിന് നിലവില്‍ 55,000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ഓഫറുകള്‍ ഈ ബാധകമാണ്. ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രീ-ഫേസ്ലിഫ്റ്റ് പതിപ്പില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയില്‍ നിന്ന് പ്രയോജനം നേടാം. നിലവിലെ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്ത മോഡല്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. വരാനിരിക്കുന്ന മോഡലിന് മുന്നോടിയായി നിലവിലെ സ്റ്റോക്ക് വിറ്റുതീക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ ഡിസ്‌കൗകണ്ട് ഓഫറുകള്‍ രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളെയും നഗരത്തെയും സ്റ്റോക്കിനെയും മറ്റും ആശ്രയിച്ചിരിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. പുതിയ 2024 ഹ്യുണ്ടായ് അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റ് 1.5 എല്‍ ടര്‍ബോ പെട്രോള്‍, 1.5 എല്‍ ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം യഥാക്രമം 160 ബിഎച്ച്പിയും 115 ബിഎച്ച്പിയും പവര്‍ നല്‍കും. രണ്ട് മോട്ടോറുകളും ബിഎസ് 6 സ്റ്റേജ് കക എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് പാലിക്കുന്നു. വാങ്ങുന്നവര്‍ക്ക് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചോയ്‌സുകള്‍ ലഭിക്കും.

◾ തിരുവനന്തപുരത്ത് പൊന്മുടി താഴ് വരയിലുള്ള കല്ലാര്‍ നദിയില്‍ അണകെട്ടാനുള്ള തീരുമാനത്തിനെതിരെ നടന്ന ധീര സത്യഗ്രഹ സമരത്തിന്റെ കഥയാണിത്.ഓര്‍മ്മകളുടെ ഒഴുക്കാണ് ഈ പുസ്തകത്തെ നയിക്കുന്നതെങ്കിലും ഇതൊരു ഓര്‍മ്മക്കുറിപ്പല്ല. ഇതൊരു ചരിത്രപുസ്തകമാണ്; പൊതുധാരയില്‍ പെടാതെ പോകുന്ന, ജീവന്‍ തുടിക്കുന്ന ഒരു ചരിത്രഗാഥയുടെ രക്തത്തുടിപ്പുള്ള ആഖ്യാനം. ‘കല്ലാര്‍ സംരക്ഷണ സമര ചരിത്രം’. ഡോ എന്‍ ഗോപിനാഥന്‍ നായര്‍. സൈന്‍ ബുക്സ്. വില 228 രൂപ.

◾ പലര്‍ക്കും നല്ല ഉറക്കം എന്നത് ഒരു സ്വപ്നമായി മാറിയിരിക്കുകയാണ്. ഉറക്കം കിട്ടാന്‍ മരുന്നുകളെ ആശ്രയിക്കുന്ന ഒരു വലിയ വിഭാഗവുമുണ്ട്. നല്ല ഉറക്കത്തിന് അത്രയ്ക്കൊന്നും പോകേണ്ടന്നാണ് ഐസ്ലാന്‍ഡിലെ റെയ്ക്ജാവിക് സര്‍വകലാശാല ഗവേഷകര്‍ പറയുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഒരു മണിക്കൂറോ അതിലധികമോ വ്യായാമം ചെയ്യുന്നത് നല്ല ഉറക്കത്തിന് സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഒന്‍പത് യൂറോപ്യന്‍ രാജ്യങ്ങളിലെ 21 വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള 4399 പേരിലാണ് പഠനം നടത്തിയത്. 10 വര്‍ഷം നീണ്ട പഠനത്തില്‍ ഇവരുടെ ശാരീരിക വ്യായാമത്തിന്റെ ദൈര്‍ഘ്യം, ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങള്‍, രാത്രിയിലെ ഉറക്കസമയം, പകലുറക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 25 ശതമാനം പേര്‍ സജീവമായ ജീവിതശൈലി പിന്തുടരുന്നവരായിരുന്നു. ആഴ്ചയില്‍ കുറഞ്ഞത് രണ്ടോ മൂന്നോ ദിവസം ഒരു മണിക്കൂറോ അതിലധികമോ വ്യായാമം ചെയ്യുന്നവരെയാണ് സജീവ ജീവിതശൈലിയുള്ളവരായി കണക്കാക്കിയത്. 18 ശതമാനം പേര്‍ പഠനകാലയളവില്‍ സജീവമാകുകയും 20 ശതമാനം പേര്‍ പഠനകാലയളവില്‍ സജീവമല്ലാതാകുകയും ചെയ്തു. 37 ശതമാനം പേര്‍ പഠനത്തിന് മുന്‍പും ശേഷവുമെല്ലാം സജീവമല്ലാത്ത ജീവിതശൈലി പിന്തുടരുന്നവരായിരുന്നു. സ്ഥിരമായി വ്യായാമം ചെയ്തവര്‍ക്ക് രാത്രിയില്‍ ഉറക്കമില്ലായ്മ തോന്നാനുള്ള സാധ്യത 42 ശതമാനം കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഇവര്‍ക്ക് ഇന്‍സോംനിയ ലക്ഷണങ്ങള്‍ വരാനുള്ള സാധ്യതയും 22 ശതമാനം കുറവായിരുന്നു. സജീവജീവിതശൈലി നയിച്ചവര്‍ രാത്രിയില്‍ ആറ് മണിക്കൂര്‍ മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ സുഖമായി ഉറങ്ങുന്നതായും ഗവേഷകര്‍ കണ്ടെത്തി. ബിഎംജെ ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts