HomeUncategorizedഡോക്ടറുടെ അനാവശ്യ സ്തന പരിശോധന; ലൈംഗിക പീഡന പരാതിയുമായി സ്ത്രീകള്‍

ഡോക്ടറുടെ അനാവശ്യ സ്തന പരിശോധന; ലൈംഗിക പീഡന പരാതിയുമായി സ്ത്രീകള്‍

യുഎസില്‍ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി 200ലധികം സ്ത്രീകളും പുരുഷന്‍മാരും. മസാച്ചുസെറ്റ്‌സ് കോടതിയിലാണ് ഇവര്‍ പരാതി സമര്‍പ്പിച്ചത്.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പരിശോധനയുടെ പേരില്‍ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തുകയാണെന്നാണ് പരാതിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഡോ. ഡെറിക് ടോഡിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. രോഗികളെ അനാവശ്യ സ്തന പരിശോധനയ്ക്കും വൃഷണ പരിശോധനയ്ക്കും ഇയാള്‍ വിധേയമാക്കി വരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഡോക്ടറായി സേവനമനുഷ്ടിച്ച വ്യക്തിയാണ് ടോഡ്. 2010 മുതലാണ് ഇയാള്‍ രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതെന്നാണ് പരാതിയിലുയരുന്ന ആരോപണം.ബ്രിഗാം ഹോസ്പിറ്റല്‍ അധികൃതരും ചാള്‍സ് റിവര്‍ മെഡിക്കല്‍ അസോസിയേറ്റ്‌സിലെ അധികൃതരും ഈ അതിക്രമത്തെ കുറിച്ച്‌ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ അവ തടയുന്നതിനാവശ്യമായ നടപടികള്‍ എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.

”എങ്ങനെയാണ് ഇത്രയധികം ആളുകള്‍ വന്നുപോകുന്ന ഒരു ആശുപത്രിയില്‍ വെച്ച്‌ ഇത്തരം അതിക്രമം ചെയ്യാന്‍ സാധിച്ചത് എന്നാണ് എനിക്ക് മനസിലാകാത്തത്. ഇതില്‍ എന്തൊക്കെയോ ഗൂഢാലോചന നടന്നിട്ടുണ്ട്. അല്ലെങ്കില്‍ ഇത്രയധികം നാള്‍ ഈ കൃത്യം തുടരാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല,’ പരാതിക്കാരെ പ്രതിനിധീകരിക്കുന്ന ബോസ്റ്റണിലെ ലൂബന്‍ മേയര്‍ സംഘടന വക്താവ് വില്യം തോംസണ്‍ പറഞ്ഞു. വിഷയത്തില്‍ മാധ്യമ വിചാരണയ്ക്ക് ടോഡ് തയ്യാറല്ലെന്നും കേസ് സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കുമെന്നും ടോഡിന്റെ 

അഭിഭാഷകന്‍ പറഞ്ഞു.

2023 ഏപ്രിലില്‍ ബ്രിഗാം ആന്‍ഡ് വുമന്‍സ് ആശുപത്രിയില്‍ ടോഡിനെതിരെ ചില അജ്ഞാത പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സ്ത്രീക സഹായികളില്ലാതെ ഇത്തരം പരിശോധനകള്‍ താന്‍ ഒറ്റയ്ക്ക് നടത്താറില്ലെന്നായിരുന്നു അന്ന് ടോഡ് പറഞ്ഞത്. തുടര്‍ന്ന് ജൂണില്‍ അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയും ഒരുമാസത്തിന് ശേഷം ടോഡിനെ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിടുകയുമായിരുന്നു. ഇക്കാര്യം പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെയും ബോര്‍ഡ് ഓഫ് രജിസ്‌ട്രേഷന്‍ ഇന്‍ മെഡിസിനേയും അറിയിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് ടോഡിന്റെ മെഡിക്കല്‍ പരിശീലനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ബോര്‍ഡ് ഓഫ് രജിസ്‌ട്രേഷന്‍ ഇന്‍ മെഡിസിനും രംഗത്തെത്തി. 2023 സെപ്റ്റംബറിലായിരുന്നു ഇത്. ടോഡിനെതിരെ ക്രിമിനല്‍ കുറ്റമൊന്നും ചുമത്തിയിരുന്നില്ല. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി നിരവധി രോഗികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ”ടോഡിനെതിരെ ഉയരുന്ന ആരോപണങ്ങളിലും അദ്ദേഹം ചെയ്ത പ്രവര്‍ത്തിയിലും ഞങ്ങള്‍ അസ്വസ്ഥരാണ്. രോഗികളെ പരിചരിക്കാനും അവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,” ആശുപത്രി അധികൃതര്‍ പറഞ്ഞു.

ടോഡിന്റെ പെരുമാറ്റം സംബന്ധിച്ച ഇത്തരം പരാതികള്‍ തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിരുന്നില്ലെന്ന് ചാള്‍സ് റിവര്‍ മെഡിക്കല്‍ അസോസിയേറ്റ്‌സ് അറിയിച്ചു. ” ഈ ആരോപണങ്ങളില്‍ ഞങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥരാണ്. പരാതി നല്‍കാന്‍ രോഗികള്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു,” ചാള്‍സ് റിവര്‍ മെഡിക്കല്‍ അസോസിയേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കൗമാരക്കാര്‍ മുതല്‍ അറുപത് വയസ്സ് പ്രായമുള്ള സ്ത്രീകള്‍ വരെ ഈ അതിക്രമത്തിന് വിധേയരായിട്ടുണ്ടെന്ന് വില്യം തോംസണ്‍ പറഞ്ഞു. രോഗികളുടെ വിശ്വാസം കൈയ്യിലെടുത്താണ് ഇയാള്‍ അനാവശ്യ പരിശോധനകളിലേക്ക് കടക്കുന്നതെന്നും തോംസണ്‍ പറഞ്ഞു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts