ഗഡക് ജില്ലയില്‍ ബെടഗെരി നഗരസഭ വൈസ് ചെയർമാൻ സുനന്ദ ബകലെയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തില്‍ നാലു പേർ കൊല്ലപ്പെട്ടു.
സുനന്ദയുടെ മകൻ കാർത്തിക് ബകലെ(27), ബന്ധുക്കളായ പരശുരാമ(55), ഭാര്യ ലക്ഷ്മി (45), മകള്‍ അനക്ഷ(16) എന്നിവരാണ് മരിച്ചത്.
മുൻ വാതിലില്‍ മുട്ടിയ ശേഷം വീടിന്റെ ബാല്‍ക്കണി വഴിയാണ് അക്രമികള്‍ കയറിയതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ബി.എസ്.നെമ ഗൗഡ പറഞ്ഞു. കാർത്തിക്കിന്റെ വിവാഹ നിശ്ചയത്തിന് അതിഥികളായി എത്തിയ ബന്ധുക്കള്‍ വീടിന്റെ ഒന്നാം നിലയില്‍ ഉറങ്ങുകയായിരുന്നു. താഴത്തെ നിലയില്‍ കിടന്ന കാർത്തിക് മുകളില്‍ നിന്ന് നിലവിളി കേട്ട് ചെന്നപ്പോഴാണ് അക്രമികള്‍ കൊലപ്പെടുത്തിയത്.
വൈസ് ചെയർമാനും ഭർത്താവ് പ്രകാശ് ബകലെയും ഉറങ്ങിയ മുറിയുടെ വാതിലിലും അക്രമികള്‍ മുട്ടിയെങ്കിലും പുറത്തെ ബഹളം അറിഞ്ഞതിനാല്‍ വാതില്‍ തുറക്കാതെ പൊലീസിനെ വിളിക്കുകയായിരുന്നു. ഇത് മനസിലാക്കിയ അക്രമികള്‍ രക്ഷപ്പെട്ടു.
കൊല്ലപ്പെട്ട ലക്ഷ്മിയുടെ ജന്മദിനവും അക്രമം നടന്ന വീട്ടില്‍ ആഘോഷിച്ചിരുന്നു. സംഭവസ്ഥലം നിയമ പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീല്‍ സന്ദർശിച്ച് അനുശോചനം അറിയിച്ചു.