ബിസിനസ് തർക്കത്തെത്തുടർന്ന് ആഡംബര കാറിന് യുവാവ് തീയിട്ടു. ഹൈദരാബാദിലെ യൂസ്ഡ് കാർ ഡീലറായ നീരജിന്റെ ലംബോർഗിനി കാറാണ് നടുറോഡിലിട്ട് കത്തിച്ചത്.
സംഭവത്തില്‍ നഗരത്തിലെ മറ്റൊരു യൂസ്ഡ് കാർ ഡീലറായ അഹമ്മദിനെതിരേ പോലീസ് കേസെടുത്തു.
യൂസ്ഡ് കാർ ഡീലർമാരായ നീരജും അഹമ്മദും തമ്മില്‍ നേരത്തെ ബിസിനസ് വൈരം നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്. കാർ വില്‍പ്പന നടത്തിയതിന്റെ കമ്മിഷൻ പങ്കുവെയ്ക്കുന്നതിനെച്ചൊല്ലിയാണ് ഇരുവർക്കുമിടയില്‍ തർക്കം നിലനിന്നിരുന്നത്.
ശനിയാഴ്ച രണ്ടുപേരും ഇക്കാര്യം സംസാരിക്കാനായി ഹൈദരാബാദിലെ പഹദിഷെരീഫിലെത്തി. തുടർന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനുപിന്നാലെ അഹമ്മദ് നീരജിന്റെ ഉടമസ്ഥതയിലുള്ള ലംബോർഗിനി കാറിന് തീയിടുകയുമായിരുന്നു. അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു.