HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (20/04/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (20/04/2024) 

പ്രഭാത വാർത്തകൾ

Published-20/APRIL/24-ശനി- മേടം-7

◾ പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം. പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ഒരാനയെയും ഏതാനും മേളക്കാരെയും മാത്രം കടത്തിവിട്ടതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് തിരുവമ്പാടി ദേവസ്വം ആരോപിക്കുന്നത്.

◾ രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ  ഒന്നാം ഘട്ട വോട്ടിങില്‍ 62.37 ശതമാനം പോളിംഗ്. ത്രിപുരയില്‍ 80.17 ഉം, പശ്ചിമ ബംഗാളില്‍ 77 ഉം, തമിഴ്‌നാട്ടില്‍ 62ഉം രാജസ്ഥാനില്‍ 50 ശതമാനവുമാണ്  പോളിംഗ്. ബിഹാറില്‍ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്

 .

◾ കോണ്‍ഗ്രസിനായി വോട്ട് ചെയ്തിട്ട് തിരുവനന്തപുരത്തുകാര്‍ക്ക് കിട്ടിയത് വട്ടപ്പൂജ്യമാണെന്നും ശശി തരൂരിന് ഇനി വിശ്രമം കൊടുക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളക്കടത്തിന്റെ തിരക്കിലാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ.  തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ വികസനം ഉറപ്പാണെന്ന് പറഞ്ഞ അദ്ദേഹം ‘ഇന്‍ഡി’ സഖ്യം അഴിമതിക്കാരെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നും വിമര്‍ശിച്ചു.

◾ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അഴിമതി കേസുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ഇന്ത്യയിലെ 26 രാഷ്ട്രീയ നേതാക്കളാണെന്നും പിണറായി വിജയന്‍ ഇതില്‍ ഇരുപത്തിയേഴാമനാണെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര. കേരളത്തില്‍ ബിജെപിയും സിപിഎമ്മും ഒരുമിച്ച് യുഗ്മഗാനം ആലപിക്കുകയാണെന്നും ബിജെപിയുടെ താളത്തിന് തുള്ളുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണക്കള്ളക്കടത്ത് കേസിലും എസ്എന്‍സി ലാവ്ലിന്‍ കേസിലും പുലര്‍ത്തുന്ന മൃദുസമീപനം ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

◾ ബിജെപിക്കാര്‍ രാഹുല്‍ ഗാന്ധിയെ വിളിച്ചിരുന്ന പരിഹാസപ്പേര് നരേന്ദ്ര മോദിയുടെ തോളില്‍ കയ്യിട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിളിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുലിന്റെ പഴയ പേരു വിളിക്കാന്‍ ഇടവരുത്തരുതെന്നു പിണറായി വിജയന്‍ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പറഞ്ഞതിനു മറുപടി പറയുകയായിരുന്നു സതീശന്‍. കേരളത്തില്‍ ബിജെപിയുടെ മൗത്ത്പീസാണ് പിണറായി വിജയനെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു.

◾ വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.  കണ്ണൂര്‍ കല്യാശ്ശേരിയില്‍  92 വയസ്സുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ,   ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

സംഭവത്തില്‍ റിപോളിംഗ് സാധ്യമല്ലെന്നും വോട്ട് അസാധുവാക്കുമെന്നും ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നപൗരന്മാര്‍ക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍, തിരഞ്ഞെടുപ്പിന്റെ  അന്തസ്സ്‌കാത്തുസൂക്ഷിക്കുന്ന വിധം  ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

◾ ജെസ്ന തിരോധാന കേസില്‍ കോടതിയില്‍ വിശദീകരണം നല്‍കി സിബിഐ. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. ജെസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴിയില്‍, വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്.

◾ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍.  യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ത്ഥം പ്രിയങ്കാ ഗാന്ധി ഇന്ന് രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍  ദില്ലിയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചേരും.  12.15ന്  ബെന്നി ബെഹനാന്‍ മത്സരിക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം വൈകുന്നേരം 3.30 മുതല്‍ 4.50 വരെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. 24 ന് രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും പ്രിയങ്ക പ്രചരണത്തിന് ഇറങ്ങും.

◾ അഭയാര്‍ത്ഥികളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം സ്വീകരിക്കുന്ന നടപടികള്‍ പരിഷ്‌കൃത ലോകത്തിന് അംഗീകരിക്കാനാവില്ല. ബിജെപി സര്‍ക്കാറിന്റെ ഭേദഗതി മതാടിസ്ഥാനത്തിലെ പൗരത്വമാണ്. ഇതില്‍ മുസ്ളീം അടക്കമുള്ള വിഭാഗങ്ങളെ ഒഴിവാക്കിയത് ലോകം അംഗീകരിക്കില്ല. അമേരിക്ക പോലും സിഎഎയെ അപലപിച്ചുവെന്നും മുഖ്യമന്ത്രി വിശദമാക്കി. കോഴിക്കോട് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

◾ വണ്ടൂരിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുസ്ലിം ലീഗ് കൊടി ഉപയോഗിക്കുന്നതിനെ ചൊല്ലി കെ എസ് യു എം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ശേഷമാണു പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. എംഎസ്എഫ് പ്രവര്‍ത്തകരാണ് മുസ്ലിം ലീഗ് കൊടി പ്രചാരണ പരിപാടിയില്‍ ഉയര്‍ത്തിയത്. ഇത് കെഎസ്യു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായതെന്നും പിന്നീട് യുഡിഎഫ് നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ 

◾ എളമരം കരീമിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നല്‍കിയ വീഡിയോയ്ക്ക് എതിരെ പരാതിയുമായി യുഡിഎഫ്. കോണ്‍ഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് പോകുമെന്ന സൂചന നല്‍കുന്ന  രീതിയില്‍,   ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ മാതൃകയില്‍ ‘കാലു മാറുന്നവര്‍ക്ക് വോട്ട് ചെയ്യണോ ‘എന്ന ചോദ്യത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്.  യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്.

◾ മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി.   എന്താണ് ഇതിലൂടെ  യുഡിഎഫ് ലക്ഷ്യമിടുന്നത്?  ഇത് ബിജെപിയെ സഹായിക്കുന്ന നിലപാടാണ്. യുഡിഎഫ് നിലപാട് അപലപനീയമാണെന്നും അദ്ദേഹം പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞു.

◾ രാഹുല്‍ ഗാന്ധിയുടെ  പ്രസംഗത്തെ വിമര്‍ശിച്ച് എം.വി.ഗോവിന്ദന്‍. ഇന്ത്യ മുന്നണിയെ പിന്നില്‍ നിന്ന് കുത്തുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചത്. സംഘപരിവാറിനൊപ്പമാണ് താനെന്ന് തെളിയിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ കണ്ണൂര്‍ പ്രസംഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ മുഖ്യമന്ത്രി പിണറായി വിജയനെ  ജയിലിലടക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന, അങ്ങേയറ്റം അപലപനീയവും അപക്വവുമെന്ന്  വി ശിവന്‍കുട്ടി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡി ചോദ്യം ചെയ്തവരാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. ഈ ചോദ്യത്തിലൂടെ  അരവിന്ദ് കേജ്രിവാളിന്റെയും ഹേമന്ത് സോറന്റെയും അറസ്റ്റിനെ രാഹുല്‍ ഗാന്ധി ശരിവെയ്ക്കുകയാണ്. ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായ്പ്പോഴും രാഹുല്‍ ഗാന്ധി പുലര്‍ത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പിണറായി വിജയന്‍ അത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല .പിണറായി ഇത്രത്തോളം തരം താഴാന്‍ പാടില്ല. മോദിയെ സുഖിപ്പിക്കാന്‍ നടത്തിയ മോശം പരാമര്‍ശത്തോടൊപ്പമുള്ള കൊഞ്ഞനം കുത്തല്‍ ആരോചകമായിപ്പോയി.  രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി  നടത്തിയ അധിക്ഷേപം മാപ്പ് ആര്‍ഹിക്കാത്ത കുറ്റമാണെന്നും ഇതിന് മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഗവേഷക വിദ്യാര്‍ത്ഥി രാമദാസിനെ രാജ്യവിരുദ്ധ പ്രവര്‍ത്തി ആരോപിച്ച് രണ്ടു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു. പ്രോഗസ്സീവ് സ്റ്റുഡന്റ് ഫോറത്തിന്റെ ഭാരവാഹിയായിരുന്നു രാമദാസ്. ദില്ലിയില്‍ നടന്ന സംയുക്ത വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. രാമദാസ് ക്യാമ്പസില്‍ അച്ചടക്ക ലംഘനം കാണിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ആരോപിച്ചു. സസ്പെന്‍ഷന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാമദാസ് വ്യക്തമാക്കി.

◾ പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ എടത്വ, ചെറുതന പഞ്ചായത്തുകളില്‍ ഇന്നലെ വൈകുന്നേരം വരെ 17,280 താറാവുകളെ  കൊന്നു മറവുചെയ്തു. പക്ഷികളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായശേഷം പ്രത്യേക സംഘമെത്തി ഇന്ന് അണുനശീകരണവും കോമ്പിങ്ങും നടത്തും.

◾ കോയമ്പത്തൂരില്‍  ബിജെപി അനുകൂലികളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. പല ബൂത്തിലും 25 വോട്ട് വരെ ഒഴിവാക്കി. തമിഴ് ജനത ഇന്ത്യ മുന്നണിയെ തള്ളിക്കളഞ്ഞതായാണ് വോട്ടെടുപ്പ് അവസാനിച്ച ശേഷം അണ്ണാമലൈ പോസ്റ്റിട്ടത്.

◾ നാഗാലാന്‍ഡില്‍  ഏക ലോക്‌സഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആരും വോട്ട് ചെയ്തില്ല.  ആറു ജില്ലകളില്‍ നിന്നും ഒറ്റയാള്‍ പോലും വോട്ട് ചെയ്യാനായി എത്തിച്ചേര്‍ന്നില്ല. ആറ് ജില്ലകളെയും ഒരുമിപ്പിച്ച് പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് ആളുകള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ (ENPO) മേഖലയിലെ ആറ് ജില്ലകളിലെ ജനങ്ങളോട് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ  പോളിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്  ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

◾ ജയിലിനകത്തു വച്ചു മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇ ഡി ആരോപണം തെറ്റാണെന്ന് അരവിന്ദ് കെജ്രിവാള്‍.  48 തവണ വീട്ടില്‍ പാകംചെയ്ത ഭക്ഷണം ജയിലില്‍ എത്തിച്ചു. മൂന്ന് തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്ന് കെജ്രിവാള്‍ ദില്ലി റൗസ് അവന്യു കോടതിയെ അറിയിച്ചു. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു മാധ്യമ വിചാരണയ്ക്കാണ് ഇഡി ശ്രമിക്കുന്നതെന്ന് കെജരിവാള്‍ വാദിച്ചു.

◾ അമിത് ഷാ  ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്ന്  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍ കെ അദ്വാനി പ്രതിനിധീകരിച്ച മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനാകുന്നതില്‍ അഭിമാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗാന്ധിനഗറിലെ വോട്ടറാണെന്നും അമിത് ഷാ പറഞ്ഞു. മെയ് ഏഴിനാണ് ഗുജറാത്തിലെ വോട്ടെടുപ്പ്.

◾ ദുബായില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് 48 മണിക്കൂര്‍ നിയന്ത്രണം. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിച്ച നിയന്ത്രണം നാളെ ഉച്ചയ്ക്ക് 12 മണി വരെ ഉണ്ടായിരിക്കും  . മഴക്കെടുതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. എയര്‍ ഇന്ത്യ താല്‍ക്കാലികമായി ദുബായിലേക്കുള്ള ഫ്ലൈറ്റ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി തടസ്സപ്പെടുന്നതിനാലാണ് എയര്‍ ഇന്ത്യ ഈ തീരുമാനം എടുത്തിരിക്കുന്നത്.

◾ ഫിലിപ്പീന്‍സിന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ കൈമാറി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ 2022-ല്‍ ഒപ്പുവെച്ച 375 മില്യണ്‍ ഡോളര്‍ കരാറിന്റെ ഭാഗമായാണ് ഈ കൈമാറ്റം. ഇന്ത്യന്‍ വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഫിലീപ്പീന്‍സ് മറൈന്‍ കോര്‍പ്‌സിന്  കൈമാറാനുള്ള മിസൈലുകള്‍ അയച്ചത്.

◾ ഐഎസ്എല്‍ പ്ലേ ഓഫില്‍ ഒഡീഷ എഫ് സിക്കെതിരെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക തോറ്റ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്ത്. 67-ാം മിനിറ്റില്‍ ലീഡ് എടുത്തശേഷം അവസാന മൂന്ന് മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈമില്‍ നേടിയ ഗോളിലൂടെ തകര്‍ത്താണ് ഒഡീഷ സെമിയിലെത്തിയത്.

◾ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എട്ട് വിക്കറ്റിന്റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍105 റണ്‍സ് മാത്രമുണ്ടായിരുന്ന ചെന്നൈ രവീന്ദ്ര ജഡേജയുടേയും മൊയിന്‍ അലിയുടേയും മഹേന്ദ്രസിംഗ് ധോണിയുടേയും പ്രകടനത്തോടെ അവസാന അഞ്ചോവറില്‍ 71 റണ്‍സടിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ  53 പന്തില്‍ 82 റണ്‍സടിച്ച കെ.എല്‍.രാഹുലിന്റെ മികവില്‍ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

◾ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ അഞ്ചുമാസം മാത്രം പ്രായമുള്ള കൊച്ചുമകന് ലാഭവിഹിതമായി ലഭിക്കുക 4.20 കോടി രൂപ. അടുത്തിടെയാണ് കൊച്ചുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് നാരായണ മൂര്‍ത്തി 15 ലക്ഷം ഓഹരികള്‍ സമ്മാനമായി നല്‍കിയത്. വ്യാഴാഴ്ച ചേര്‍ന്ന ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് 2024 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരി ഒന്നിന് 20 രൂപ ലാഭവിഹിതവും എട്ടു രൂപ പ്രത്യേക ലാഭവിഹിതവും നല്‍കാനാണ് തീരുമാനിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് ഏകാഗ്രയ്ക്ക് 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികളാണ് നാരായണ മൂര്‍ത്തി സമ്മാനിച്ചത്. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായ ഓഹരി ഉടമയായി ഏകാഗ്ര മാറി. വാര്‍ഷിക പൊതുയോഗത്തിനും അന്തിമ ഡിവിഡന്റും പ്രത്യേക ഡിവിഡന്റും നല്‍കുന്നതിനുമുള്ള റെക്കോര്‍ഡ് തീയതി മെയ് 31 ആണ്. ലാഭവിഹിതം ജൂലൈ 1 ന് നല്‍കുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു. നാരായണ മൂര്‍ത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടേയും മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. നാരായണ മൂര്‍ത്തിയുടെ ആദ്യത്തെ രണ്ട് പേരക്കുട്ടികള്‍ മകള്‍ അക്ഷതാ മൂര്‍ത്തിയുടെയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെയും മക്കളായ കൃഷ്ണയും അനൗഷ്‌കയുമാണ്. ഡിസംബര്‍ പാദത്തിലെ കണക്കനുസരിച്ച് അക്ഷതയ്ക്ക് ഇന്‍ഫോസിസില്‍ 1.05 ഓഹരികളും സുധാ മൂര്‍ത്തിയ്ക്ക് 0.93 ശതമാനം ഓഹരികളും രോഹന് 1.64 ശതമാനം ഓഹരികളുമാണുള്ളത്. 1981ലാണ് എന്‍.ആര്‍ നാരായണ മൂര്‍ത്തി മറ്റ് ആറ് പേരുമായി ചേര്‍ന്ന് ഇന്‍ഫോസിസിന് തുടക്കം കുറിച്ചത്. 5.80 ലക്ഷം കോടിയാണ് ഇന്‍ഫോസിസിന്റെ ഇന്നത്തെ വിപണി മൂല്യം.

◾ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍, സജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ‘ഗോളം’ എന്ന ചിത്രം മെയ് 24 ന് പ്രദര്‍ശനത്തിനെത്തുന്നു. സസ്പെന്‍സ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ഗോളം നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്നു. മൈക്ക്, ഖല്‍ബ് എന്നീ ചിത്രങ്ങള്‍ക്ക്  ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോളത്തില്‍ ദിലീഷ് പോത്തന്‍, സിദ്ദിഖ്, അലന്‍സിയര്‍, ചിന്നു ചാന്ദിനി തുടങ്ങിയ പ്രധാനതാരങ്ങള്‍ക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നു. പ്രവീണ്‍ വിശ്വനാഥും സംജാദും ചേര്‍ന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2023 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന  ചലച്ചിത്ര പുരസ്‌കാരം (സൗദി വെള്ളക്ക, നെയ്മര്‍)സ്വന്തമാക്കിയ മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നത്. സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് ഗോളത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. നെയ്മര്‍, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമിഷ് താനൂര്‍ ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു. ഉദയ് രാമചന്ദ്രന്‍  എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ഗോളത്തില്‍ ആദ്യമായി എബി സാല്‍വിന്‍ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു.

◾ നാനി നായകനായി വേഷമിട്ട ഹിറ്റ് ചിത്രമാണ് ‘ജേഴ്സി’. സംവിധാനം നിര്‍വഹിച്ചത് ഗൗതമാണ്. ജേഴ്സി വീണ്ടും റിലീസ് ചെയ്യുകയാണ്. ഏപ്രില്‍ 20ന് നാനിയുടെ ജേഴ്സി തിയറ്ററുകളില്‍ വീണ്ടും എത്തും. തെലുങ്ക് നടന്‍ നാനിയുടെ പുതിയ ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നാനി 33 എന്നാണ് വിശേഷണപ്പേര്. സംവിധാനം നിര്‍വഹിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. ദസറ എന്ന വന്‍ ഹിറ്റിന്റെ സംവിധായകന്‍ ശ്രീകാന്ത് ഒഡേലയുടെ പുതിയ ഒരു ചിത്രത്തിലും നാനി നായകനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി അവതരിപ്പിച്ചത് ‘ധരണി’യെയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് ‘വെണ്ണേല’ എന്ന നായികാ വേഷത്തില്‍ ‘ദസറ’യിലെത്തി. നാനി നായകനായി വേഷമിട്ട പ്രദര്‍ശനത്തിനെത്തിയ ചിത്രം ഹായ് നാണ്ണായും അടുത്തിടെ ഹിറ്റായിരുന്നു. മൃണാള്‍ താക്കൂറാണ് നാനി നായകനായ ചിത്രത്തില്‍ നായികയായത്.

◾ ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയ ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടുവാറെഗ് 660 അവതരിപ്പിച്ചു. 18.85 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില മുതല്‍ 19.16 ലക്ഷം രൂപ വരെയാണ് അപ്രീലിയ ടുവാരെഗ് 660 ഇന്ത്യയില്‍ അവതരിപ്പിച്ചത്.  ടുവാറെഗ്  660-ന്റെ അട്രെയിഡ്സ് ബ്ലാക്ക്, കാന്യോണ്‍ സാന്‍ഡ് കളര്‍ വേരിയന്റുകള്‍ക്ക് 18.85 ലക്ഷം രൂപയും ഡാകര്‍ പോഡിയം ലിവറിക്ക് 19.16 ലക്ഷം രൂപയുമാണ് വില. സിബിയു വഴിയാണ് അപ്രീലിയ ടുവാറെഗ് 660 ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ശക്തമായ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 80എച്പി കരുത്തും 70 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ലിക്വിഡ് കൂള്‍ഡ്, 659 സിസി, പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഈ യൂണിറ്റ്. ഇരട്ട സിലിണ്ടര്‍ സാഹസിക ബൈക്കാണെങ്കിലും, 18 ലിറ്റര്‍ ഇന്ധന ടാങ്കില്‍ 204 കിലോഗ്രാം ഭാരമുള്ളതിനാല്‍ താരതമ്യേന ഭാരം കുറവാണ്. എന്നിരുന്നാലും, അതിന്റെ ഉയരമുള്ള സീറ്റ് ഉയരം കുറഞ്ഞ റൈഡര്‍മാര്‍ക്ക് ഇത് വെല്ലുവിളി ഉയര്‍ത്തിയേക്കാം. 860 എംഎം ആണ് ഇതിന്റെ സീറ്റ് ഉയരം.

◾ ചെറിയ കച്ചവടങ്ങള്‍ ഉണ്ടാകുന്നതും പുതിയ ജീവതശൈലി രൂപപ്പെടുന്നതും മഹാമാരികള്‍ ഉണ്ടാകുന്നതും ഓര്‍മ്മകളില്‍ നിന്നു കോരിയെടുക്കുമ്പോള്‍ ഊഷ്മളമായ നാട്ടുജീവിതത്തിന്റെ അടരുകളാണ് ഒന്നൊന്നായി തെളിയുന്നത്. ‘കുന്നംകുളങ്ങര ഒരു ദേശത്തിന്റെ കഥ’. വി കെ ശ്രീരാമന്‍. മനോരമ ബുക്സ്. വില 230 രൂപ.

◾ അതിതീവ്ര ചൂട് മുതിര്‍ന്നവരെക്കാള്‍ ഏറ്റവും ബാധിക്കുക കുട്ടികളെയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ ജലാംശം ശരീരം പുറന്തള്ളുന്നത് കുട്ടികളില്‍ പെട്ടന്ന് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ വിയര്‍പ്പ് ഗ്രന്ഥികള്‍ പൂര്‍ണമായും വികസിച്ചിട്ടില്ലാത്തതിനാല്‍ ശരീരതാപം നിയന്ത്രിക്കുന്നതിലും പ്രതിസന്ധിയുണ്ടാകാനിടയുണ്ട്. കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൂടുതലായതിനാല്‍ കുട്ടികളുടെ ശരീരം ചൂടു കൂടുതല്‍ ആഗിരണം ചെയ്യും. നിര്‍ജ്ജലീകരണം തടയുന്നതിന് വെള്ളം നന്നായി കുടിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. പുറത്തു പോകുമ്പോള്‍ എപ്പോഴും കുപ്പില്‍ വെള്ളം കരുതുക. കാര്‍ബോണേറ്റഡ് പാനീയങ്ങളും മധുരം കൂടിയതുമായി ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ കുട്ടികളെ അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക. ഇന്‍ഡോര്‍ കളികള്‍ പ്രോത്സാഹിപ്പിക്കുക. പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. ചൂട് എക്സ്പോഷര്‍ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും അവയുടെ ലക്ഷണങ്ങളെ കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കുക. തലവേദന, ശ്വാസതടസം, തലകറക്കം തുടങ്ങിയ കാര്യങ്ങള്‍ അനുഭവപ്പെട്ടാല്‍ വൈദ്യ സഹായം തേടാന്‍ മറക്കരുത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts